തിരുവനന്തപുരം: കൊട്ടാരകെട്ടിലെ കവയത്രി അശ്വതി നക്ഷത്രം പുഞ്ചിരി തൂകി നില്ക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയാണ് എഴുപത്തഞ്ചാം പിറന്നാളിന്റെ നിറപുഞ്ചുരിയില്‍.
തിരുവിതാംകൂര്‍ രാജവംശത്തിലെ മഹാറാണി കാര്‍ത്തിക തിരുനാള്‍ ലക്ഷ്മിഭായിയുടേയും ലെഫ്റ്റനെന്റ് കേണല്‍ ഗോദവര്‍മ്മ രാജയുടെയും പുത്രിയായി 1945 ജൂലൈ 4 നാണ് ഗൗരിലക്ഷ്മി ഭായിയുടെ ജനനം. ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ അനന്തരവള്‍. അമ്മാവന്റെ രാജ്യഭരണവും, പത്മനാഭ പാദങ്ങളില്‍ രാജ്യസമര്‍പ്പണവും കണ്ട ബാല്യം. ഒടുവില്‍ ജനാധിപത്യ സിംഹാസനങ്ങള്‍ അടിച്ചമര്‍ത്തിയ പ്രജകളുടെ ദൈന്യതകളില്‍ മനംനൊന്ത അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീ ഭായി പലപ്പോഴും തുറന്നു പറഞ്ഞു. അത് പലരും വര്‍ഗീയ വചനങ്ങളാക്കി. ഇന്നും തിരുവിതാംകൂറിലെ ജനം അഭിമാനത്തോടെ വണങ്ങുന്നു, ഈ പൊന്നുതമ്പുരാട്ടിയെ.
തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം. തിരുവല്ലയിലെ പാലിയക്കര പടിഞ്ഞാറെ കൊട്ടാരത്തിലെ അംഗവും, മാനേജ്മെന്റ് രംഗത്ത് പ്രസിദ്ധനുമായ ആര് .ആര്. വര്‍മ്മയാണ് ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയെ വിവാഹം ചെയ്തത്. രണ്ടു പുത്രന്മാരും ഒരു ദത്തുപുത്രിയുമുണ്ട്. 2005 ല്‍ ഉണ്ടായ ഒരു വാഹനാപകടത്തില്‍ ആര്. ആര്. വര്‍മ തീപ്പെട്ടു.
1992 ലാണ് അശ്വതി തിരുനാള്‍ തമ്പുരാട്ടിയുടെ ആദ്യ കവിതാസമാഹാരം തിരുമുല്ക്കാഴ്ച പുറത്തിറങ്ങുന്നത്. അമ്മാവനായ ചിത്തിരതിരുനാളിനേയും കുലദൈവമായ ശ്രീപത്മനാഭനേയും കുറിച്ചുള്ള കവിതകളാണ് ഇതിലുള്ളത്. പിന്നെയും എത്രയോ കവിതകള്‍… സാഹിത്യ സൃഷ്ടികള്‍.
പുരാണ കഥാസൂചനകള്‍ കവിതയാക്കുന്ന അപൂര്‍വ വൈദഗ്ധ്യവും ലക്ഷ്മീഭായിയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. പത്മനാഭനു പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള ‘ഇന്‍ എന്‍ട്രീറ്റി’ എന്ന കവിതയില്‍ കവയിത്രി രണ്ടു തുള്ളി കണ്ണീര്‍കൊണ്ട് പത്മനാഭന്റെ കാല് കഴുകുന്നതായി സങ്കല്പിക്കുന്നു. വാമനന്റെ കാലടികള്‍ മൂന്ന് ലോകങ്ങളെയും അളന്നതുപോലെ ഈ കണ്ണീര്‍ക്കണങ്ങള്‍ തന്റെ ഇഷ്ടദേവതയുടെ ആസ്ഥാനമായ പാലാഴിയെ മുക്കിക്കളയുമാറ് വളര്‍ന്നിടട്ടെ എന്ന് ആലങ്കാരികമായി കവയിത്രി ഉള്ളുതുറന്നു പ്രാര്ഥിച്ചിട്ടുണ്ട് കവിതയിലൂടെ.
ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെയും ശബ്ദമുയര്‍ത്തി തമ്പുരാട്ടി. പലരും വര്‍ഗീയ വാദിയാക്കി. തളര്‍ന്നില്ല…. പകരം പ്രജാക്ഷേമവും, അല്പം സാഹിത്യവുമായി ഉണര്‍ന്നിരിക്കുന്നു ഈ തമ്പുരാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: