കോവിഡ് വൈറസ് പടര്‍ന്നു കയറുന്ന അന്തരീക്ഷത്തില്‍ ജനങ്ങള്‍ ഭൂരിഭാഗവും ഭീതിയോടെ കഴിയുമ്പോള്‍ ഒരു വിഭാഗം അതൊരു അവസരമാക്കുകയാണ്. അത്തരമൊരു അവസരമാണ് ഭരണസിരാകേന്ദ്രത്തിലൂടെ തല്‍പ്പരകക്ഷികള്‍ നേടിയെടുത്തിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ഇടപാടാണ് കോടികളുടെ സ്വര്‍ണക്കടത്തിലൂടെ നടന്നിരിക്കുന്നത്.ഭരണസിരാകേന്ദ്രത്തിലെ വമ്പന്‍ സ്രാവുകളുടെ ഒത്താശയോടെ നടന്ന ഈ ഇടപാടില്‍ ഓരോരുത്തര്‍ക്കും എത്ര, രാഷ്ട്രീയ കക്ഷിക്കെത്ര വാരിയെടുക്കാനായി എന്നേ അറിയാനുള്ളൂ.
ഒരു മന്ത്രിസഭാതലവന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ അധികാരാവകാശങ്ങളെക്കുറിച്ച് പിണറായി വിജയന് ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാണ്. ഇക്കാര്യം പല സന്ദര്‍ഭങ്ങളിലും അദ്ദേഹം സംശയലേശമെന്യേ എടുത്തു പറഞ്ഞിട്ടുമുണ്ട്. നാലു വര്‍ഷം മുമ്പ് അധികാരമേറ്റ് അധികം കഴിയുന്നതിനു മുമ്പ് സെക്രട്ടേറിയേറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്ത് അദ്ദേഹം ചൂണ്ടിക്കാട്ടിയ ചില കാര്യങ്ങളുണ്ട്. ഇന്നത്തെ സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തില്‍ അതൊന്ന് ഓര്‍ക്കുന്നത് നന്നാവും.’ ഈ ഭരണത്തില്‍ ഇടപെടാനും നിയന്ത്രിക്കാനും അവതാരങ്ങളൊന്നുമുണ്ടാവില്ല. ഏതാവും ആ അവതാരങ്ങളെന്ന് ഞാന്‍ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. നിങ്ങള്‍ക്കറിയാവുന്നതാണ്” എന്ന് നെഞ്ചുവിരിച്ചു പറഞ്ഞ മുഖ്യമന്ത്രിയുടെ അന്തപ്പുരത്തിലൂടെയാണ് ‘അവതാര’ങ്ങള് സ്വര്‍ണക്കടത്തു നടത്തിയിരിക്കുന്നത്. തന്റെ വിശ്വസ്തനായി വാഴിച്ച ശിവശങ്കര ഈ കെടുവഴി വെട്ടിയൊരുക്കാന്‍ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും ദുരുപയോഗപ്പെടുത്തി എന്നതാണ് വസ്തുത. സ്പ്രിംഗഌ, ഇ-മൊബിലിറ്റി, പ്രൈസ് വാട്ടര്‍ ഉള്‍പ്പെടെയുള്ള സകല ദുരൂഹ ഇടപാടുകളിലും തള്ളക്കോഴി കോഴിക്കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സൂക്ഷിക്കുന്നതു പോലെ എം.ശിവശങ്കര്‍ എന്ന ഐടി സെക്രട്ടറിയെ മുഖ്യമന്ത്രി സംരക്ഷിച്ചു പോന്നു. കരാറിലെ ‘മനസിലാകാത്ത’ ചില കാര്യങ്ങള്‍ സിപിഐയെ ബോധ്യപ്പെടുത്താന്‍ അവരുടെ ഓഫീസിലേക്കു പറഞ്ഞയക്കാന്‍ പാകത്തില്‍ പരുവപ്പെടുത്തിയ കാവല്‍ ദൂതനായിരുന്നു പിണറായിക്ക് ശിവശങ്കര്‍. ആ ശിവശങ്കറാണ് സ്വര്‍ണക്കടത്തിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷിന് ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാര്‍ക്ക് പദ്ധതിയിലേക്കുളള വഴി ഒരുക്കിക്കൊടുത്തത്. ഇത് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) നിര്ദ്ദേശിച്ചിട്ടായിരുന്നു പോലും! എവിടെയൊക്കെ ഉത്തരവാദമെടുത്തിട്ടുണ്ടോ അവിടെയൊക്കെ വഴിവിട്ടതും മ്ലേച്ഛവുമായ ഇടപാടുകള്‍ നടത്തിയ ചരിത്രമാണത്രേ ഐടി സെക്രട്ടറിക്കുള്ളത്. അതേയാള്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയാവുമ്പോള്‍ എന്തെന്തൊക്കെ സംഭവിച്ചുകൂടാ. സ്വപ്നയുടെ സകല ഇടപാടുകള്‍ക്കും കൂട്ടുനിന്ന വ്യക്തിയെ ഇപ്പോഴത്തെ ഇടപാടിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഒഴിവാക്കിയിട്ടുണ്ട്. ഐടി സെക്രട്ടറിസ്ഥാനം ആദ്യം നിലനിര്‍ത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തിയതിനാല്‍ ഒടുവില്‍ മാറ്റി.ഐടിയുമായി ബന്ധപ്പെട്ട് അകത്തും പുറത്തും നടക്കുന്ന പല ഇടപാടുകളും ശിവശങ്കര്‍ വഴിയായതിനാല്‍ സുരക്ഷാ വാല്‍വായി അദ്ദേഹം തല്‍സ്ഥാനത്ത് തുടരേണ്ടത് മുഖ്യമന്ത്രിക്ക് അത്യന്തം ആവശ്യമായിരുന്നു.
സ്വപ്ന സുരേഷ് എന്നയാള്‍ ഒരു സുപ്രഭാതത്തില്‍ സ്വര്‍ണക്കടത്തുമായി രംഗത്തെത്തുകയായിരുന്നില്ലെന്ന് വ്യക്തമാണ്.’ നയതന്ത്രപ്പെട്ടി’യും മറ്റും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും അതിന്റെ മറവില്‍ എന്തൊക്കെ നേട്ടങ്ങള്‍ വാരിക്കൂട്ടാമെന്നും അറിയുന്നയാളാണ്. ഇടപാടുകളുടെ സുതാര്യതയ്ക്കുവേണ്ടി എന്തും ചെയ്യാന്‍ അവര്‍ക്ക് സാധിക്കും. അതിനുതക്കവണ്ണമുള്ള ഉന്നത ചരടുകള്‍ അവരുടെ കൈയിലുണ്ട്. ഭരണത്തില്‍ ഇടപെടാന്‍ ഒരവതാരത്തെയും അനുവദിക്കില്ലെന്ന് കട്ടായം പറഞ്ഞയാളുടെ പോക്കറ്റില്‍ തന്നെ അവതാരം ഫണം വിരിച്ചാടി എന്നതാണ് വസ്തുത. ‘മുഖ്യമന്ത്രിയുടെ ഓഫീസ് എന്തെന്നു ജനങ്ങള്‍ക്കു ബോധ്യമുണ്ട് ‘ എന്ന മുഖ്യമന്ത്രിയുടെ വീരവാദത്തിന്റെ ഉള്ളുറപ്പ് സമൂഹത്തിന് മനസ്സിലായി വരുന്നുണ്ട്. നേരത്തെ സരിതയെന്ന അവതാരം യുഡിഎഫ് സര്‍ക്കാരിനെ അമ്മാനമാടിയത് വിറ്റ് കാശാക്കിയാണല്ലോ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഉമ്മന്‍ ചാണ്ടിക്കെതിരെ സഭ്യേതരമായി അന്ന് പരാമര്‍ശം നടത്തിയ ഇന്നത്തെ മുഖ്യമന്ത്രിക്ക് കച്ചിത്തുരുമ്പെങ്കിലും ഇപ്പോള്‍ സഹായത്തിനില്ല എന്നറിയണം.
രാജ്യദ്രോഹത്തിലേക്കു പോലും വാതില്‍ തുറക്കാവുന്ന ഭീകരമായ സ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള വകുപ്പുമായി ബന്ധപ്പെട്ടാണ് നടന്നതെന്നത് ഞെട്ടിക്കുന്നതല്ലേ? സകല ഉത്തരവാദിത്തങ്ങളും ഉള്ള വ്യക്തി തന്നെ അതെല്ലാം കളഞ്ഞുകുളിക്കുന്ന അവസ്ഥയില്‍ ഭരണത്തില്‍ എങ്ങനെ തുടരാനാവും? ധാര്‍മികതയുടെ ഏതെങ്കിലും അംശം ശേഷിക്കുന്നുവെങ്കില്‍ രാജിവയ്ക്കുകയും അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്പിക്കുകയുമാണു വേണ്ടത്. കൊറോണയുടെ പേരില്‍ തലസ്ഥാനത്ത് മൂന്നുതല അടച്ചിടലും പ്രതിഷേധങ്ങള്‍ക്ക് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് നിഷ്കര്ഷിച്ചതും ആനക്കൊള്ളയുടെ പ്രത്യാഘാതം ഇല്ലാതാക്കാനാവുമെന്ന് പൊതുജനങ്ങള്‍ സംശയിക്കുന്നുണ്ട്.ശിവശങ്കര്‍ എന്ന വിശ്വസ്തനെ തല്ക്കാലം ബലിയാടാക്കി രക്ഷപ്പെടാനുള്ള തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നത്. സ്വപ്ന സുരേഷ് 2017 മുതല്‍ മുഖ്യമന്ത്രിയുടെ വകുപ്പിലുള്‍പ്പെടെ മേഞ്ഞു നടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചതിലൂടെ സംഭവങ്ങളുടെ ഗുരുതരാവസ്ഥ എത്രമാത്രമാണെന്ന് നമുക്കറിയാനാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: