കണ്ണൂര്‍: ജില്ലയില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം അഭ്യര്‍ഥിച്ചു. നാട് കൊവിഡ് വ്യാപന ഭീതിയില്‍ നില്ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന് പറഞ്ഞു. റിവേഴ്സ് ക്വാറന്റീനില്‍ കഴിയേണ്ട പ്രായമായവര്‍ പോലും സാമൂഹ്യ അകലം, മാസ്ക്ക് ധാരണം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തെരുവുകളില്‍ ഇറങ്ങുന്നതായാണ് കാണുന്നത്. ഇത് സമരത്തില്‍ പങ്കെടുക്കുന്നവരുടെയും മറ്റുള്ള ജനങ്ങളുടെയും ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യോഗം വിലയിരുത്തി. ഈ നില തുടര്‍ന്നാല്‍ കാര്യങ്ങള്‍ പിടിവിട്ടു പോവുന്ന സ്ഥിതിയുണ്ടാവും. അതുകൊണ്ടു തന്നെ സമരങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിക്കാന്‍ ബന്ധപ്പെട്ട പാര്‍ട്ടികളും സംഘടനകളും തയ്യാറാകണമെന്നും യോഗം അഭ്യര്‍ഥിച്ചു.
ജില്ലയില്‍ സാമ്പിള്‍ പരിശോധനയുടെ തോത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഒരു പരിശോധനാ ഉപകരണം കൂടി സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ ചില തീരങ്ങളില്‍ അനധികൃതമായി പുറത്തുനിന്നുള്ള മല്‍സ്യബന്ധന ബോട്ടുകളെത്തി വ്യാപാരം നടത്തുന്നതായും ഇവിടങ്ങളില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാവുന്നതായും ശ്രദ്ധയില്‍പ്പെട്ടതായും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്കും പോലിസിനും മന്ത്രി നിര്‍ദ്ദേശം നല്കി.
വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍ക്കാവശ്യമായ പരിശോധന, ക്വാറന്റീന്, ചികില്‍സാ സംവിധാനങ്ങളൊരുക്കും. ഇതിനായി സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ സൗകര്യമൊരുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, മേയര്‍ സി. സീനത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ്, ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ്, അസി. കലക്ടര്‍ ശ്രീലക്ഷ്മി, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: