ആരോഹണം : സരിമപനിസ
അവരോഹണം : സനിപമരിസ
ഷഡ്ജപഞ്ചമ സ്വരങ്ങള്‍ കൂടാതെ ചതുര്‍ശ്രുതി ഋഷഭം, ശുദ്ധമധ്യമം, കൈശകി നിഷാദം എന്നിവയാണ് രാഗത്തിലെ സ്വരങ്ങള്‍. ആരോഹണത്തില്‍ ഗാന്ധാരവും ധൈവതവുമാണ് വര്ജ്യസ്വരങ്ങള്. മേളരാഗത്തിന്റെ അതേ സ്വരങ്ങള്‍ മാത്രം ഉപയോഗിക്കുന്നതിനാല്‍ ഇതൊരു ഉപാംഗരാഗമാണ്.
ഇതൊരു പ്രാചീനരാഗവും മംഗളരാഗവുമാണ്. കച്ചേരികളില്‍ മംഗളം പാടുന്നതിന് അനുയോജ്യമായ രാഗമാണിത്. ഇതൊരു സാര്‍വകാലിക രാഗമാണെങ്കിലും ഉച്ചസമയമാണ് രാഗം പാടുന്നതിന് ഏറ്റവും യോജിച്ചത്. മധ്യമകാലത്തിലും ദ്രുതകാലത്തിലും ഉള്ള പ്രയോഗങ്ങളിലാണ് രാഗസൗന്ദര്യം ഏറ്റവും പ്രകടമാകുന്നത്. മ, നി എന്നിവ രാഗച്ഛായാ സ്വരങ്ങളാണ്. രി, നി, എന്നിവ കമ്പിത സ്വരങ്ങളാണ്.
ഇതൊരു മൂര്ച്ഛനകാരക ജന്യരാഗമാണ്. ഈ രാഗത്തിന്റെ രി, മ, പ, നി എന്നീ സ്വരങ്ങള്‍ ആധാര ഷഡ്ജമാക്കി ഗ്രഹഭേദം ചെയ്താല്‍ യഥാക്രമം ഹിന്ദോളം, ശുദ്ധസാവേരി, ശുദ്ധധന്യാസി, മോഹനം എന്നീ ജന്യരാഗങ്ങള്‍ ലഭിക്കും. ഹിന്ദുസ്ഥാനി സംഗീതത്തില്‍ മധുമദ് സാരംഗ് (മധ്യമാദി സാരംഗ്) എന്നാണ് ഈ രാഗത്തിന്റെ പേര്.
മധ്യകാലഘട്ടത്തിലെ ഗ്രന്ഥങ്ങളില്‍ മധ്യമാദി എന്നും ആദിദ്രാവിഡസംഗീതത്തില് സെന്തുരുത്തിയെന്നുമാണ് ഈ രാഗം അറിയപ്പെട്ടിരുന്നത്. തേവാര കാവ്യങ്ങള്‍ ഈ രാഗത്തില്‍ പാടിയിരുന്നു. വിസ്തരിച്ചുള്ള ആലാപനത്തിന് സാധ്യതയുള്ള മധ്യമാവതിയിലൂടെ ഭക്തി, കരുണ, ശൃംഗാരം എന്നീ രസങ്ങള്‍ പ്രകടിപ്പിക്കാനാകും.
രാമകഥാ സുധ, ബ്രഹ്മഡുലകു, നളിന ലോചന, വിനായകുനി, വെങ്കടേശ നിന്നു, നാദുപൈ, രാമ രാമ ഭജരേ, രാമ സമയമു (ത്യാഗരാജന്), ധര്‍മസംവര്‍ധിനി, പന്നഗശയന, മഹാത്രിപുര സുന്ദരി (മുത്തുസ്വാമി ദീക്ഷിതര്‍), പാലിംസു കാമാക്ഷി (ശ്യാമാ ശാസ്ത്രി ), സാരസമുഖ, കോസലേന്ദ്ര, ശ്രീ പദ്മനാഭ ദേവകിസുതപാഹി, സ്മരതിനുമാം, ഭാവയേ പദ്മനാഭം (സ്വാതി തിരുനാള്‍), ഭാഗ്യാദ ലക്ഷ്മീബാരമ്മ (പുരന്ദര ദാസര്‍), ഓ രഘുവീര ( ഭദ്രാചലം രാമദാസര്‍), കര്‍പ്പഗമേ, ശരവണഗുഹനേ, വിഘ്ന വിനായക (പാപനാശം ശിവന്), രാമാഭിരാമ (മൈസൂര്‍ വാസുദേവാചാര്‍), ശ്രീരാമ ജയതേ, ശ്രീ പരമേശ്വര (മുത്തയ്യാ ഭാഗവതര്‍), ദേവകീസുത (ഇരയിമ്മന്‍ തമ്പി), നടുനിലയില്‍ (ലക്ഷ്മണന് പിള്ള), പാദാരവിന്ദം (പെരിയസ്വാമി തുരന്), അഖിലാണ്ഡനായകാ (തുളസീവനം) എന്നിവ മധ്യമാവതിയിലെ ചില കൃതികളാണ്. ആജ് അന്ജാന് ദിയോ (ഝപ് താള്), പീയു മോസെ മന് ഭായേ (ത്രിതാള്), രംഗ് ദെ (ദ്രുത് തീന്‍താള്‍) എന്നിവ ഹിന്ദുസ്ഥാനി സംഗീതത്തില്‍, ഈ രാഗത്തില്‍ ചിട്ടപ്പെടുത്തിയ ചില രചനകളാണ്.
തളിര്‍വലയോ (ചീനവല), മംഗളം നേരുന്നു ഞാന്‍ (ഹൃദയം ഒരു ക്ഷേത്രം), ഹൃദയേശ്വരീ നിന് (പഞ്ചാമൃതം), പൈക്കുറുമ്പിയെ മേയ്ക്കും (ഗ്രാമഫോണ്‍), പഴനിമല (നരസിംഹം), കുയില്‍ പാടും (ആറാം തമ്പുരാന്), ഗംഗേ (വടക്കും നാഥന്), പൊന്‍വെയില്‍ (നക്ഷത്ര താരാട്ട്), വെള്ളാരം കിളികള്‍ (മംഗല്യസൂത്രം), കസ്തൂരി മണക്കുന്നല്ലോ കാറ്റേ (പിക്നിക്), പാലരുവീക്കരയില് (പത്മവ്യൂഹം), ശങ്കരാ നാദശരീര (ശങ്കരാഭരണം), ഒറ്റക്കമ്പിനാദം മാത്രം (തേനും വയമ്പും), കല്‍പ്പാന്ത കാലത്തോളം (എന്റെ ഗ്രാമം), ഹൃദയം ഒരു വീണയായ് (തമ്മില്‍ തമ്മില്‍), നീലക്കടമ്പുകളില്‍ (നീലക്കടമ്പ്), ഈറന്‍മേഘം (ചിത്രം), കുഞ്ഞിക്കിളിയേ (ഇന്ദ്രജാലം), അന്തിപ്പൊന്‍വെട്ടം (വന്ദനം), നീര്മിഴിപ്പീലിയില് (വചനം), പൊയ്കയില്‍ (രാജശില്പി), മാനസലോലാ മരതക വര്‍ണാ (കുറിഞ്ഞി പൂക്കുന്ന നേരം), ഞാറ്റുവേലക്കിളിയേ (മിഥുനം) തുടങ്ങി മലയാള ചലച്ചിത്രഗാനങ്ങളും നിരവധിയുണ്ട് ഈ രാഗത്തില്‍.
സ്വാമി അയ്യപ്പനില്‍ മധ്യമാവതി രാഗത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്കി യേശുദാസ് ആലപിച്ച ഹരിവരാസനം എന്ന ഗാനം മൂളാത്ത മലയാളികള്‍ വിരളമായിരിക്കും.
ഇളയരാജ ഈണം നല്കിയ ആനന്ദം തേന്‍ സിന്തും (മണ്വാസനെയ്), കുയിലേ കുയിലേ (ആണ് പാവം), കവിതൈ പാട് (തെന്‍ട്രലേ എന്നയ് തൊട്), എ.ആര് റഹ്മാന്റെ കൊളംബസ് (ജീന്‍സ്), വിദ്യാസാഗര്‍ സംഗീതം നിര്‍വഹിച്ച ആനന്ദം ആനന്ദം (മുറൈ മാമന്), ഹാരിസ് ജയരാജിന്റെ ഇവന് യാരോ (മിന്നലെ) എന്നിവ ഈ രാഗത്തിലെ തമിഴ് ഗാനങ്ങളാണ്.
മധുമതി എന്ന ചിത്രത്തില്‍ സലില്‍ ചൗധരി ഈണമിട്ട ‘ചദ് ഗയോ പാപി ബിച്ചു ആ’, റാണി രൂപ്മതി എന്ന ചിത്രത്തിലെ ‘ആ ലോട് കെ ആജാ മേരെ’, ആര്.ഡി ബര്മ്മന് ഈണം നല്കിയ ‘ഹം ദോനോം ദൊ പ്രേമി’ (അജ്നബി) എന്നിവ മധ്യമാവതിയിലെ ഹിന്ദി ചലച്ചിത്രഗാനങ്ങളാണ്.
ഡോ. സുനില്‍ð വി.ടി.
(തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: