തിരുവല്ല: മഹാപ്രളയത്തെ തുടര്‍ന്ന് ദുരിതബാധിതര്‍ക്കായി അനുവദിച്ച റേഷനരി വിതരണം ചെയ്യാതെ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിച്ചു. 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തെ തുടര്‍ന്ന് അനുവദിച്ച അരിയാണ് ഗോഡൗണുകളില്‍ കെട്ടിക്കിടന്നത്. സംസ്ഥാനത്തെ വിവിധ ഗോഡൗണുകളില്‍ ടണ്‍കണക്കിന് അരിയാണ് നശിച്ചത്. പ്രതിമാസ വിതരണത്തിന് നല്ല അരിച്ചാക്കുകള്ക്കൊപ്പം കേടായ അരിയുടെ ചാക്കുകളും ചില റേഷന്‍കടകളില്‍ വിതരണത്തിന് എത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രളയത്തിന് ലഭിച്ച അരിയാണ് വിതരണത്തിന് എത്തിച്ചതെന്ന വിവരം കിട്ടിയത്.
വാതില്‍പ്പടി വിതരണമായതിനാല്‍ ഓരോ താലൂക്കിലും ഗോഡൗണുകളുണ്ട്. ഇത്തരം ഗോഡൗണുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അരി സൂക്ഷിക്കുന്നത്. ഗോഡൗണിന്റെ മൂലയില്‍ അരിച്ചാക്കുകള്‍ അട്ടിയിട്ട് വെച്ച ശേഷം പടുത കൊണ്ട് മൂടുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം. ഇത് മൂലം ചെള്ളും മറ്റും ചാക്കുകളില്‍ കടന്ന് കൂടുന്നു. ക്രമേണ ഇത് ഉപയോഗശൂന്യമായി മാറുകയാണ്.
മിക്ക വ്യാപാരികളും മോശം അരി എത്തിയാലും പരാതിപ്പെടാന്‍ പോകില്ല. അവര്‍ തന്നെ ചെള്ളും മറ്റും കളഞ്ഞെടുക്കാന്‍ ശ്രമിക്കും. പ്രതികാര നടപടിയുണ്ടാകുമെന്ന് ഭയന്നാണ് വ്യാപാരികള്‍ പരാതിപ്പെടാത്തതെന്ന് റേഷന്‍ വ്യാപാരി സംഘടന ഭാരവാഹികള്‍ പറയുന്നു.
മോശം അരി വിതരണത്തിന് എത്തിയതോടെ കാര്‍ഡുടമകളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് റേഷന്‍ വ്യാപാരികള്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാരുടെ മുമ്പില്‍ വിഷയം അവതരിപ്പിച്ചുവെങ്കിലും മുകളില്‍ നിന്ന് കൃത്യമായ നിര്‍ദേശം കിട്ടാത്തതിനാല്‍ അവരും കൈമലര്‍ത്തി.
വിഷയം മന്ത്രി തലത്തില്‍ എത്തിച്ച് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍. ഇതിനിടെ ചില ജില്ലകളില്‍ റേഷന്‍കടകളില്‍ എത്തിച്ച മോശം അരി തിരിച്ചെടുക്കാന്‍ നടപടിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: