കൊല്ലം :ഇന്നലെ രാവിലെ ഒൻപതു മണിയോടെ കടപ്പാക്കട ഇന്ത്യൻ ബാങ്കിനോട് ചേർന്ന എടിഎമ്മിൽ നിന്ന് പണം എടുക്കാനെത്തിയ കടപ്പാക്കട നിലയത്തിലെ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ വിജേഷിനാണ്, എ ടി എം മെഷീനിന് മുകളിൽ നിന്ന് ആരോ മറന്നു വച്ച 20000 രൂപയും എ.ടി.എം കാർഡും കിട്ടിയത്. പല വിധത്തിലും ഏറെ അന്വേഷിച്ചെങ്കിലും പണത്തിന്റെ ഉടമയെ കണ്ടെത്താനായില്ല.
പിന്നീട് ഇന്ത്യൻ ബാങ്കിലെത്തി വിവരങ്ങൾ പറഞ്ഞ് എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ എടുത്ത് വിവിധ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ചു. ഇന്ന് രാവിലെ 09.00 മണിയോട് കൂടി സോഷ്യൽ മീഡിയ വഴി വിവരമറിഞ്ഞ ഉടമ ഫയർഫോഴ്സ് സ്റ്റേഷനിലെത്തി ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാറിന്റെ സാന്നിദ്ധ്യത്തിൽ നഷ്ടപ്പെട്ട തുകയും എ.ടി.എം കാർഡും സ്വീകരിച്ചു.
മുണ്ടയ്ക്കലിൽ ജനസേവന കേന്ദ്രം നടത്തുന്ന വെളിയം വീട്ടിൽ രൂപേഷ് എന്നയാൾക്കാണ് പണം നഷ്ടപ്പെട്ടത്. ഫോണിൽ സംസാരിച്ചുകൊണ്ട് എടിഎമ്മിൽ നിന്നു അശ്രദ്ധമായി ആദ്യവട്ടം പണം പിൻവലിച്ച് ആ തുകയും കാർഡും മെഷിന് മുകളില്‍ മറന്ന് വച്ചിട്ട്, രണ്ടാം വട്ടം പിൻവലിച്ച തുകയുമായി മടങ്ങുകയായിരുന്നു രൂപേഷ്.
മാതൃകാ ഉദ്യോഗസ്ഥനായ വിജേഷിന് എല്ലാ വിധ നന്ദിയും രേഖപ്പെടുത്തിയിട്ടാണ് രൂപേഷ് മടങ്ങിയത്. ഒപ്പം കടപ്പാക്കട ഫയർഫോഴ്സിലെ സഹപ്രവർത്തകരുടെ അനുമോദനവും വിജേഷിന് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: