തൃശൂര്‍: വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണങ്ങള് തുടര്‍ക്കഥയാകുമ്പോഴും വൈദ്യുതി ലൈന്‍ ഭൂഗര്‍ഭ ലൈനാക്കി മാറ്റണമെന്ന നിര്‍ദ്ദേശം കോര്പ്പറേഷന് നടപ്പാക്കിയില്ല. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോര്പ്പറേഷന് അധികൃതരോട് വൈദ്യതി വിഭാഗം ഉന്നയിച്ച നിര്‍ദ്ദേശം ഇപ്പോഴും ചുവപ്പുനാടയില്‍. പൈപ്പിടാന്‍ റോഡ് മുഴുവന്‍ കുഴിച്ചപ്പോള്‍ വൈദ്യുതി ലൈനും ഭൂഗര്‍ഭ ലൈനാക്കാന്‍ അവസരം കിട്ടിയിട്ടും കോര്പ്പറേഷന് നടപടിയെടുത്തില്ല.
നഗരത്തിലെ അപകടം മുന്നില്‍ കണ്ട് ആറു വര്‍ഷം മുമ്പ് വൈദ്യുതി ലൈന്‍ വലിക്കുന്നതു ഭൂമിക്കടിയിലൂടെയാക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കോര്പ്പറേഷന് ഭരണാധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നി ര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കോര്പ്പറേഷന് തയ്യാറായില്ല. തുടക്കത്തില്‍ കോടികള്‍ മുടക്കേണ്ടി വരുമെങ്കിലും പിന്നീട് വര്‍ഷങ്ങളോളം മെയിന്റനന്‍സ് അടക്കം ഇല്ലാതാക്കാമെന്നതും വന്‍ സുരക്ഷയുമാണ് ഭൂഗര്‍ഭ ലൈനിന്റെ ഗുണം. കൂടാതെ റോഡിന്റെ വശങ്ങളില് വൈദ്യുതി പോസ്റ്റുകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കാനാകുമെന്നതും പ്രത്യേകതയാണ്.
നഗരമധ്യത്തില്‍ പോസ്റ്റോഫീസ് റോഡിലെ കെട്ടിടത്തില്‍ നിന്ന് ഫ്ളക്സ് അഴിച്ച് മാറ്റുന്നതിനിടെയാണ് അടുത്തുകൂടെ പോയിരുന്ന വൈദ്യുതി ലൈനില്‍ തട്ടി തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം ഇന്നലെ ഉണ്ടായത്. നഗരത്തിലെ പ്രധാന റോഡുകളിലൂടെയെല്ലാം ഇത്തരത്തില്‍ ബഹുനില കെട്ടിടങ്ങളുടെ സമീപത്തു കൂടിയാണ് വൈദ്യുതി ലൈനുകള്‍ പോകുന്നത്. ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതിയാണ് പല ലൈനുകളിലൂടെയും കടന്ന് പോകുന്നതെന്നതിനാല്‍ വളരെ അപകട സാധ്യതയുണ്ട്.
ഇരുമ്പോ മറ്റ് വൈദ്യുതി ആകര്‍ഷിക്കുന്ന ലോഹങ്ങളോ കടന്ന് പോയാല്‍ ചാടിപിടിക്കുന്ന രീതിയിലുള്ള അകലം മാത്രമാണ് കെട്ടിടങ്ങളും പല വൈദ്യുതി ലൈനുകള്‍ക്കുമുള്ളത്. പ്രത്യേകിച്ച് പോസ്റ്റോഫീസ് റോഡിലൂടെ പോകുന്ന വൈദ്യുതി ലൈന്‍ ബഹുനില കെട്ടിടങ്ങളുടെ തൊട്ടടുത്തു കൂടെ കൈയെത്തും ദൂരത്താണു നില്‍ക്കുന്നത്. കെട്ടിടങ്ങളില്‍ ഇത്തരത്തില്‍ ഇരുമ്പ് ഫ്രെയിമുകളിലാണ് കടകളുടെ പേരുകളും ഫ്ളക്സുകളുമൊക്കെ നില്‍ക്കുന്നതെന്നതിനാല്‍ വന്‍ അപകട സാധ്യതയാണ്. കാറ്റത്ത് മറിഞ്ഞാല്‍ പോലും ഷോക്കേല്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പോക്കറ്റ് റോഡുകളിലും ഇത്തരത്തിലുള്ള അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്.
നഗരത്തിലെ വീതിയില്ലാത്ത പല റോഡുകളോട് ചേര്‍ന്നാണ് ഭൂരിഭാഗം കെട്ടിടങ്ങളും നില്‍ക്കുന്നത്. കെട്ടിടത്തിനുള്ളില്‍ നിന്ന് കുട നിവര്‍ത്തിയാല്‍ പോലും വൈദ്യുതി ലൈനില്‍ തട്ടും. കെട്ടിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സിന്റെ കാര്യവും ഇത്തരത്തില്‍ തന്നെയാണ്. പല റോഡുകളിലെ കെട്ടിടങ്ങളിലും വന്‍ ഫ്ളക്സുകളാണ് വൈദ്യുതി കമ്പികളുടെ സമീപത്ത് സ്ഥാപിച്ചിട്ടുള്ളത്. ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ ഭൂഗര്‍ഭ കേബിള്‍ പദ്ധതികള്‍ക്കൊന്നും അംഗീകാരം നല്‍കാതെയും കൗണ്‍സില്‍ ചര്‍ച്ചകള്‍ നടത്താതെയും അലംഭാവം കാട്ടുകയാണ് കോര്പ്പറേഷന് ഭരണാധികാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: