സ്വര്‍ണക്കള്ളക്കടത്തിലും അനുബന്ധ കുറ്റകൃത്യങ്ങളിലും കസ്റ്റംസും എന്‍ഐഎയും ആരംഭിച്ച അന്വേഷണത്തിന്റെ പ്രഥമഘട്ടം അഭിനന്ദനാര്‍ഹമായി മുന്നേറുകയാണ്. ഇരു അന്വേഷണ ഏജന്‍സികളും ചടുലമായി മുന്നോട്ടു പോകുന്നു. എയര്‍പോര്‍ട്ടിലെ നയതന്ത്ര ചാനലില്‍ കൂടി നടത്തിപ്പോന്ന സ്വര്‍ണക്കടത്ത് ആദ്യമായാണ് പിടികൂടുന്നത്. മുഖ്യപ്രതി സരിത്ത് നല്കിയ മൊഴിയിലൂടെ പലതവണ ഇതുപോലെ സ്വര്‍ണം കടത്തിയതായി വെളിവായിട്ടുണ്ട്. 15 കോടിയോളം രൂപ വില വരുന്ന സ്വര്‍ണമാണ് ഇപ്പോള്‍ കടത്താന്‍ ശ്രമിച്ചത്. ഈ കേസ് സജീവമായി ചര്‍ച്ച ചെയ്യുമ്പോഴും അന്വേഷണം പഴുതില്ലാതെ നടക്കുമ്പോഴും സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടു എന്ന വാര്‍ത്ത അത്ഭുതപ്പെടുത്തുന്നതു തന്നെയാണ്. തിരുവനന്തപുരത്തെ സ്വര്‍ണവേട്ടയ്ക്ക് ധൈര്യം കാട്ടിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രശംസാര്‍ഹരാണ്. ആരുടെ സ്വര്‍ണമായാലും നിര്‍ഭയം അന്വേഷണം തുടരാനും അനുബന്ധ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ എന്‍ഐഎയെ ചുമതലപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും എടുത്തുപറയേണ്ടതാണ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സംസ്ഥാന സര്‍ക്കാരിലെ പ്രമുഖരും തമ്മിലുള്ള അടുത്തബന്ധം ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണ് അതില്‍ പ്രമുഖന്. നാലുവര്‍ഷമായി ഇദ്ദേഹം നടത്തിപ്പോന്ന ഇടപാടുകള്‍ സംസ്ഥാനത്തിനും രാജ്യതാല്‍പ്പര്യത്തിനും വിരുദ്ധമാണെന്ന് ഭരണക്കാര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള അവിഹിതമായ ഇടപാടുകള്‍ ഏതറ്റംവരെ പോയെന്ന് കാണാനിരിക്കുന്നതേയുള്ളൂ. ഈ ഉദ്യോഗസ്ഥന് വഴി മുഖ്യമന്ത്രിയും ഒട്ടേറെ മന്ത്രിമാരും ഡിജിപിയും ഉള്‍പ്പെടെ ഈ സ്ത്രീയുടെ ദൂഷിത വലയത്തിലായിരുന്നു എന്ന് ഇതിനകം തെളിഞ്ഞിരിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പ്രതിക്ക് ഒരു യോഗ്യതയുമില്ലാതെ സുപ്രധാന പദവി നല്‍കിയത് ഈ സര്‍ക്കാരാണ്. നിയമനങ്ങള്‍ക്കുള്ള വ്യവസ്ഥകളും ചട്ടങ്ങളും കാറ്റില്‍ പറത്തിയിരിക്കുന്നു. നിയമസഭാ സെക്രട്ടേറിയറ്റിലും മന്ത്രി മന്ദിരങ്ങളിലും ചുറ്റിക്കറങ്ങാന്‍ അവര്‍ക്ക് സാധിച്ചു. അവര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണെന്നും വ്യക്തമായി. ഐടി വകുപ്പില്‍ പുറംജോലി മാത്രമേ നല്കിയിരുന്നുള്ളൂ എന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളുമെല്ലാം ആവര്‍ത്തിച്ചത്. പുറംജോലിക്കാരിക്ക് ഒന്നരലക്ഷം ശമ്പളം! സംസ്ഥാന സര്‍ക്കാര്‍ മുദ്രയുള്ള തിരിച്ചറിയല്‍ കാര്‍ഡ്! ലോകത്തെവിടെയെങ്കിലും ഇമ്മാതിരി ഇടപാട് കേള്‍ക്കാന്‍ കഴിയുമോ?
ആരോപണം ഉയര്‍ന്നപ്പോഴെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിന്റെയും ഭരണത്തിലെ മുഖ്യ ഘടകമായ സിപിഐയുടെയും ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഐടി വകുപ്പിന്റെ തലപ്പത്തുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അസാന്മാര്ഗികവും അവിഹിതവുമായ പെരുമാറ്റങ്ങളെക്കുറിച്ച് മാധ്യമങ്ങളും ജനങ്ങളും സജീവ ചര്‍ച്ചയിലായപ്പോഴും സര്‍ക്കാരിനെ താറടിക്കാനുള്ള ശ്രമമെന്ന ന്യായം പറഞ്ഞ് കുറ്റാരോപിതരെ സംരക്ഷിക്കുകയായിരുന്നു. ഗത്യന്തരമില്ലാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു ശിവശങ്കറിനെ നീക്കി. ഐടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാന്‍ പിന്നെയും ദിവസമെടുത്തു. ആ ഉദ്യോഗസ്ഥ പ്രമാണിക്ക് ഒരു പോറലും ഏറ്റില്ല. അവധി അപേക്ഷ അംഗീകരിക്കുകയും ചെയ്തു.
സ്വര്‍ണക്കടത്ത് കേന്ദ്ര വിഷയമാണെന്നും അന്വേഷിക്കേണ്ടത് കസ്റ്റംസിന്റെ പണിയാണെന്നും വാദിച്ച് മറ്റ് കുറ്റകരമായ പ്രവണതകള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. കേന്ദ്രം അന്വേഷിക്കട്ടെ, ഏതന്വേഷണത്തെയും സംസ്ഥാനം സ്വാഗതം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചതും നന്നായി. ഉദ്ദേശശുദ്ധിയോടെ പിന്നെ നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണല്ലൊ. കുറ്റാരോപിതരെയെല്ലാം മാറോടണച്ച് മുഖ്യമന്ത്രി നില്‍ക്കവെ കേന്ദ്രം കസ്റ്റംസിന് പുറമെ എന്‍ഐഎയ്ക്കും അന്വേഷണത്തിന് അനുമതി നല്കി. പിന്നീട് ഞൊടിയിടയില്‍ നടപടി തുടങ്ങി. 48 മണിക്കൂറിനകം മുഖ്യ പ്രതികളെ പിടികൂടി. ട്രിപ്പിള്‍ ലോക്ഡൗണുള്ള തിരുവനന്തപുരത്തുനിന്ന് കേസിലെ രണ്ടാമത്തെയും നാലാമത്തെയും പ്രതികള്‍ ബെംഗളൂരുവിലേക്ക് പാഞ്ഞു. സംസ്ഥാന പോലീസിന്റെ പിന്‍ബലമില്ലാതെ ഈ യാത്ര അസാധ്യമാണ്. ഏതായാലും ഇപ്പോള്‍ ബെംഗളൂരുവില്‍ പിടിയിലായ പ്രതികളെ കേരളത്തിലെത്തിച്ചിരിക്കുന്നു. ഇനി കളിവേറെ. മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യസുരക്ഷക്ക് ബാധിക്കും വിധം പ്രവര്‍ത്തിച്ചോയെന്ന് പരിശോധിക്കേണ്ടിവരും. എന്‍ഐഎ അത് ചെയ്തോളും. അന്നേരം മുഖ്യമന്ത്രി മട്ട് മാറ്റരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: