കാട്ടാക്കട: ”ഞാറ്റ് പാടത്തെ പെണ്ണേ, താഴ്ത്തി നട്ടോളിന് പെണ്ണേ…” കാല് നൂറ്റാണ്ടിന് ശേഷം കാട്ടാക്കട കിള്ളി മുളയ്ക്കല്‍ പാടത്ത് ഞാറ്റ് പാട്ടിന്റെ താളം മുഴങ്ങി. പാടത്തിറങ്ങി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. രാജേഷും ദക്ഷിണമേഖലാ സെക്രട്ടറി മുക്കംപാലമൂട് ബിജുവും പാട്ടുകാര്‍ക്കൊപ്പം കൂടി. പാട്ടിന്റെ താളത്തിനൊപ്പം ഞാറുനട്ട് അവരും മുന്നോട്ട് നീങ്ങി.
ഒരേക്കറോളം വരുന്ന പാടത്താണ് ബിജെപി കിള്ളി വാര്‍ഡ് കമ്മറ്റി നെല്‍ക്കൃഷി തുടങ്ങിയത്. പണ്ട് നെല്ലു വിളഞ്ഞ പാടമായിരുന്നു ഇത്. കൃഷി നിലച്ച് കാടുമൂടിയ പാടം തരിശായിട്ട് കാല് നൂറ്റാണ്ട്. ഒരു കാലത്ത് കൊയ്ത്തുപാട്ടിന്റെ ഈണം കേട്ട ഏലായില്‍ വീണ്ടുമത് മുഴങ്ങി കേള്‍ക്കണമെന്ന് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ ആഗ്രഹിച്ചു. പിന്നെ വൈകിയില്ല. പാര്‍ട്ടിയിലെ യുവനിര നിലമൊരുക്കി. കഴിഞ്ഞ ദിവസം ഞാറുനട്ടു. വിലയ്ക്ക് വാങ്ങിയ ഉമ നെല്‍വിത്തുകള്‍ പാകി കിളിര്‍പ്പിച്ച ശേഷം ഞാറ്റുകെട്ടുകളാക്കിയാണ് പാടത്തെത്തിച്ചത്.
ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കിളളി കണ്ണന്, ജില്ലാ കമ്മറ്റിയംഗം രതീഷ്, കര്‍ഷകമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് അശോകന്, മഹിളാ മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സരിത, ബിജെപി വാര്‍ഡ് പ്രസിഡന്റ് വിനോദ്, ബിനു തുടങ്ങി ഇരുപതോളം പ്രവര്‍ത്തകരാണ് കാര്‍ഷികസമൃദ്ധിക്കായി മുളയ്ക്കല്‍ പാടത്ത് വിയര്‍പ്പൊഴുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: