തൃശൂര്‍: ഞായറാഴ്ച ചരിഞ്ഞ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കൊമ്പന് തൃപ്രയാര്‍ രാമചന്ദ്രന് സാംസ്കാരിക നഗരി വിട നല്കി. വടക്കുന്നാഥന് ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള കൊക്കര്‍ണി പറമ്പിലെ ബോര്‍ഡിന്റെ ആന പന്തിയില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നിരവധി ആനപ്രേമികളെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജഡം കോടനാട്ടെത്തിച്ച് സംസ്കരിച്ചു. ഏറെ നാളുകളായി എരണ്ടക്കെട്ട് ഉള്‍പ്പടെ വിവിധ അസുഖങ്ങളുമായി നിന്നിരുന്ന രാമചന്ദ്രന് നാലു ദിവസം മുമ്പാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് ഡോ. ഗിരിദാസിന്റെ നേതൃത്വത്തില്‍ ചികിത്സ ഉണ്ടായിരുന്നെങ്കിലും വീഴുകയായിരുന്നു. എന്നാല്‍ വീണിടത്ത് കിടന്നും പട്ട എടുത്തിരുന്നെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് ആന പ്രേമികളെ ദുഃഖത്തിലാക്കി രാമചന്ദ്രന് വിടപറഞ്ഞത്.
കാഴ്ച്ചയില്‍ വലിയ പ്രത്യേകതകളൊന്നമില്ല, എന്നാല്‍ ചിട്ടകളില്‍ കണിശക്കാരനായിരുന്നു രാമചന്ദ്രന്. ഒമ്പതടിയിലേറെ ഉയരമുള്ള രാമചന്ദ്രന് കേരളത്തിലെ നിരവധി ഉത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് വീണ്ടെടുത്ത കൊമ്പ്, പിരിവില്ലാത്ത വാല്, മികച്ച തലക്കുന്നി, നിലത്തിഴയുന്ന തുമ്പി അങ്ങനെ പ്രത്യേകതകള്‍ ഏറെ. തൃശൂരിലെ മരക്കച്ചവടക്കാരനായിരുന്ന ഇ.ഡി. വറീതിന്റെ ലക്ഷ്മി എന്ന പിടിയാന നാട്ടില്‍ പ്രസവിച്ചതാണ് രാമചന്ദ്രനെ. കൊടുങ്ങല്ലൂര്‍ സ്വദേശി കെ.ജി. ഭാസ്കരനാണ് അഞ്ചാം വയസില്‍ രാമനെ തൃപ്രയാര്‍ തേവര്‍ക്ക് നടയിരുത്തുന്നത്.
തൃപ്രയാര്‍ ക്ഷേത്രത്തിലെ ബലരാമന്റെ വിയോഗത്തോടെ അവിടെ പ്രധാന ചുമതലക്കാരനായിരുന്നു രാമചന്ദ്രന്. അങ്ങനെ ആന പ്രേമികളുടെ ഇഷ്ടക്കാരനായി മാറി രാമചന്ദ്രന്. തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ടിന് പാറമേക്കാവ് വിഭാഗത്തിന്റെ തിടമ്പേന്തി പന്തലില്‍ നില്ക്കുക രാമചന്ദ്രനാണ്. വെടിക്കെട്ടിനെ ഭയമില്ലാത്തവന് എന്നാണ് രാമചന്ദ്രനെ വിശേഷിപ്പിക്കുക. വര്‍ഷങ്ങളായി പാറമേക്കാവിനുവേണ്ടി തൃപ്രയാര്‍ രാമചന്ദ്രനാണ് രാത്രിയില്‍ പന്തലില്‍ നില്‍ക്കുന്നത്. മുമ്പില്‍ എന്തെല്ലാം ശബ്ദം കേട്ടാലും അക്ഷോഭ്യരായി നില്ക്കുന്ന വിരലിലെണ്ണാവുന്ന ആനകളേ ഉള്ളൂ. അവരില്‍ പ്രധാനിയാണ് രാമചന്ദ്രന്. വെടിക്കെട്ടു തീരും വരെ ഇടയ്ക്ക് ഓരോ പനമ്പട്ടയും തിന്ന് രാമചന്ദ്രനങ്ങനെ നില്ക്കും. പുലര്‍ച്ചെ എഴുന്നെള്ളിക്കുന്ന ആനയെത്തി കോലമേറ്റുവാങ്ങിയാല്‍ പിന്നെ വിശ്രമം. ഉത്സവത്തിനും ആനയൂട്ടിനും രാമചന്ദ്രന് വികൃതിക്കാരന് കൂടിയാണ്. ഭക്ഷണ പ്രിയനായ രാമചന്ദ്രന് തനിക്ക് കിട്ടും മുന്‍പ് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിനെ വികൃതി കാണിച്ചു മുടക്കുമായിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാലാണ് ചികിത്സക്കായി തൃശൂരില്‍ എത്തിച്ചത്. ചികിത്സയുടെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ കൂടിയുള്ള രാമചന്ദ്രന്റെ നടത്തം കാണാന്‍ തന്നെ ആരാധകര്‍ എത്തുമായിരുന്നു. കൊറോണ വ്യാപന സാഹചര്യത്തില്‍ ഇത്തവണ തൃശൂര്‍ പൂരം ഒഴിവാക്കിയപ്പോള്‍ ആളനക്കമില്ലാത്ത തേക്കിന്‍കാട് മൈതാനത്ത് കൂടി രാമചന്ദ്രന് നടന്നു നീങ്ങുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നത് ഏറെ വൈറല്‍ ആയിരുന്നു. രാമചന്ദ്രന് ചെരിഞ്ഞതോടെ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ആനത്തറവാട്ടില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനകം അഞ്ചാമത്തെ കൊമ്പനെയാണ് നഷ്ടമാകുന്നത്. നേരത്തെ തമ്പുരാന് നാരായണന്, ഗിരീശന്, ബാലരാമന്, സീതാരമാന് എന്നിവര്‍ വിട പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: