കേരളത്തില്‍ ഭരണ-രാഷ്ട്രീയ രംഗങ്ങള്‍ അധാര്‍മ്മികതയുടെ കൂത്തരങ്ങായി മാറുന്നതാണ് അടുത്തിടെയായുള്ള പതിവ് കാഴ്ച. ജനങ്ങള്‍ക്ക് മാത്രമല്ല, അവരെ ഭരിക്കുന്നവര്‍ക്കും വേണ്ടേ ധാര്‍മ്മിക ബോധം? തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് പിടികൂടിയതിനെ തുടര്‍ന്നുണ്ടായ കണ്ടെത്തലുകള്‍ ഗുരുതരവും സങ്കീര്‍ണവുമായ തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. സ്വര്‍ണക്കടത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് രാജ്യവിരുദ്ധശക്തികളുമായി ബന്ധമുണ്ടെന്നും ഇവര്‍ക്ക് സൗകര്യങ്ങളൊരുക്കി കൊടുക്കുന്നതില്‍ മുഖ്യമന്ത്രിയുടെ കാര്യാലയമടക്കമുള്ള സംസ്ഥാനത്തിന്റെ ഉന്നതാധികാര കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ടെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. നയതന്ത്ര ബാഗേജ് എന്ന വ്യാജേന പലതവണ സ്വര്‍ണം കടത്തിയവര്‍ ആയുധങ്ങളും മയക്കുമരുന്നുകളും കടത്തിയിരിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാഷ്ട്രീയ നേതൃത്വവും ഭരണനേതൃത്വവും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കടിപ്പെട്ട് രാജ്യവിരുദ്ധശക്തികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന പ്രവണത ഒട്ടും ആശാസ്യമല്ല.
ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും സത്യവാചകം ചൊല്ലി അധികാരമേറ്റവരാണ് രാജ്യവിരുദ്ധശക്തികള്‍ക്കും കള്ളക്കടത്തുകാര്‍ക്കും തണലൊരുക്കിക്കൊടുക്കുന്നത് എന്നത് നിസ്സാരകാര്യമല്ല. ഈ രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യസംഭവവുമാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് അധികാരമേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് ജനങ്ങള്‍ മറന്നിട്ടില്ല. അടുത്ത അഞ്ചുവര്‍ഷം അധികാരത്തിന്റെ ഇടനാഴികളില്‍ ഇടപെടലുകള്‍ നടത്തുന്ന അവതാരങ്ങളുണ്ടാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അധികാര ദല്ലാള്‍മാര്‍ നടത്തിയ കച്ചവടത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു പിണറായിയുടെ വാക്കുകള്‍. എന്നാല്‍ അതിലും ഗുരുതരമായ രീതിയില്‍ അധികാര ദുര്‍വിനിയോഗവും അവിഹിത ഇടപെടലുകളും നടക്കുന്ന ഒരു ലാവണമാണ് തന്റെ സര്‍ക്കാരെന്ന് അധികാരത്തിന്റെ നാള്‍വഴികളില്‍ പലവട്ടം തെളിയിച്ചു കഴിഞ്ഞിരിക്കുകയണ് പിണറായി വിജയന്. മറ്റൊരിക്കലും നടന്നിട്ടില്ലാത്ത രീതിയില്‍ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ രഹസ്യതാവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുകയും ചെയ്തു.
ഐഎസ്ആര്‍ഒ പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്പേസ് പാര്‍ക്ക് കേരള എന്ന പദ്ധതിയുടെ താക്കോല്‍ സ്ഥാനത്ത് സര്‍ക്കാര്‍ ഇരുത്തിയ വ്യക്തിയാണ് ഇപ്പോള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയിരിക്കുന്നതെന്ന് ഓര്‍ക്കണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട എന്തെല്ലാം രഹസ്യങ്ങള്‍ ഈ സ്ത്രീയിലൂടെ ചോര്‍ത്തപ്പെട്ടില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും? ഐടി മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ പരിപാടികളില്‍ വിദേശപ്രതിനിധികളടക്കം നിരവധി പേര് പങ്കെടുത്തിട്ടുണ്ട്. അവരൊക്കെ ഈ സ്ത്രീ മുഖാന്തിരം മുഖ്യമന്ത്രിയുടെ ഓഫീസുമായി പലപ്പോഴും ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരണത്തിനായി സ്പ്രിംഗഌ കമ്പനിയുമായി കരാറുണ്ടാക്കിയത് വിവാദമായിരുന്നു. സംസ്ഥാനത്തെ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ അനുവാദത്തോടെ നടപ്പാക്കിയ പദ്ധതിയാണിതെന്നായിരുന്നു ആരോപണം. ഇത് ഏതാണ്ട് ശരിയാണെന്ന് തെളിയുകയും ചെയ്തു. സ്പ്രിംഗഌറില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും ചെയ്തു. എന്നാല്‍ അതിനു മുമ്പ് തന്നെ ഡാറ്റകള്‍ ചോര്‍ന്നിരുന്നു. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാരുള്‍പ്പെടെയുള്ള ഉന്നതരടക്കം പലരുടെയും വിവരങ്ങള്‍ ഇതുവഴി വിദേശരാജ്യങ്ങളില്‍ എത്തിച്ചേര്‍ന്നതായി വേണം കരുതാന്‍.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ഭരണത്തിന്റെ അകത്തളങ്ങളില്‍ ഒരു സ്ത്രീ നടത്തിയ ഇടപെടലുകള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ കേരളം കണ്ടതാണ്. അതിലേറെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉണ്ടായിരിക്കുന്നത്. ഭരണകൂടവും അതിന് നേതൃത്വം നല്‍കുന്നവരും ഇത്തരം അവിഹിത ഇടപെടലുകള്‍ക്ക് വിധേയരാവുന്നത് നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. അഴിമതിയുടെ കറപുരളാതെ, പിന്‍വാതില്‍ ഇടപെടലുകളില്ലാതെ കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്രത്തില്‍ നടന്നു വരുന്ന ഭരണത്തെ മാതൃകയാക്കാന്‍ കേരളം തയ്യാറാവണം എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. രാഷ്ട്രീയാപചയം ഭരണസംവിധാനത്തെയും ബാധിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ രാഷ്ട്രതന്ത്രജ്ഞതയില്‍ അനിവാര്യമായ ധാര്‍മ്മികത കാത്തുസൂക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: