തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയേയും സിപിഎം നേതൃത്വത്തെയും കുറ്റപ്പെടുത്തി സിപിഐ. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് സര്‍ക്കാരിന്റെ മേല്‍ക്കൈ നഷ്ടമാക്കിയെന്ന് കുറ്റപ്പെടുത്തി പാര്‍ട്ടി മുഖപത്രമായ ജനയുഗം മുഖപ്രസംഗമെഴുതി.
നേരത്തെ തന്നെ ആരോപണവിധേയനായിരുന്ന ഐടി സെക്രട്ടറി എം. ശിവശങ്കറിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും കാണിച്ച അമിതോത്സാഹമാണ് ഇപ്പോള്‍ തിരിച്ചടിയായതെന്നാണ് സിപിഐയുടെ വിമര്‍ശനം. കേസ് സംസ്ഥാനത്ത് ഇടതുമുന്നണിക്കുണ്ടായിരുന്ന രാഷ്ട്രീയ മേല്‍ക്കൈ നഷ്ടമാക്കി. നടക്കരുതാത്തതാണ് നടന്നത്, മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. സിപിഐ നേതൃത്വത്തിന്റെ താത്പര്യ പ്രകാരമാണ് പാര്‍ട്ടി പത്രം വിമര്‍ശനമുന്നയിച്ചതെന്നാണ് വിവരം.
സ്പ്രിംങ്കഌ വിവാദത്തിന്റെ സമയത്തു തന്നെ ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. അന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ശിവശങ്കറിനെ സംരക്ഷിക്കുകയായിരുന്നു. അന്ന് ഐടി സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് കാനം രാജേന്ദ്രന് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇയാളെ ചുമതലയില്‍ നിന്ന് മാറ്റിയില്ലെന്ന് മാത്രമല്ല, സിപിഎം നേതൃത്വം ശിവശങ്കറിനെത്തന്നെ കാനത്തിനടുത്തേക്ക് അയയ്ക്കുകയും ചെയ്തു. ഇത് കടുത്ത അപമാനമായാണ് സിപിഐ നേതൃത്വം കരുതുന്നത്. അതിനുള്ള മറുപടി കൂടിയാണ് മുഖപ്രസംഗത്തിലൂടെ അവര്‍ നല്‍കുന്നത്.
എം.എന്‍ സ്മാരകത്തിലെത്തി ശിവശങ്കര്‍ കാനത്തെ കണ്ടതിനു ശേഷവും സെക്രട്ടറിയെ മാറ്റണമെന്ന നിലപാടിലായിരുന്നു സിപിഐ. പക്ഷേ മുഖ്യമന്ത്രിയും സിപിഎമ്മും ആ എതിര്‍പ്പിനെ മുഖവിലക്കെടുത്തില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കര്‍ അമിതാധികാരം കൈയാളിയിരുന്നുവെന്നും തങ്ങളുടെ മന്ത്രിമാരുടെ വകുപ്പുകളില്‍ പോലും ഇടപെട്ടിരുന്നുവെന്നും സിപിഐക്ക് നേരത്തെതന്നെ പരാതിയുണ്ടായിരുന്നു.
സിപിഎമ്മിനുള്ളില്‍ നിന്ന് ശിവശങ്കറിനെതിരെ പരാതിയുണ്ടായിരുന്നു. ധനകാര്യമന്ത്രി തോമസ് ഐസക്ക് നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. ഇത്രയൊക്കെ പരാതികളുയര്‍ന്നിട്ടും പിണറായി ശിവശങ്കരനെ കൈവിടാന്‍ തയാറാകാഞ്ഞതാണ് സിപിഐ നേതൃത്വത്തെ ചൊടിപ്പിക്കുന്നത്. പ്രതികള്‍ എത്ര ഉന്നതരായാലും അവരെ സംരക്ഷിക്കുന്നത് ആരായാലും കണ്ടെത്തി ശിക്ഷിക്കണമെന്ന മുനവച്ച പ്രയോഗവും മുഖപ്രസംഗത്തിലുണ്ട്. വളരെ വലിയൊരു തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ സോളാര്‍ കേസുമായി ഇപ്പോഴത്തെ കേസ് താരതമ്യം ചെയ്യപ്പെടുമെന്നും സിപിഐ മുഖപത്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: