തിരുവനന്തപുരം: തലസ്ഥാനത്ത് യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്തിനു പിന്നില്‍ ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധമുള്ളവരും. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ വിഷയത്തില്‍ ഇടപെട്ടത്. കള്ളക്കടത്തിനു പിന്നില്‍ ഭീകരപ്രവര്‍ത്തനവുമുണ്ടെന്നതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ദോവല്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. ദുബായ് ആസ്ഥാനമായി ആണ് ഈ സ്വര്‍ണക്കടത്ത് നടക്കുന്നത്. ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധമുള്ള ചിലര്‍ ഇതിനു പിന്നിലുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു. കേരളത്തിലേക്ക് ആണ് സ്വര്‍ണം എത്തിയതെങ്കിലും ഇത് മറ്റുള്ള സംസ്ഥാനങ്ങളിലേക്കും പോയിട്ടുണ്ടെന്നും ഇന്റലിജന്‍സ് കണ്ടെത്തി. ജ്വല്ലറി മാഫിയ മാത്രമല്ല ഇത്ര വലിയ സ്വര്‍ണക്കടത്തിനു പിന്നിലെന്നും കണ്ടെത്തി.
സ്വര്‍ണക്കടത്തിനു പിന്നില്‍ വിദേശബന്ധം കൂടി ഉള്ളതിനാലാണ് കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ദോവല്‍ നിര്‍ദേശിച്ചത്. ദുബായ് കേന്ദ്രീകരിച്ച് തീവ്രവാദബന്ധമുള്ളവര്‍ ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കാന്‍ വന്‍തോതില്‍ ഫണ്ട് ഒഴുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത്തരത്തിലുള്ള ബന്ധമാണ് ഇപ്പോഴത്തെ കടത്തിലും ദോവല്‍ സംശയിക്കുന്നത്. കസ്റ്റംസിനും സിബിഐക്കും ഈ വിഷയത്തിലെ അന്വേഷണത്തില്‍ പരിമിതികള്‍ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎക്ക് വിട്ടത്.
തലസ്ഥാനത്ത് യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ നടത്തിയ സ്വര്‍ണക്കടത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണത്തിന് ഇന്നലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടത്. സ്വര്‍ണക്കടത്തിനു പിന്നില്‍ ദേശവിരുദ്ധ ശക്തികളുമുണ്ടെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ സ്വര്‍ണക്കടത്തു സംബന്ധിച്ച എല്ലാ വിവരങ്ങളും പരിശോധിച്ചിരുന്നു. ഇപ്പോഴത്തെ കേസ് മാത്രമല്ല, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയത് ദുരൂഹമായ എല്ലാ സ്വര്‍ണക്കടത്ത് കേസുകളും എന്‍ഐഎ അന്വേഷിക്കും. ഇതോടെ, കേരളത്തില്‍ ദേശവിരുദ്ധ ശക്തികളുടെ ഇടപെടലുകള്‍ പുറത്തുവരും.
കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാര്‍ഗോയിലാണ് 30 കിലോ സ്വര്‍ണം കണ്ടെത്തിയത്. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ സ്വപ്നയ്ക്കായി തെരച്ചില്‍ തുടരുകയാണ്. കേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തും സ്വപ്നയും തിരുവനന്തപുരത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോള്‍ തന്നെ ഇരുവരും ഡിപ്ളോമിക് ചാനല്‍ വഴി സ്വര്‍ണം കടത്തിയിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വഴിവിട്ടബന്ധങ്ങളുടെ പേരില്‍ ഇരുവരെയും കോണ്‍സുലേറ്റില്‍ നിന്ന് മാറ്റി. എന്നാല്‍ പിന്നീടും ഇവര്‍ കള്ളക്കടത്ത് തുടര്‍ന്നു. വിമാനത്താവളത്തില്‍ ബാഗ് എത്തിയാല്‍ ക്ലിയറിംഗ് ഏജന്റിന് മുന്നില്‍ വ്യാജ ഐഡി കാര്‍ഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്. ഇതിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല. നയതന്ത്ര ബാഗാണ് എന്നതിനുള്ള സാക്ഷിപത്രവും ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങള്‍ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വര്‍ണം ഇവര്‍ ആര്‍ക്കാണ് കൈമാറുന്നത് എന്നതടക്കം വിഷയങ്ങളില്‍ കസ്റ്റംസ് അന്വേഷണം തുടരുകയാണ്. സ്വപ്നയ്ക്കും സരിത്തിനു കോടികളുടെ ആസ്തിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: