തിരുവനന്തപുരം: അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തുടനീളം പ്രതിപക്ഷ പാര്‍ട്ടികളും യുവജനസംഘടനകളും സമരരംഗത്ത്. സമൂഹ മാധ്യമങ്ങളിലും രാജി ആവശ്യപ്പെട്ട് പോര്‍വിളികള്‍.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ശക്തി പ്രാപിക്കുന്നത് ഇത് ആദ്യമാണ്. ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയും യുഡിഎഫും രാജി ആവശ്യത്തില്‍ ഉറച്ചതോടെ കൊറോണ വൈറസ് വ്യാപനത്തിനിടയിലും സമരത്തിന് ദിനം പ്രതി മൂര്‍ച്ച കൂടുകയാണ്. പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും നിയമസഭയ്ക്കുള്ളിലും പുറത്തും സമരം ശക്തമാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ തെളിവുകള്‍ സഹിതം ബിജെപി ആരോപണങ്ങള്‍ ഉന്നയിക്കുകയും ബിജെപിയുടെ നേതൃത്വത്തിലുള്ള വിവിധ മോര്‍ച്ചകള്‍ രംഗത്തിറങ്ങുകയും ചെയ്തതോടെ തെരിവുകളില്‍ രാജി ആവശ്യം ഉയരുകയാണ്.
ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച സംഘടനകള്‍ മാത്രമല്ല, കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, അവരുടെ യുവജന മഹിളാ സംഘടനകള്‍ എല്ലാം സമരം ശക്തമാക്കിയിട്ടുണ്ട്. കളക്ട്രേറ്റുകളിലേക്ക് സമരം ഇരമ്പുന്നുണ്ട്. സമരക്കാരുമായി പോലീസ് പലയിടത്തും ഏറ്റുമുട്ടുന്നുണ്ട്. കൊറോണ നിയന്ത്രണങ്ങള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിന്റെ ആഘാതം കുറയ്ക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ച് നടക്കുന്നുണ്ട്. വൈറസ് വ്യാപനം ഇല്ലായിരുന്നെങ്കില്‍ സെക്രട്ടേറിയറ്റുകളും കളക്ട്രേറ്റുകളും രാപ്പകല്‍ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചേനെ.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയലും കരിങ്കൊടികാണിക്കലും പതിവായേനെ. മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്ളാറ്റിനു മുന്നിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ മാര്‍ച്ച് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: