തൃശൂര്‍: കൊറോണ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ സ്ഥലം മാറ്റങ്ങളും പിന്‍വാതില്‍ നിയമനവും തകൃതി. സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ ഒത്താശയോടു കൂടിയാണ് ഇതെന്നാണ് ജീവനക്കാര്‍ പറയുന്നത്. അഗ്രോണമി വിഭാഗം മേധാവിയും കാര്‍ഷിക സര്‍വ്വകലാശാലയുടെ ശാസ്ത്ര ജേര്‍ണലിന്റെ എഡിറ്ററുമായ പ്രഗത്ഭയായ അധ്യാപികയെ മാനദണ്ഡങ്ങള്‍ പാലിക്കാതെ കാസര്‍കോഡേക്ക് സ്ഥലമറ്റിയതാണ് ഒടുവിലത്തെ സംഭവം.
സര്‍വ്വകലാശാലയുടെ അക്രഡിറ്റേഷനും റാങ്കിങ്ങും നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനപ്പെട്ട ഘടകമായ സര്‍വ്വകലാശാലാ ഗവേഷണ ജേര്‍ണലിന്റെ നിലവാരം ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പുരോഗതിയാണ് ഈ അധ്യാപികയുടെ നേതൃത്വത്തില്‍ കൈവരിച്ചത്. ഇതിനോടൊപ്പം ഈ വകുപ്പില്‍ തന്നെ കഴിഞ്ഞ വര്‍ഷം നിയമിതയായ അസിസ്റ്റന്റ് പ്രൊഫസ്സറെയും പട്ടാമ്പിയേക്ക് സ്ഥലം മാറ്റി. അധ്യാപരുടെ അനധികൃത സ്ഥലംമാറ്റത്തെ തുടര്‍ന്ന് അധ്യാപക ക്ഷാമം രൂക്ഷമായ അഗ്രണമി വകുപ്പില്‍ ഇതോടെ ബിരുദാനന്തര, ഗവേഷണ പരിപാടികള്‍ അവതാളത്തിലായി.
കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അക്രഡറ്റേഷന്‍ മാനദണ്ഡമനുസരിച്ച് ഏഴ് അദ്ധ്യാപകര്‍ വേണ്ട സ്ഥലത്ത് ഇനി വെറും മൂന്ന് അദ്ധ്യാപകരാണ് ഈ വകുപ്പില്‍ അവശേഷിക്കുന്നത്. ദ്രോഹിക്കുന്ന സമീപനമാണ് വിസിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് അധ്യാപകര്‍ തന്നെ പറയുന്നു. മികച്ച അധ്യാപകനുള്ള അവാര്‍ഡ് നിരവധി തവണ നേടിയ ഡോ. ഉമാ മഹേശ്വരനെ നിസാര കാരണങ്ങളുടെ പേരു പറഞ്ഞ് അസോസിയേറ്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്നു നീക്കിയിരുന്നു.
തുടര്‍ന്ന് ദേശീയ അവാര്‍ഡ് ജേതാവും വിവിധ തലങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുള്ള കായികാദ്ധ്യാപകനും വിദ്യാര്‍ത്ഥി ക്ഷേമ വകുപ്പു ഡയറക്ടറുമായ അധ്യാപകനെ ഭരണസമിതി തീരുമാനം നടപ്പാക്കിയതിന്റെ പേരില്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റി മറ്റൊരു ജൂനിയര്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിച്ചിരുന്നു. പിന്‍വാതില്‍ നിയമനവും സര്‍വകലാശാലയില്‍ തകൃതിയായി നടക്കുന്നതായാണ് വിവരം. സര്‍വകലാശാലയില്‍ ഒഴിവുള്ള ലൈറ്റ്/ഹെവി വെഹിക്കള്‍ ഡ്രൈവര്‍ തസ്തികകളിലും ക്ലാസ് ഫോര്‍ തസ്തികകളിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്ന് നിയമനം നടക്കുന്നുവെന്ന് അക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
കൊറോണ നിയന്ത്രണങ്ങള്‍ മറയാക്കി ജനറല്‍ കൗണ്‍സില്‍ തെരഞ്ഞടുപ്പ് മാറ്റി വച്ച വൈസ് ചാന്‍സലര്‍ അധ്യാപകരുടെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം അനന്തമായി നീട്ടുകയാണ്. അതിനിടയിലാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള സ്ഥലംമാറ്റനടപടിയെന്നും ആക്ഷപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: