കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. പച്ചക്കറി കടകളില്‍ നിന്നും ഒരു പഴക്കടയില്‍ നിന്നുമാണ് ഇതില്‍ 5 പേര്‍ക്ക് കോവിഡ് ബാധിച്ചത്.
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാലിക്കടവ് ഫിഷ് വെജിറ്റബിള്‍ മാര്‍ക്കറ്റ്, ചെര്‍ക്കള ടൗണ്‍ ഏരിയ, കാഞ്ഞങ്ങാട് ഫിഷ് മാര്‍ക്കറ്റ്, കാഞ്ഞങ്ങാട് വെജിറ്റബിള്‍ മാര്‍ക്കറ്റ്, തൃക്കരിപ്പൂര്‍ ഫിഷ്, മീറ്റ് മാര്‍ക്കറ്റ്, നിലേശ്വരം ഫിഷ് മാര്‍ക്കറ്റ്, കാസര്‍കോട് ഫിഷ് മാര്‍ക്കറ്റ് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റ്, കുമ്പള ഫിഷ് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റ്, കുഞ്ചത്തൂര്‍ മാട ഫിഷ് മാര്‍ക്കറ്റ്, ഉപ്പള ഫിഷ് മാര്‍ക്കറ്റ് , ഉപ്പള ഹനഫി ബസാര്‍ പച്ചക്കറിക്കട, മജീര്‍പള്ള മാര്‍ക്കറ്റ് എന്നീ പ്രദേശങ്ങളില്‍ ജൂലൈ 10 മുതല്‍ 17 വരെ പൂര്‍ണമായും കടകള്‍ അടച്ചിടേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി.സജിത് ബാബു പ്രഖ്യാപിച്ചു.
കടകളില്‍ നിന്നും എത്രപേര്‍ക്ക് കൊറോണ വൈറസ് ബാധ കിട്ടിയിട്ടുണ്ട് എന്ന് കൃത്യമായി കണക്കാക്കുന്നതിനും ഇവിടെ നിന്ന് ഇനി ഒരാള്‍ക്ക് പോലും സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാനും വേണ്ടിയാണ് ഈ ഉത്തരവ്. ഇന്നലെ വൈകീട്ട് നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു ജില്ലാ പോലീസ് മേധാവി ഡി ശില്പ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എം.വി രാംദാസ് എന്നിവര്‍ നടത്തിയ അടിയന്തിര യോഗ തീരുമാനപ്രകാരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: