കോഴിക്കോട്: മലാപ്പറമ്പില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വേലികെട്ടിതിരിച്ചതിനെതിരെ പ്രതിഷേധം ശക്തം. കാരപ്പറമ്പ് – പ്രൊവിഡന്‍സ് കോളേജ് റോഡില്‍ വേദവ്യാസ സ്കൂളിന് സമീപം റോഡരികിലുള്ള 26 സെന്റ് സര്‍ക്കാര്‍ ഭൂമിയാണ് പ്രൊവിഡന്‍സ് കോളേജ് അധികൃതര്‍ കയ്യേറിയതായി നാട്ടുകാര്‍ ആരോപിക്കുന്നത്.
ഇതിനെതിരെ നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ജില്ല പോലീസ് മേധാവിയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും ബംഗ്ലാവിലേക്കുള്ള വഴിയായിരുന്നു ഇത്. മെറ്റല്‍ പാകിയ പാതയായിരുന്നു അന്നിത്. ഇപ്പോഴും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഔദ്യോഗിക വസതി ഇവിടെയാണ്.
ബൈപ്പാസ് റോഡില്‍ നിന്നും പ്രൊവിഡന്‍സ് കോളേജിലേക്കു പോകുമ്പോള്‍ ഹരിത നഗറിന് സമീപം അന്ന് കൊടും വളവായിരുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായതിനെ തുടര്‍ന്ന് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് സമാന്തരമായി പുതിയ റോഡ് നിര്‍മിക്കുകയായിരുന്നു. ഇവിടെയുള്ള പഴയ റോഡാണ് പ്രൊവിഡന്‍സ് കോളേജ് അധികൃതര്‍ കയ്യേറി വേലികെട്ടി തിരിച്ചത്.
മുന്‍പും ഇവിടെ കയ്യേറ്റ ശ്രമം നടന്നിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കോടതിയെ സമീപിച്ചു. എന്നാല്‍ കേസ് നടത്തിയ വ്യക്തികള്‍ മരിച്ചതോടെ എക്സ്പാര്‍ട്ട് വിധിയുണ്ടായി. അതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും ഭൂമി കയ്യേറി വേലികെട്ടിതിരിച്ചത്.
നാട്ടുകാര്‍ പുതിയതായി രൂപീകരിച്ച ജനകീയ സമിതി ഈ വിഷയത്തില്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൊതുസ്ഥലം സംരക്ഷിക്കുന്നതിന് പകരം കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാര്‍ക്ക് പിന്തുണയുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: