കൊട്ടാരക്കര: നെടുവത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ അവണൂര്‍ ശാഖയിലും ക്രമക്കേടുകള്‍, സ്ഥിരനിക്ഷേപ തുകയിലും ദിവസപ്പിരിവ് വായ്പയിലും നടന്ന ക്രമക്കേടുകള്‍ പുറത്ത്.
എഴുകോണ്‍ സ്വദേശിയായ യുവ വ്യവസായിയുടെ സ്ഥിരനിക്ഷേപ തുക കാണ്മാനില്ല. 2015 ഡിസംബറിലാണ് എഫ്ഡി നമ്പര്‍ 2929 ആയി തുക ബാങ്കില്‍ നിക്ഷേപിച്ചത്. 2017 ജൂലൈയില്‍ ഈ സ്ഥിരനിക്ഷേപത്തില്‍ നിന്നും നിക്ഷേപകന് അറിയാതെ വായ്പയെടുത്തു. 2019 ജനുവരിയിലും 2020 മാര്‍ച്ചിലും ഈ വായ്പ പുതുക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യങ്ങള്‍ നിക്ഷേപിച്ച യുവവ്യവസായി അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തുക പിന്‍വലിക്കാന്‍ ബാങ്കിന്റെ അവണൂര്‍ ശാഖയില്‍ എത്തിയപ്പോഴാണ് സ്ഥിര നിക്ഷേപത്തുക പോലും കാണ്മാനില്ലെന്ന വിവരമറിഞ്ഞത്.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റാണ് അവണൂര്‍ ശാഖയുടെ മാനേജര്‍. വേണ്ടത്ര ജാമ്യമില്ലാതെ മാനേജരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപയുടെ അടക്കമുള്ള ചിട്ടികള്‍ നല്കിയതും ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കല്ലുവാതുക്കല്‍ സ്വദേശിയായ ബന്ധുവിന് പത്ത് ലക്ഷം രൂപയുടെ ചിട്ടിത്തുക നല്‍കിയത് മതിയായ രേഖകള്‍ ഹാജരാക്കാതെയാണ്. ചിട്ടിത്തുകയുടെ ഇരട്ടിയിലധികം വിലവരുന്ന ജാമ്യവസ്തു ഹാജരാക്കണമെന്നാണ് വ്യവസ്ഥ. കല്ലുവാതുക്കല്‍ പ്രദേശത്തെ ഭൂമി ജാമ്യമായി വയ്ക്കാനും നിയമപരമായി കഴിയുകയില്ല. സിപിഐ മണ്ഡലം കമ്മിറ്റി അംഗത്തിന്റെ ഭാര്യ കൂടിയായതിനാല്‍ മാനേജര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഭരണസമിതിയും തയ്യാറല്ല. ഈ നില വന്നതോടെയാണ് വന്‍ ക്രമക്കേടുകളിലേക്ക് അവണൂര്‍ ശാഖയും മാറിയത്.
ശാഖയില്‍ നിന്നും ദിവസപ്പിരിവ് വ്യവസ്ഥയില്‍ കച്ചവടക്കാര്‍ക്ക് 10,000 മുതല്‍ 25,000 രൂപവരെ വായ്പ നല്‍കുന്നുണ്ട്. കച്ചവടക്കാര്‍ എടുത്ത വായ്പ തിരിച്ചടച്ച് പൂര്‍ത്തിയാക്കിയാലും ബാങ്കില്‍ നിന്നും കുടിശിഖ തീര്‍ക്കാന്‍ വിളിയെത്താറുണ്ട്. ഇതിന്റെ പേരില്‍ സംഘര്‍ഷവും ഉണ്ടായിട്ടുണ്ട്. കച്ചവടക്കാരന് പരസ്പരജാമ്യത്തില്‍ വായ്പയെടുക്കുമ്പോള്‍ ജീവനക്കാര്‍ ഇതേ ജാമ്യവ്യവസ്ഥയി ബിനാമി വായ്പയെടുക്കും. ഈ തുക വീതം വയ്ക്കുകയാണ് രീതി. വായ്പയെടുത്ത കച്ചവടക്കാരന് തന്റെ പേരില്‍ മറ്റൊരു വായ്പയെടുത്ത കാര്യം അറിയുകയില്ല. ഇത്തരത്തില്‍ തിരിച്ചുപിടിക്കാനാകാത്ത ലക്ഷക്കണക്കിന് രൂപയുടെ വായ്പകളുണ്ട്.
തിരിച്ചടവ് കാലാവധി കഴിഞ്ഞതും നിയമ നടപടിയ്ക്കുള്ള സമയങ്ങള്‍ അതിക്രമിച്ചതുമായ ദിവസപ്പിരിവ് വായ്പകളെല്ലാം ഇത്തരത്തില്‍ ക്രമക്കേടിലൂടെ ജീവനക്കാരും ഭരണസമിതിയിലെ ചിലരും ചേര്‍ന്ന് തട്ടിയെടുത്തതായാണ് ആക്ഷേപം. ദിവസപ്പിരിവിന് ബാങ്ക് നിയമിച്ചിരുന്നയാള് പിരിച്ചെടുത്ത തുക സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ ഇട്ടിരുന്നത് കാണാതായ സംഭവവും ഉണ്ട്. 15 ലക്ഷം രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടു. 52 ചെക്കുകളില്‍ വ്യാജ ഒപ്പിട്ടാണ് ഈ തുക അടിച്ചുമാറ്റിയതെന്നുകാട്ടി ദിവസപ്പിരിവുകാരന് അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ഈ വിഷയത്തെ തുടര്‍ന്ന് കടക്കെണിയിലായ ഇദ്ദേഹം സ്വന്തം വീടും ഭൂമിയും വില്‍പ്പന നടത്തി ബാങ്കിലെ ബാദ്ധ്യതകള്‍ തീര്‍ത്തിട്ടും ഇനിയും അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഭരണസമിതിയുടെ വിരട്ടല്‍.
സിപിഐ നേതൃത്വം നല്‍കുന്നതാണ് ബാങ്ക് ഭരണസമിതി. കോടികളുടെ ക്രമക്കേടുകള്‍ നടന്ന വിഷയം ജന്മഭൂമിയിലൂടെ പുറത്തായതോടെ ഇടതുമുന്നണി യോഗം ചേര്‍ന്നിരുന്നു. ബാങ്ക് വിഷയം മാത്രം അജണ്ടയില്‍ വെച്ച യോഗത്തില്‍ സെക്രട്ടറിക്കെതിരെ നടപടി എടുക്കില്ലെന്ന് സിപിഐ വാദിച്ചതോടെ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് തീരുമാനത്തിലെത്താതെ യോഗം അവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: