ചെന്നൈ : എസ്ബിഐയുടെ പേരില്‍ വ്യാജ ബാങ്ക് ശാഖ ആരംഭിച്ച് തട്ടിപ്പ്. എസ്ബിഐയുടെ തന്നെ മാതൃകയില്‍ വ്യാജ ചെല്ലാനുകളും ഓഫീസും സൗകര്യങ്ങളും സജ്ജമാക്കിക്കൊണ്ടാണ് ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേര് അറസ്റ്റില്‍.
ലോക്ഡൗണിന്റെ മറവില്‍ തമിഴ്നാട് കൂടല്ലൂര്‍ പന്റുട്ടിയിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. എസ്ബിഐ ശാഖയ്ക്ക് സമാനമായി തന്ന കമ്പ്യൂട്ടറുകളും ലോക്കറും ചെല്ലാനും മറ്റ് രേഖകളും ഇവിടെ സജ്ജമാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഈ വ്യാജ ശാഖയ്ക്കുവേണ്ടി പ്രത്യേകം വെബ്സൈറ്റിനും രൂപം നല്കി കഴിഞ്ഞു.
19 കാരനായ യുവാവാണ് ഈ വ്യാജശാഖ ആരംഭിച്ചതിന്റെ മുഖ്യ സൂത്രധാരന്‍. ഇയാളുടെ അച്ഛനും അമ്മയും എസ്ബിഐ ജീവനക്കാര്‍ ആയിരുന്നതിനാല്‍ ചെറുപ്പം മുതല്‍ തന്നെ ബാങ്കിന്റെ പ്രവര്‍ത്തന രീതി ഇയാള്‍ മനസ്സിലാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞ പിതാവിന്റെ ജോലി തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇയാള്‍. എന്നാല്‍ നിയമനം വൈകിയതിലുണ്ടായ മനപ്രയാസത്തില്‍.
ലോക്ഡൗണിനിടെ ഏപ്രിലില്‍ സ്വന്തമായി ഒരു ശാഖ ആരംഭിക്കുകയായിരുന്നു. പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാള്‍. ഉപഭോക്താക്കളില്‍ ഒരാള്‍ നഗരത്തില്‍ തന്നെയുള്ള മറ്റൊരു ശാഖയിലെ മാനേജരോട് പുതിയ ശാഖയെ കുറിച്ച് പറഞ്ഞതോടെയാണ് കള്ളിവെളിച്ചത്തായത്.
വ്യാജ ശാഖയില്‍ മാനേജരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തുകയും യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഐപിസി സെക്ഷന്‍ 473, 469, 484, 109 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം വ്യാജ ശാഖയില്‍ പണമിടപാട് നടത്തിയ ഉപഭോക്താക്കളില്‍ ആരും പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയിട്ടില്ല. യുവാവിന്റെ അമ്മയുടേയും ഒരു ബന്ധുവിന്റേയും അക്കൗണ്ടുകളില്‍ മാത്രമാണ് ഇടപാട് നടന്നിട്ടുള്ളത്. സ്വന്തമായി ഒരു ബാഗ് വേണമെന്ന ആഗ്രഹത്താലാണ് ഇത്തരത്തില്‍ ഒന്ന് ആരംഭിച്ചത്. അല്ലാതെ ആരേയും കബളിപ്പിക്കാന്‍ വേണ്ടിയല്ലെന്നും അറസ്റ്റിലായ യുവാവ് പോലീസിനെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: