തൃശൂര്‍: കൊറോണ രോഗം കൂടുതല്‍ വ്യാപിക്കുമ്പോള്‍ പൊതു ക്വാറന്റൈന് കേന്ദ്രങ്ങള്‍ നിറുത്തുന്നത് ജനങ്ങളില്‍ പരിഭാന്ത്രിയുണ്ടാക്കുന്നു. ക്വാറന്റൈന് കൃത്യമായി പാലിക്കുവാന്‍ തയ്യാറാവാതിരിക്കുന്നതാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് പഠനം തെളിയിക്കുന്നത്. വിദേശങ്ങളില്‍ നിന്ന് വരുന്നവരെ താമസിപ്പിച്ചിരുന്ന ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ ഇപ്പോള്‍ ഉള്ളത് നാലു പേര് മാത്രമാണ്. പുതിയതായി ആരേയും എടുക്കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ താമസിച്ചിരുന്ന പോട്ട ധ്യാന കേന്ദ്രത്തില്‍ മുപ്പതോളം പേരെ താമസിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എണ്ണം കുറച്ച് പത്ത് പേരെ മാത്രമാക്കി. കൊരട്ടി പഞ്ചായത്തിലെ പൊങ്ങത്ത് നൈപുണ്യ കോളേജില്‍ പ്രവര്‍ത്തിച്ചിരുന്നത് കേന്ദ്രം നിര്‍ത്തി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തമായി ക്വാറന്റൈന് സൗകര്യമൊരുക്കിയ ശേഷം മാത്രം വന്നാല്‍ മതിയെന്നാണ് തീരുമാനം. വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും സ്വന്തം വീടുകളില്‍ സൗകര്യമില്ലെങ്കിലും പൊതു സൗകര്യം ഒരുക്കുവാന്‍ തയ്യാറാക്കുന്നില്ല. വീടുകളില്‍ പ്രായമായവരും കുട്ടികളും ഉള്ളപ്പോള്‍ ക്വാറൈന്റനില്‍ കഴിയുന്നത് സമ്പര്‍ക്കത്തിലൂടെ രോഗം പടരാന്‍ കാരണമാകും.
കൊറോണ രോഗം പടരുമ്പോള്‍ ഇത്തരത്തില്‍ പൊതു നിരീക്ഷണ കേന്ദ്രങ്ങള്‍ നിര്‍ത്തുന്നത് ജനങ്ങളില്‍ കൂടുതല്‍ ആശങ്കക്ക് കാരണമാക്കുന്നുണ്ട്. വീടുകളില്‍ ക്വാറന്റൈന് കഴിയുന്നത് സമീപത്തെ വീട്ടുകാര്‍ക്ക് ഭയവും ചിലയിടങ്ങളില്‍ വഴക്കിനും കാരണമാക്കുന്നുണ്ട്. ജില്ലയില്‍ തന്നെ ഒന്നോ രണ്ടോ പൊതുനീരീക്ഷണ കേന്ദ്രം മാത്രമാണ് ഇപ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുള്ളു. ഒരു മണ്ഡലത്തില്‍ ഒരു പൊതു നീരീക്ഷണ കേന്ദ്രമെങ്കിലും നിലനിര്‍ത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ക്വാറന്റൈന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലാണ്. കേന്ദ്രത്തിലേക്ക് വേണ്ട ഭക്ഷണവും മറ്റും എത്തിക്കുന്നത് സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങള്‍ക്ക് വലിയ ബാദ്ധ്യതയായി മാറിയത്തോടെയാണ് കേന്ദ്രങ്ങള്‍ നിറുത്തലാക്കുന്നതെന്നാണ് ആക്ഷേപം. പലയിടങ്ങളിലും വീടുകളില്‍ സൗകര്യമില്ലെന്ന് ആശ വര്‍ക്കര്‍മാര്‍ റിപ്പോര്‍ട്ടും ചെയ്തിട്ടും പൊതു കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കാതെ വീട്ടുകളില്‍ കഴിയുവാന്‍ റവന്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിര്‍ബന്ധിക്കുന്നത് ജില്ലയെ വലിയ തോതില്‍ രോഗ വ്യാപനത്തിലേക്ക് തള്ളി വിടാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: