ഒരു രാഷ്ട്രത്തിനും സങ്കല്പ്പിക്കാന് പോലും കഴിയാത്ത ഭരണനേതൃത്വമാണ് ഇന്ന് നമ്മുടെ രാജ്യത്തിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പല രാഷ്ട്രത്തലവന്മാരും മോഡലായി പ്രകീര്‍ത്തിക്കുന്നതും അതുകൊണ്ടുതന്നെ. രാജ്യ രക്ഷയിലും ലോകമാകെയുള്ള ജനങ്ങളുടെ സംരക്ഷണത്തിനും പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മോദി ഊന്നല്‍ നല്‍കുന്നതെന്ന് ലോകം ഇതിനകം തിരിച്ചറിഞ്ഞു. കോവിഡ്-19 വൈറസ് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഒരു സുപ്രധാന ഉദാഹരണമാണ്. ഏഷ്യയില്‍ 150 പേര്‍ക്ക് മാത്രം രോഗബാധയുണ്ടായപ്പോഴാണ് നരേന്ദ്ര മോദി സാര്‍ക്ക് രാജ്യത്തലവന്മാരുടെ യോഗം വിളിച്ചത്, വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് വിശദീകരിച്ചത്. മുന്‍കരുതലും ജാഗ്രതയും പുലര്‍ത്താന്‍ ഈ രാജ്യങ്ങള്‍ക്ക് അതുവഴി സാധിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എന്നിട്ടും അമേരിക്കയിലോ യൂറോപ്യന്‍ രാജ്യങ്ങളിലോ ഉണ്ടായതുപോലുള്ള കൊറോണ വ്യാപനമോ മരണനിരക്കോ ഇന്ത്യയിലുണ്ടാവാത്തത് കരുതലും ജാഗ്രതയും കൊണ്ട് മാത്രമാണ്.
കൊറോണയ്ക്ക് മുമ്പുള്ള ദുരന്തവേളകളിലും നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും കരുതലും കാര്യക്ഷമതയും ലോകത്തിന് ബോധ്യപ്പെട്ടതാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷത്തിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതായിരുന്നു. അതിനായി അന്ന് നിയോഗിച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പ്രയത്നങ്ങള്‍ക്ക് രാജ്യത്തിനകത്തും പുറത്തും ലഭിച്ച മതിപ്പിന് കയ്യും കണക്കുമില്ല. പ്രവാസി ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, അമേരിക്ക ഉള്‍പ്പെടെ 48 രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ ദൗത്യം തുണയായി.
ജമ്മുകശ്മീരില്‍ പ്രളയമുണ്ടായപ്പോള്‍ അവിടത്തെ അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സുരക്ഷിത സ്ഥാനം തേടി ഓടിയൊളിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പറന്നെത്തുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിലെ പ്രളയ സമയത്തും അത് ദൃശ്യമായി. പ്രളയമേഖലയിലേക്ക് മുഖ്യമന്ത്രി പോലും എത്തുന്നതിന് മുന്‍പ് പ്രധാനമന്ത്രിയെത്തി. ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസ്സിലാക്കി. ഓഖി ദുരന്ത വേളയിലും അത് വ്യക്തമായി. കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ടപകടമുണ്ടായി നിരവധി പേര് വെന്ത് മരിക്കുകയും ഏറെ പേര് പൊള്ളലേറ്റ് പിടയുകയും ചെയ്തപ്പോള്‍ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘത്തോടൊപ്പം മരുന്നുമായാണ് നരേന്ദ്രമോദി സംഭവസ്ഥലത്തെത്തിയത്. പ്രതിബദ്ധതയുള്ള പ്രധാനമന്ത്രിയുടെ മുഖമാണ് ഇവിടെയെല്ലാം തെളിഞ്ഞത്. ജനങ്ങള്‍ ഇത് നന്നായി മനസ്സിലാക്കിയതിന്റെ പ്രതിഫലനമായാണ് രണ്ടാംവട്ടവും അദ്ദേഹത്തെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചത്.
ഈ പ്രതിബദ്ധതയുടെ ഭാഗമായി തന്നെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ സമുദ്രനിരപ്പില്‍ നിന്നും 11,000 അടി ഉയരത്തിലുള്ള ലഡാക്കിലെ നീമുവില് നരേന്ദ്ര മോദി എത്തിയത്. ഈ വാര്‍ത്ത വന്നപ്പോള്‍ അവിടെ ജാഗ്രതയോടെ നില ഉറപ്പിച്ച പതിനായിരക്കണക്കിന് സേനാംഗങ്ങളുടെ ആത്മവീര്യം എത്രമാത്രം ഉയര്ന്നിരിക്കാമെന്നത് ഊഹിക്കാന്‍ പോലും പറ്റാത്തതാണ്. അതോടൊപ്പം മുഴുവന്‍ രാജ്യസ്നേഹികളുടെയും അഭിമാനവും അത്യുന്നതിയിലെത്തി. കൊടുംതണുപ്പിനെ അതിജീവിച്ച് അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി തോളില്‍ തട്ടി കുശലാന്വേഷണം നടത്തുന്നത് അപൂര്‍വ സന്ദര്‍ഭമായി. വീരമൃത്യു വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും പരിക്കേറ്റവരെ ആശ്വസിപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി, നിങ്ങളുടെ പ്രയത്നങ്ങള്‍ വൃഥാവിലാകില്ലെന്ന് ഉറപ്പു നല്കി. അതിര്‍ത്തിയില്‍ മണ്ണു മാന്താന്‍ കാത്തിരിക്കുന്ന ചൈനയ്ക്ക് കനത്ത താക്കീത് രാഷ്ട്രം നല്കുമ്പോള് അഭിനന്ദിച്ചില്ലെങ്കിലും വേണ്ടില്ല അവഹേളിക്കാന്‍ നോക്കരുത്. അത് കടുത്ത അനീതിയാകും.
ദൗര്‍ഭാഗ്യവശാല്‍ അരനൂറ്റാണ്ടിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ ഇന്നത്തെ നേതൃത്വം കടുത്ത അനീതിയാണ് കാട്ടുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ മാത്രമല്ല സേനാതലവന്മാരെയും അവര്‍ അവിശ്വസിക്കുന്നു. സേനാ മേധാവികള്‍ പറയുന്നതല്ല ചൈന വിളമ്പുന്ന നുണകളെയാണവര് സാക്ഷ്യപ്പെടുത്തുന്നത്. പ്രധാനമന്ത്രിക്കുവേണ്ടി താല്‍ക്കാലികമായി തയാറാക്കിയ ആശുപത്രിയില്‍ പരിക്കേറ്റ സൈനികരെ മാറ്റി കിടത്തിയെന്നാണ് പ്രതിപക്ഷാരോപണം. ചൈന കടന്നുകയറിയെന്നും എപ്പോള്‍ തുരത്തുമെന്നും അവര്‍ ആവര്‍ത്തിച്ച് ചോദിക്കുന്നു. ഇത് ഒരുതരം രോഗമാണ്. അസഹിഷ്ണുത എന്നതിനെ നാട്ടുകാര്‍ വിളിക്കും. അത് രാജ്യദ്രോഹമായാണ് ഫലത്തില്‍ പരിണമിക്കുക. ഇതിന് മറുപടി രാജ്യം നല്‍കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: