കൊല്ലം: ഹാര്‍ബറുകള്‍ അടച്ചിട്ടതോടെ കൊല്ലത്ത് മത്സ്യക്ഷാമം. ഇതരസംസ്ഥാന മത്സ്യക്കച്ചവടം പൊടിപൊടിക്കുന്നു. അതിര്‍ത്തിയില്‍ യാതൊരു സുരക്ഷ പരിശോധനയും ഇല്ലാതെ മത്സ്യവുമായി ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ലോറികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.
മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി കോവിഡ് വ്യാപകമായ ഇടങ്ങളില്‍നിന്നു വരുന്ന ലോറികള്‍ മറയാക്കിയാണ് മീന്‍കച്ചവടം. ഇവിടെനിന്നു കൈമാറുന്ന മീന്‍ നാടിന്റെ നാനാഭാഗങ്ങളിലും എത്തും. റോഡരികിലാണ് ഈ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് പരിസരവാസികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതിനൊപ്പം അവിടം കേന്ദ്രീകരിച്ച് മത്സ്യം മൊത്തമായി കൈമാറുന്നതും പതിവാകുന്നു. ഉറവിടം വ്യക്തമാകാത്ത കേസുകള്‍ കൂടാന്‍ ഇത്തരം പ്രവണതകള്‍ വഴിവച്ചേക്കും.
കൊല്ലത്ത് മത്സ്യവ്യാപാരികള്‍ക്ക് കോവിഡ് ബാധിച്ചതും കുടുംബാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും അടുത്തിടെയാണ്. ജില്ലയിലെ ലേല കേന്ദ്രങ്ങളില്‍ നിരോധനം കര്‍ശനമാക്കിയതോടെ റോഡരികിലും പുരയിടങ്ങളിലും അനധികൃത മീന്‍കച്ചവടം പൊടിപൊടിക്കുകയാണ്. അതോടെ മീനിന് വിലനിലവാരം കുതിച്ചുയര്‍ന്നു. സര്‍ക്കാര്‍ സംവിധാനത്തിലൂടെ മീന്‍ വില്‍പ്പന നിയന്ത്രിച്ചിരുന്നപ്പോള്‍ ആശ്വാസമായിരുന്നു. മീന്‍ വില്‍പ്പനയ്ക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും വിലനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത ലോക്ഡൗണ്‍ കാലം ആശ്വാസകരമായിരുന്നു. എന്നാല്‍ വില്‍പ്പനരംഗത്തെ ഇടനിലക്കാര്‍ ഇതെല്ലാം അട്ടിമറിച്ചു.
ഫിഷറീസ് വകുപ്പും ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്നൊരുക്കിയ കൊല്ലം മോഡല്‍ മീന്‍വില്‍പ്പന, നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ഒരു മാതൃകയായിരുന്നു. ഇതുപ്രകാരം ആ ആഴ്ചയിലെ മീന്വിലയുടെ ശരാശരി നോക്കി ഓരോ ഇനം മീനിനും വിലയിടും. മീന്‍ വാങ്ങാന്‍ വരുന്ന എല്ലാ വണ്ടികളും എസ്എംഎസ് വഴി രജിസ്റ്റര്‍ ചെയ്യും. ലഭ്യതയ്ക്കനുസരിച്ച് ഇവര്‍ക്ക് സന്ദേശം ലഭിക്കുമ്പോള്‍ മീന്‍ വാങ്ങാന്‍ ചെന്നാല്‍ മതി. സാമൂഹിക അകലം പാലിക്കാനും കഴിഞ്ഞിരുന്നു. തലച്ചുമടായി മീന്‍ വില്‍പ്പന നടത്തുന്നവര്‍ക്ക് മാനുവല്‍ പാസും നല്‍കിയിരുന്നു. ഇത് മറിച്ചുവില്‍ക്കുകയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പാസ് വാങ്ങാന്‍ വരുകയും ചെയ്തത് ഈ ഉദ്യമം അട്ടിമറിക്കാന്‍ ഇടനിലക്കാര്‍ ചെയ്ത പണിയായിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായവില കിട്ടിക്കൊണ്ടിരുന്നതാണ്. മീന്‍ വില്പനയ്ക്ക് സ്ഥിരം സംവിധാനമോ ബോധവത്കരണമോ ഇല്ലാതെ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: