ഇടുക്കി: നിലവില്‍ 77 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 77 പേര് ചികിത്സയിലുമുണ്ട്. ഇതില്‍ 72 പേര് ജില്ലയിലും 4 പേര് കോട്ടയത്തും ഒരാള്‍ മഞ്ചേരിയിലുമാണ് ചികിത്സയിലുള്ളത്. കോട്ടയം സ്വദേശിക്ക് ചൊവ്വാഴ്ച ഇടുക്കിയില്‍ വെച്ച് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളെ പിന്നീട് കോട്ടയത്തിന് മാറ്റുകയും ചെയ്തു. അതേ സമയം രണ്ട് ദിവസമായി രോഗം ഭേദമായവര്‍ ജില്ലയില്‍ ഇല്ല.
അതേ സമയം ജില്ലയിലാകെ 56 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. വീടുകളിലും സ്ഥാപനങ്ങളിലുമായി 4822 പേരും നിരീക്ഷണത്തിലുണ്ട്. ഇതുവരെ 12,123 പേരുടെ സ്രവ സാമ്പിളുകള്‍ ശേഖരിച്ചപ്പോള്‍ ഇന്നലെ മാത്രം ഫലം വന്നത് 362 പേരുടെയാണ്. ഇനി 481 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
കര്‍ശന നടപടി
കൊറോണ രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൃത്യമായി സാമൂഹിക അകലം പാലിക്കാത്തത് ഭീഷണിയാകുന്നതായി കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ ജില്ലയുടെ പ്രധാന ടൗണുകളില്‍ കര്‍ശന പരിശോധന നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്ന് കളക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു. കടകളില്‍ എത്തുന്നവര്‍ മുഖാവരണം ധരിക്കുന്നുണ്ടോ, സാനിറ്റൈസര്‍, കൈ കഴുകാനുള്ള സംവിധാനം തുടങ്ങിയവ ഉണ്ടോ എന്നതും പരിശോധിക്കും. ജില്ലയില്‍ തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ രാത്രി 9ന് ശേഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും കളക്ടര്‍ ഇന്നലെ ഉത്തരവിട്ടു.
ഹോട്ട്സ്പോട്ട് ആക്കി
ഇന്നലെ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ കരുണാപുരം പഞ്ചായത്തിലെ 14-ാം വാര്‍ഡായ പോത്തിന്‍കണ്ടം ഹോട്ട്സ്പോട്ടാക്കി കളക്ടര്‍ ഉത്തരവിറക്കി. വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചത് ഭര്‍ത്താവില്‍ നിന്നാകുമെന്നാണ് നിഗമനം. ഇയാള്‍ മുമ്പ് കൊറോണ സ്ഥിരീകരിച്ചയാള്‍ക്ക് പതിവായി ഭക്ഷണം എത്തിച്ച് നല്കുന്നുണ്ടായിരുന്നു.
മിച്ചം വരുന്ന ഭക്ഷണവും പഴങ്ങളുമടക്കം തിരികെ അതേ പാത്രത്തില്‍ കൊണ്ടുവന്നിരുന്നു. ഇതാണ് രോഗം വരാന്‍ കാരണമായത്. ഇരുവര്‍ക്കും ഇത് സംബന്ധിച്ച വ്യക്തമായ അറിവില്ലാതെ പോയതാണ് പ്രശ്നമായത്. ഇരുവരേയും കൃത്യമായി കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാതെ ഭക്ഷണം എത്തിക്കാന്‍ അനുവദിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന് വീഴ്ചയുണ്ടെന്നാണ് ആക്ഷേപം.
സമ്പര്‍ക്ക പട്ടിക തിരയുന്നു
കട്ടപ്പനയില്‍ നഴ്സിന് രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി ബന്ധപ്പെട്ട ആളുകളുടെ സമ്പര്‍ക്ക പട്ടിക തിരയുന്നു. ആംബുലന്‍സിലെ ഡ്രൈവറടക്കം എട്ട് പേരോട് നിലവില്‍ നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. ഇവര്‍ ഭക്ഷണം കഴിച്ചിരുന്ന കട്ടപ്പനിയിലെ ഹോട്ടല്‍ അടപ്പിച്ചു. ആശുപത്രി ആവശ്യങ്ങള്‍ക്കായി അടുത്ത ദിവസങ്ങളില്‍ നഴ്സുമായി ബന്ധപ്പെട്ടവരെയും ആരോഗ്യ പ്രവര്‍ത്തകര്‍ തെരഞ്ഞ് വരികയാണ്. വലിയ സമ്പര്‍ക്കം കണ്ടെത്താത്തതിനാല്‍ നിലവില്‍ ഇവിടെ മറ്റ് നിയന്ത്രണങ്ങളില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: