തിരുവല്ല: കൊറോണ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലെത്തിനില്‍ക്കെ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് വൈകും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ സ്കൂളുകള്‍ തുറക്കാനാകൂ.
അടുത്ത മാസത്തോടെ രോഗവ്യാപനം മൂര്‍ദ്ധന്യത്തിലെത്താന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഓണത്തിന് മുമ്പായി സ്കൂളുകള്‍ തുറക്കാന്‍ സാധ്യത കാണുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. സ്കൂള്‍ തുറന്നില്ലെങ്കിലും ഓണ്‍ലൈനില്‍ പരീക്ഷ നടത്തുന്നത് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നു. ഗുണനിലവാര പരിശോധന സമിതിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. ഈ നിര്‍ദ്ദേശം അപ്രായോഗികമാണെങ്കില്‍ ഓണപരീക്ഷ ഉപേക്ഷിക്കും.
ഇതിനിടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുമാസം പിന്നിട്ടപ്പോള്‍ സ്കൂളുകള്‍ സ്വന്തം നിലയ്ക്ക് ക്ലാസ് പരീക്ഷകള്‍ ഓണ്‍ലൈനിലൂടെ നടത്താന്‍ തുടങ്ങി. എന്നാല്‍ ക്ലാസ് പരീക്ഷ നടത്തുന്ന ലാഘവത്തോടെ അര്‍ദ്ധവാര്‍ഷിക പരീക്ഷ നടത്താന്‍ കഴിയില്ലെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു. പരീക്ഷ ഓണ്‍ലൈനില്‍ നടത്താനാണ് തീരുമാനമെങ്കില്‍ ഇതിനായി പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും.
ഓണ്‍ലൈന്‍ ക്ലാസ് തുടരുകയാണെങ്കില്‍ സിലബസും വെട്ടിച്ചുരുക്കും. സിബിഎസ്ഇ സിലബസ് വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ ക്ലാസ് തുടരുന്നതും സിലബസ് പരിഷ്ക്കരണവും ചര്‍ച്ച ചെയ്യാന്‍ ഗുണനിലവാര പരിശോധന സമിതി ഉടന്‍ യോഗം ചേരും.
അതേസമയം, ഓണ്‍ലൈന്‍ പഠനം അപ്രാപ്യമായ മേഖലകളിലെ കുട്ടികളുടെ പഠന പ്രതിസന്ധിക്ക് ഇനിയും പരിഹാരമായിട്ടില്ല. വൈദ്യുതിയും ഇന്റര്‍നെറ്റ് കണക്ഷനുമില്ലാത്ത മലയോര മേഖലകളില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ മാര്‍ഗ്ഗമില്ല. പത്തനംതിട്ട ജില്ലയുടെ വനമേഖലയില്‍ വൈദ്യുതി എത്തിക്കുന്നത് വനം വകുപ്പ് എതിര്‍ത്തതോടെ വനവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനം മുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: