ഇരിട്ടി : ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സ്രവപരിശോധനക്കായി നിയമിച്ച ഡോക്ടറെ അകാരണമായി പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ഇവിടെ കോവിഡ് സ്രവ പരിശോധനക്കായി ഒരുക്കിയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി നിയമിച്ച സ്ഥിരം ഡോക്ടര്‍ അര്ജുന്. എസ് നെയാണ് ഒരാഴ്ച മുന്‍പ് അകാരണമായി ജില്ലാ പ്രോഗ്രാം മാനേജര്‍ പിരിച്ചു വിട്ടത്. പകരമായി രണ്ടു ദിവസം കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഒരു ഡോക്ടറെ നിയമിച്ചെങ്കിലും ഇയാള്‍ രാജിവെച്ച് പോവുകയായിരുന്നു. തുടര്‍ന്ന് നിശ്ചയിച്ച സ്രവ പരിശോധന മുടങ്ങാതിരിക്കാനായി മട്ടന്നൂരില്‍ നിന്നും മറ്റൊരു ഡോക്ടറെ വരുത്തി കഴിഞ്ഞ ചൊവ്വാഴ്ചയും ശനിയാഴ്ചയും പരിശോധന നടത്തുകയായിരുന്നു.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 2020 ജൂണ്‍ 3 മുതലാണ് ഡോ. അര്ജുന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സേവനം തുടരുന്നതിനിടെ ജോലിക്രമീകരണ വ്യവസ്ഥയില്‍ ജൂണ്‍ 27 ശനിയാഴ്ച മുതല്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശിച്ച് ജില്ലാ പ്രോഗ്രാം മാനേജര്‍ സന്ദേശം അയക്കുകയായിരുന്നു.
26 ന് വെള്ളിയാഴ്ച രാത്രി 7.30 ന് അയച്ച സന്ദേശം ശ്രദ്ധയില്‍ പെട്ടില്ല. കൂടാതെ 27 ന് ശനിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 30 തോളം പേരുടെ സ്രവ പരിശോധന രാവിലെ 9 മുതല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയും രജിസ്റ്റര്‍ ചെയ്തവരുടെ സ്രവ പരിശോധന നടത്താനുണ്ടെന്നിരിക്കേ ആദിവസത്തെകൂടി സ്രവ ശേഖരണത്തിന് ശേഷം ഡോക്ടറെ വിടാനായിരുന്നു ഉദ്ദേശിച്ചതെന്ന് ഇരിട്ടി ആശുപത്രി സൂപ്രണ്ട് ഡോ . പി.പി. രവീന്ദ്രന് പറഞ്ഞു.
ഈ സാഹചര്യത്തില്‍ ഡോക്ടറെ ഇവിടെ നിന്നും അഞ്ചരക്കണ്ടിയിലേക്കു അയച്ചാല്‍ ഇരിട്ടി ആശുപത്രിയിലെ സ്രവ പരിശോധന മുടങ്ങും എന്നതിനാല്‍ സൂപ്രണ്ട് നിര്‍ദേശം നല്‍കിയതനുസരിച്ച് അവിടെ തുടരുകയും ചെയ്തു. ശനിയാഴ്ച അഞ്ചരക്കണ്ടിയില്‍ ജോലിക്ക് ഹാജരായില്ല എന്ന കാരണം പറഞ്ഞാണ് ഡോ. അര്‍ജുനനെ 28 ന് ഞായറാഴ്ച രാത്രി ജില്ലാ പ്രോഗ്രാം മാനേജര്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതായി അറിയിപ്പ് ലഭിച്ചതെന്ന് സൂപ്രണ്ട് ഡോ .പി.പി. രവീന്ദ്രന് പറഞ്ഞു. പിരിച്ചു വിട്ടതറിയാതെ തിങ്കളാഴ്ചയും ഇരിട്ടിയില്‍ ജോലിക്കെത്തിയ ഡോക്ടര്‍ അന്നും സ്രവപരിശോധനാ കേന്ദ്രത്തില്‍ എത്തിയവരുടെ സ്രവം പരിശോധനക്കെടുത്ത ശേഷമാണ് മടങ്ങിയത്. എന്നാല്‍ ഡോക്ടറെ വീണ്ടും ഇവിടേയ്ക്ക് പോസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം ഓഫീസര്‍ക്ക് സൂപ്രണ്ട് കാത്തു നല്‍കിയെങ്കിലും ഡോക്ടറെ സ്രവ പരിശോധന ഇല്ലാത്ത പേരാവൂരില്‍ നിയമിച്ച് കൊണ്ട് ഉത്തരവിടുകയായിരുന്നു. സ്രവ പരിശോധനക്കായി സ്ഥിരം നിയമനം നല്കിയ ഡോക്ടറെ ഇവിടെ നിന്നും മാറ്റി പരിശോധനാ സൗകര്യം ഇല്ലാത്ത ആശുപത്രിയിലേക്ക് മാറ്റിയതും ദുരൂഹത ഉയര്‍ത്തുന്നു.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടേത് തിങ്കള്‍, ബുധന്‍ , വെള്ളി ദിവസങ്ങളിലും മറ്റുള്ളവരുടെത് ചൊവ്വ , ശനി ദിവസങ്ങളിലുമാണ് ഇരിട്ടി കേന്ദ്രത്തില്‍ നിന്നും പരിശോധന ക്കെടുക്കുന്നത് . എന്നാല്‍ ഇതിനായി നിയമിച്ച ഡോക്ടറെ കാരണമില്ലാതെ പിരിച്ചു വിട്ടതോടെ ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ച നിലയിലാണ് . കൂത്തുപറമ്പിലെ കേന്ദ്രവും സമാന സാഹചര്യത്തില്‍ അടച്ചു പൂട്ടിയിരിക്കയാണ്. സംസ്ഥാനത്തും ജില്ലയിലും കോവിഡ് ബാധിതര്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇരിട്ടി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ രോഗം സംശയിക്കുന്നവര്‍ കണ്ണൂരിലോ തലശ്ശേരിയിലോ എത്തേണ്ടിവരും. സ്രവപരിശോധനക്കായി മാത്രം ജില്ലയില്‍ ഇരുപതോളം ദന്തല്‍ സര്ജ്ജന്മാരെ നിയമിച്ചിരിക്കെ ആണ് ഇരിട്ടി പോലെയുള്ള താലൂക്ക് ആശുപത്രികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ പരിശോധനക്കായി ആളില്ലെന്ന് ദുര്‍ഗ്ഗതിക്കിടയാക്കിയിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: