ലഖ്നൗ : പോലീസുകാരെ വധിച്ച് കടന്നുകളഞ്ഞ കൊടുംകുറ്റവാളി വികാസ് ദുബെെ മധ്യ പ്രദേശില്‍ പിടിയില്‍. മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജെയ്ന്‍ മഹാകാല്‍ ക്ഷേത്രത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഇന്ന് രാവിലെ എട്ട് മണിയോടെ മഹാകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പുറത്തേക്കിറങ്ങിയ ദുബെയെ ക്ഷേത്രപരിസരത്തെ ഒരു കടയുടമ തിരിച്ചറിഞ്ഞ് സുരക്ഷാ ജീവനക്കാരെ അറിയിക്കുകയായിരുന്നു.
സുരക്ഷാജീവനക്കാര്‍ ഇയാളെ തടഞ്ഞ് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. ഇയാള്‍ ഒരു വ്യാജതിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചെങ്കിലും വിട്ടയക്കാന്‍ സുരക്ഷാജീവനക്കാര്‍ തയ്യാറാവാതിരുന്നതോടെ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ സ്ഥലത്ത് എത്തിയ പോലീസ് സംഘം ഇയാളേയും കൂട്ടാളികളായ രണ്ടു പേരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദുബെ പിടിയിലായ വിവരം പുറത്തു വന്നതിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസാരിച്ചു. നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി ദുബെയെ യുപി പോലീസിന് കൈമാറാന്‍ മുഖ്യമന്ത്രിമാരുടെ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.
ഉജ്ജെയിനില്‍ വികാസ് ദുബെ പിടിയിലാവുന്ന അതേസമയത്ത് തന്നെ യുപിയില്‍ വച്ച് ഇയാളുടെ അനുയായിയായ പ്രഹ്ളാദ് പോലീസിന്റെ വെടിയേറ്റു മരിച്ചു. ബുധനാഴ്ച രാവിലെ ഫരീദാബാദിലെ ഒരു ഹോട്ടലില്‍ ദുബെയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവിടെ എത്തിയെങ്കിലും ഇയാളെ പിടികൂടാനായിരുന്നില്ല. എന്നാല്‍ പ്രഹ്ളാദിനെ ഇവിടെ നിന്നും പോലീസ് പിടികൂടുകയായിരുന്നു.
ഇയാളുമായി കാന്‍പൂരിലേക്ക് തിരിച്ചു പോകുന്നതിനിടെ ഇയാള്‍ പോലീസുകാരുടെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ഇയാളുടെ മറ്റൊരു അനുയായിയായ പ്രവീണിനെ ബുധനാഴ്ച അര്‍ധരാത്രി നടന്ന ഏറ്റുമുട്ടലില്‍ പോലീസ് വകവരുത്തിയിരുന്നു.
കഴിഞ്ഞയാഴ്ച കാന്‍പൂരില്‍ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പോലീസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള പോലീസുകാരായിരുന്നു കൊല്ലപ്പെട്ടത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പീഡനം അടക്കം അറുപതോളം കേസുകളില്‍ പ്രതി കൂടിയാണ് ദുബെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: