മാഡ്രിഡ്: റയല്‍ മാഡ്രിഡിന് ലാ ലിഗ കിരീടം കൈയെത്തും ദൂരത്ത്. മുപ്പത്തിയഞ്ചാം റൗണ്ടില്‍ അലാവസിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് അവര്‍ കിരീടത്തിന് തൊട്ടടുത്തെത്തിയത്്. കരീം ബെന്‍സേമയും മാര്‍ക്കോ അസെന്‍സിയോയുമാണ് ഗോളുകള്‍ നേടിയത്. റയലിന്റെ തുടര്‍ച്ചയായ എട്ടാം വിജയമാണിത്.
ഈ വിജയത്തോടെ റയല്‍ മാഡ്രിഡ് മുപ്പത്തിയഞ്ച് മത്സരങ്ങളില്‍ എണ്‍പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടുരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാള്‍ നാല് പോയിന്റിന് മുന്നിലാണ് റയല്‍. അടുത്ത മത്സരങ്ങളില്‍ ബാഴ്സലോണ തോല്‍ക്കുകയും റയല്‍ മാഡ്രിഡ് ജയിക്കുകയും ചെയ്താല്‍ റയലിന് ലാ ലിഗ കിരീടം ഉറപ്പാകും. ബാഴ്സ അടുത്ത മത്സരങ്ങളില്‍ റയല്‍ വയ്യാഡോളിഡിനെയും റയല്‍ മാഡ്രിഡ് ഗ്രാനഡയേയുമാണ് എതിരിടുക.
പ്രധാന താരങ്ങളായ ക്യാപ്റ്റന്‍ സെര്‍ജി റാമോസ്, ഡാനി കാര്‍വാജല്‍, മാഴ്സെലോ എന്നിവരെ കൂടാതെയാണ് റയല്‍ മാഡ്രിഡ് അലാവസിനെതിരെ കളിക്കാനിറങ്ങിയത്. പതിനൊന്നാം മിനിറ്റില്‍ റയല്‍ ലീഡ് നേടി. പെനാല്‍റ്റി ഗോളാക്കി കരീം ബെന്‍സേമയാണ് റയലിനെ മുന്നിലെത്തിച്ചത്. ഈ സീസണില്‍ ബെന്‍സേമയുടെ ഇരുപത്തിമൂന്നാം ഗോളാണിത്.
റയല്‍ താരം ഫെര്‍ലാന്‍ഡ് മെന്‍ഡിയെ അലാവസ് പ്രതിരോധ താരം സിമോ നവാരോ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. ഇടവേളയ്ക്ക് റയല്‍ 1-0 ന് മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റയല്‍ മാഡ്രിഡ് രണ്ടാം ഗോളും നേടി. മാര്‍ക്കോ അസെന്‍സിയോയാണ് സ്കോര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: