ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ പതിനൊന്നാം നൂറ്റാണ്ടിലേതെന്നു കരുതുന്ന പതിനാറ് സമാധികള്‍ കണ്ടെത്തി. ഭുവനേശ്വറിലെ അതിപുരാതനമായ ലിംഗരാജ ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള ശിവ തീര്‍ത്ഥ മഠത്തിലെ ആദ്യ മഹന്തുകളുടെ സമാധികളാണിവ.
ചരിത്രകാരനും പുരവസ്തു വിദഗ്ധനുമായ അനില്‍ ധര്‍ ആണ് അടുത്തിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് സമാധികളെക്കുറിച്ച് വിവരം നല്‍കിയത്. കാടു കയറി, ജീര്‍ണാവസ്ഥയിലുള്ള സമാധികള്‍ ഏറെക്കാലമായി ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. സമാധി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ നാലുവശങ്ങളും ആളുകള്‍ കൈയേറിയിരുന്നു. സമാധികള്‍ക്ക് തൊട്ടുമുന്നിലുള്ള ആറു കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ അടുത്തിടെ അനുമതി ലഭിച്ചിരുന്നു. സമാധികളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നില്ലായിരുന്നെങ്കില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കൊപ്പം ഈ ചരിത്രശേഷിപ്പുകളും ആളുകള്‍ നീക്കം ചെയ്യുമായിരുന്നുവെന്ന് അനില്‍ ധര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: