കൊല്ലം: കോവിഡ് കാലത്തെ കല്യാണങ്ങളെല്ലാം ഇങ്ങനെയാണ്. സ്വീകരണത്തിനായാലും കല്യാണത്തിനായാലും ചട്ടങ്ങള്‍ മാറുകയാണ്. കോവിഡ് സ്പെഷ്യല്‍ കല്യാണപാക്കേജുമായി വിവിധ ഈവന്റ് മാനേജ്മെന്റ് ടീമുകള്‍ രംഗത്തുണ്ട്. പ്രവേശനകവാടത്തിലെ തെര്‍മല്‍ സ്കാനിങ്ങില്‍ തുടങ്ങും ജാഗ്രത. കൈ സാനിറ്റൈസ് ചെയ്യുമ്പോഴേക്കും സംഘാടകരായ ഈവന്റ് മാനേജ്മെന്റ് ടീം ഗ്ലൗസുമായെത്തും.
മാസ്ക് മുഷിഞ്ഞതാണല്ലോ സാര്‍ എന്ന് ഓര്‍മിപ്പിച്ച് പുതിയതൊന്ന് തരും. രജിസ്ട്രേഷന് കൗണ്ടറും തൊട്ടടുത്തുണ്ടാകും. പേരും വിലാസവും ഫോണ്‍നമ്പരും പറഞ്ഞ് അകത്തേക്ക് കടക്കാം. കല്യാണവേദിയില്‍ ഇരിപ്പിടങ്ങളെല്ലാം നിശ്ചിത അകലത്തിലാണ്.
വധൂവരന്മാര് എത്തുന്നതുമുതല്‍ ഭക്ഷണംവരെ കോവിഡ് ചട്ടങ്ങളനുസരിച്ച്. കോവിഡ് പേടിയില്‍ ഭൂരിഭാഗം കല്യാണങ്ങളും മാറ്റിവയ്ക്കുകയാണ്. മാറ്റാന്‍ പറ്റാത്ത സാഹചര്യങ്ങളിലുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ കല്യാണം നടത്തുന്നത്. ലോക് ഡൗണ്‍ കാലത്ത് നീട്ടിവച്ച കല്യാണങ്ങളും ഇപ്പോള്‍ നടത്തുകയാണ്. ഒപ്പം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് വീടുകളിലും ക്ഷേത്രങ്ങളിലും ചെറിയ ആഡിറ്റോറിയങ്ങളിലും ചെലവുചുരുക്കി നടത്തുകയാണ്.
ഇപ്പോള്‍ കല്യാണത്തിന് ഒന്നേകാല്‍ ലക്ഷംമുതല്‍ ആറുലക്ഷം വരെയാണ് ബജറ്റ് ആള്‍ത്തിരക്ക് കുറഞ്ഞെങ്കിലും ആഡംബരങ്ങള്‍ ഒന്നും ഒഴിവാക്കുന്നില്ല. പൊലിമ കെടാതെ, നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇവയെല്ലാം നടത്തുന്നത്. കോവിഡ്കാലത്തെ കല്യാണങ്ങളിലെല്ലാം കല്യാണവീട്ടിലേക്ക് കടക്കുന്നതിനുമുമ്പ് തെര്‍മല്‍ സ്കാനര്‍ പരിശോധന, പിന്നെ ഗ്ലൗസും മാസ്കും നിര്മ്പന്ധമാകുന്നു. പ്രായമായവരെയും കുട്ടികളെയും ചടങ്ങില്‍നിന്ന് കഴിയുന്നതും ഒഴിവാക്കണമെന്ന നിര്‍ദേശം ഈവന്റ് മാനേജ്മന്റ് സംഘം നല്‍കാറുണ്ട്. പകരം ഇവര്‍ക്ക് വീട്ടിലിരുന്ന് കല്യാണം ലൈവായി കാണാന്‍ സൗകര്യം ഒരുക്കുന്നു.
കോവിഡ് സ്പെഷ്യല്‍ കല്യാണപാക്കേജുമായി വലുതും ചെറുതുമായ ഈവന്റ് മാനേജ്മെന്റ് സംഘങ്ങള്‍ രംഗത്തുണ്ട്. നിലവിലുള്ള പ്രതിസന്ധിയെ ‘മാനേജ്’ ചെയ്യാനൊരുങ്ങിയാണ് ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. ചടങ്ങിന്റെ സ്വഭാവമനുസരിച്ച് ക്ഷണിതാക്കളുടെ എണ്ണം സര്‍ക്കാര്‍തലത്തില്‍ പരിമിതപ്പെടുത്തിയതിനാല്‍ ചട്ടക്കൂടിനുള്ളില്‍നിന്ന് ആകര്‍ഷകമായി ചടങ്ങൊരുക്കി പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. ആയിരങ്ങള്‍ പങ്കെടുക്കുന്ന വമ്പന്‍ ചടങ്ങുമുതല്‍ നൂറില്ത്താഴെപേര് പങ്കെടുക്കുന്ന ചടങ്ങുവരെ ലോക് ഡൗണിനെത്തുടര്‍ന്ന് വിവിധ കമ്പനികള്‍ക്ക് നഷ്ടമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: