ഒറ്റപ്പാലം: രാജ്യത്തെ ആദ്യ പൊതുമേഖല പ്രതിരോധ പാര്‍ക്ക് ഒറ്റപ്പാലത്ത് കിന്‍ഫ്രയില്‍ ഉദ്ഘാടനത്തിന് തയ്യാറായി. 130.94 കോടിരൂപ ചെലവിലാണ് 60 ഏക്കര്‍ സ്ഥലത്ത് പ്രതിരോധ പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്, കോമണ്‍ ഫെസിലിറ്റി സെന്റര്‍, പ്രതിരോധ ഉപകരണങ്ങള്‍ സൂക്ഷിക്കാനായുള്ള മൂന്ന് വെയര്‍ ഹൗസുകള്‍,യൂട്ടിലിറ്റി സെന്റര്‍ തുടങ്ങിയ കെട്ടിടങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയായിട്ടുള്ളത്. പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന വിവിധ യൂണിറ്റുകളെ ഒരു കുടക്കീഴില് കൊണ്ടുവരുകയെന്നതാണ് ലക്ഷ്യം.
ചെറിയ ആയുധങ്ങള്‍ നിര്‍മിക്കുന്ന കമ്പനികളും പ്രതിരോധ ലാബും പാര്ക്കിലേക്കെത്തുമെന്നാണ് നോഡല്‍ ഏജന്‍സിയായ കിന്‍ഫ്ര പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ വലിയ ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉടന്‍ ഉദ്ഘാടനം നടത്താന്‍ ഉന്നതതല ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കിന്‍ഫ്ര അധികൃതര്‍ അറിയിച്ചു.
തോക്ക്, മിസൈല്‍ തുടങ്ങിയ ആയുധങ്ങളോ അവയുടെ ഭാഗങ്ങളോ നിര്‍മിക്കുന്ന കമ്പനികളെയാണ് കിന്‍ഫ്ര പ്രതീക്ഷിക്കുന്നത്. ഇതിനായി സൊസൈറ്റി ഫോര്‍ ഇന്ത്യന്‍ ഡിഫന്‍സ് മാനുഫാക്ച്ചേഴ്സ് പോലുള്ള സ്ഥാപനങ്ങളോട് ചര്‍ച്ച പൂര്‍ത്തിയായിട്ടുണ്ട്. കമ്പനികള്‍ക്ക് ആവശ്യമായ പ്രതിരോധ ലാബ് നിര്‍മിക്കാനും പദ്ധതിയുണ്ട്. ഇതിനായി നാവിക സേനയുമായും വ്യോമസേനയുമായും ചര്‍ച്ചചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലായിരിക്കും ഈ പദ്ധതി നടപ്പാക്കുകയെന്നും 60 ഏക്കര്‍ സ്ഥലത്ത് നടത്താവുന്ന പ്രതിരോധ വസ്തുക്കളുടെ നിര്‍മാണമാണ് ഉദ്ദേശിക്കുന്നതെന്നും കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി പറഞ്ഞു. ലോകത്താകമാനമുള്ള പ്രതിരോധ മേഖലയിലെ ഏകദേശം 50 കമ്പനികള്‍ യൂണിറ്റ് തുടങ്ങുമെന്നതാണ് കിന്‍ഫ്ര അധികൃതരുടെ പ്രതീക്ഷ. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ 50 കോടി രൂപ സഹായവും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: