തിരുവനന്തപുരം: കേരളം കൊറോണ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്. പക്ഷേ റിയാലിറ്റി അങ്ങനെ യല്ലെന്ന് എനിക്കിന്നലെ മനസിലായി, പറയുന്നത് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. ഒഴിവുദിവസത്തെ കളി, സെക്സി ദുര്‍ഗ, ചോല തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സനല്‍ കൊറോണ പരിശോധനയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പോയപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവച്ചപ്പോഴാണ് കേരളം കൊറോണ കൈകാര്യം ചെയ്യുന്നതിലെ യഥാര്‍ഥ്യം മനസിലാവുന്നത്. മഞ്ജു വാര്യര്‍ നായികയാവുന്ന കയറ്റം എന്ന ചിത്രമാണ് ഇനി പുറത്തു വരാനുള്ളത്.
പനിയും ശശീരവേദനയുമായി ജനറല്‍ ആശുപത്രിയില്‍ വൈകിട്ട് ഏഴു മണിക്കു ചെന്നതു മുതലുള്ള കാര്യങ്ങള്‍ സനലിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്. രാത്രി പത്തു മണിയായിട്ടും ചികിത്സ ലഭിച്ചില്ല. ഉച്ചയ്ക്ക് രണ്ടു മണിക്ക് വന്നിട്ട് ചികിത്സ ലഭിക്കാത്തവരും അപ്പോള്‍ അവിടെയുണ്ടെന്ന് സനല്‍ മനസിലാക്കുന്നു. മടങ്ങിപ്പോയ സനല്‍ പരിശോധനയ്ക്കായി സ്വകാര്യ ലാബിനെ ആശ്രയിക്കുന്നതായും പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്തഭാഗം:
ഞാന്‍ നേരെ തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലിലെ കോവിഡ് ഒപിയില്‍ പോയി. പേരു കൊടുത്ത് കാത്തിരുന്നു. ഒരു ടാര്‍പോളിന്‍ വലിച്ചുകെട്ടിയിട്ടുള്ളതിനു താഴെ ഏതാണ്ട് മുപ്പത്-മുപ്പത്തഞ്ചോളം ആളുകള്‍ കാത്തിരിക്കുന്നു. ഒരാളുടെ വിവരം ശേഖരിക്കാന്‍ തന്നെ അരമുക്കാല്‍ മണിക്കൂര്‍ എടുക്കുന്നു. എല്ലാവരും മാസ്ക് ഒക്കെ വച്ചിട്ടുണ്ടെങ്കിലും പലരും തുപ്പാന്‍ മുട്ടുമ്പോള്‍ മാസ്ക് താഴ്ത്തി വിശാലമായി തുപ്പുന്നു, തുമ്മുന്നു. വൈകിട്ട് ഏഴ് മണിക്ക് പോയ ഞാന്‍ 10 മണി വരെ കാത്തിരുന്നു. പലരുടെയും പേരു വിളിക്കുമ്പോള്‍ അവര്‍ ഇല്ല. കാത്തിരുന്നു മടുത്തിട്ട് തിരികെ പോയതാണ്.
പത്തേകാല് ആയപ്പോള്‍ ഞാന്‍ എന്റെ ഊഴം എപ്പോഴായിരിക്കും എന്ന് ചോദിച്ചു. കടലാസു കെട്ടിന്റെ ഒരു കുന്ന് തുരന്ന് എന്റെ പേരു കണ്ടുപിടിച്ചിട്ട് ഒരു ഡോക്ടര്‍ നിസഹായതയോടെ പറഞ്ഞു. ”ഏഴ് മണിക്ക് വന്നിട്ടാണോ ചേട്ടാ?” അപ്പോള്‍ അടുത്തിരിക്കുന്ന ഒരാള്‍ പറഞ്ഞു: ”ഞാന്‍ രണ്ടു മണിക്ക് വന്നതാണ്.”
പിന്നെ അവിടെ നിന്നിട്ട് കാര്യമുണ്ടെന്ന് തോന്നിയില്ല. ഒരുപക്ഷേ സാധാരണ വൈറല്‍ ഫിവര്‍ വല്ലതും ആണെങ്കില്‍ തന്നെ എട്ടും പത്തും മണിക്കൂര്‍ ഇത്രയധികം പനിയുള്ള ആളുകള്‍ക്കിടയില്‍ ഇരുന്നാല്‍ അസുഖം വന്നോളും. സ്റ്റാഫുകളുടെ കുറവും അവര്‍ക്ക് ഇത്രയധികം ആളുകളെ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടും ഒക്കെ മനസിലാക്കാവുന്നതേയുള്ളൂ. പക്ഷേ എന്തുകൊണ്ട് ഒരു ഓണ്‍ലൈന്‍ രജിസ്ട്രേഷന് സിസ്റ്റത്തിലൂടെയോ മറ്റോ ടൈം സ്ലോട്ട് കൊടുത്ത് രോഗികളുടെ കാത്തിരിപ്പ് സമയം ഒഴിവാക്കിക്കൂടാ. എനിക്ക് മനസിലാവുന്നില്ല. കേരളം കോവിഡ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പൊതുവേ നല്ല മതിപ്പാണ്. പക്ഷേ റിയാലിറ്റി അങ്ങനെ അല്ലെന്ന് എനിക്കിന്നലെ മനസിലായി. ഇതാണ് അവസ്ഥയെങ്കില്‍ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നുവെന്ന് പേടിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: