കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തില്‍ ചില ഭരണകക്ഷി എംഎല്‍എമാര്‍ക്കും വ്യവസായികള്‍ക്കും പങ്കുള്ളതായി കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ)സൂചന ലഭിച്ചു. ഇങ്ങനെ എട്ടു പ്രാവശ്യമെങ്കിലും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കേസില്‍ അറസ്റ്റിലായ സരിത്ത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് പ്രധാന തെളിവുകള്‍ നശിപ്പിച്ചിരുന്നു. ഇത് വീണ്ടെടുത്താല്‍ സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്.
കേസില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം വ്യക്തമായതോടെ യുഎപിഎ വകുപ്പുകള്‍ കൂടി ചുമത്തിയാണ് എന്‍ഐഎ എഫ്ഐആര്‍ തയാറാക്കിയത്. ദേശീയ സമ്പദ് വ്യവസ്ഥയെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന തരത്തിലാണ് ഇന്ത്യയിലേക്ക് വന്‍ തോതില്‍ സ്വര്‍ണക്കടത്ത് നടത്തിയതെന്ന് കസ്റ്റംസും കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിന് സ്വര്‍ണക്കടത്തില്‍ പ്രധാന പങ്കുണ്ട്. ഇവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും മകള്‍ വീണയുമായും അടുത്ത ബന്ധമുള്ളതായും വിവരം ലഭിച്ചു.
മന്ത്രിമാരുമായും നിയമസഭാ സ്പീക്കറുമായും അടുത്ത് ഇടപഴകിയിട്ടുള്ള യുഎഇ കോണ്‍സുലേറ്റിലെ മുന്‍ എക്സിക്യൂട്ടിവ് സെക്രട്ടറിയായ സ്വപ്നയുടെ വിദേശ യാത്രകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും എന്‍ഐഎ വിശദ അന്വേഷണം നടത്തും. കേസില്‍ പിടിയിലായ പി.എസ്. സരിത്താണ് സ്വര്‍ണക്കടത്തില്‍ സ്വപ്നയുടെ പങ്ക് വെളിപ്പെടുത്തിയത്. വിദേശത്ത് നിന്ന് സ്വര്‍ണം ആരാണ് അയച്ചത്, ആര്ക്ക്വേണ്ടി, കൂട്ടാളികള്‍ ആരൊക്കെ, പണം എന്തിന് ഉപയോഗിച്ചു എന്നീ കാര്യങ്ങളില്‍ അന്വേഷണം തുടങ്ങി.
തിരുവനന്തപുരം വിമാനത്താവളം, യുഎഇ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥരും ഇവര്‍ക്ക് സഹായം നല്‍കിയതായും സൂചന ലഭിച്ചിട്ടുണ്ട് യുഎഇയില്‍ കട നടത്തുന്ന ഫാസില്‍ ഫരീദ് വഴിയാണ് ബാഗേജ് അയച്ചത്. ഫാസില്‍ കൊച്ചി സ്വദേശിയാണ്. ബാഗേജില്‍ 14.82 കോടി രൂപയുടെ 30244.900 ഗ്രാം സ്വര്‍ണമാണുണ്ടായിരുന്നത്. സ്വര്‍ണം അയച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ കസ്റ്റംസിനെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിഷയംകൂടിയായതിനാല്‍ പിഴവില്ലാത്ത അന്വേഷണത്തിനാണ് എന്‍ഐഎ തയാറാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: