ഒരിക്കല്‍ സ്വാമി വിവേകാനന്ദനും ചില സോദരസംന്യാസിമാരും ചേര്‍ന്ന് ഋഷികേശില്‍ ചെറിയൊരു കുടില്‍ കെട്ടി താമസിക്കുകയായിരുന്നു. ഭിക്ഷയെടുത്താണ് കഴിയുന്നത്. ആ ദേവഭൂമിയില്‍ വീണ്ടും കഠിനതപസ്സിലേക്കു കടക്കണമെന്നു സ്വാമിജിക്കു തോന്നി; പക്ഷേ അതിനുമുമ്പുതന്നെ സ്വാമിജിയെ കഠിനമായ പനിയും ഡിഫ്തീരിയയും ബാധിച്ചു. രോഗം കൂടിക്കൂടിവന്നു. ഒരു ഘട്ടത്തില്‍ സ്വാമിജിയുടെ പള്‍സ് താഴുകയും ശരീരം തണുക്കുകയും ചെയ്തു. പിന്നെ പള്‍സ് തീരെ നിന്നു.
നിലത്തു വിരിച്ച പരുപരുത്ത രണ്ടു കമ്പിളിക്കു മുകളില്‍ സ്വാമിജി അബോധാവസ്ഥയില്‍ കിടക്കുന്നു. സോദരര്‍ കരയാന്‍ തുടങ്ങി. അവര്‍ ഈ അവസ്ഥയിലിരിക്കെ, കമ്പിളി പുതച്ച ഒരു സംന്യാസി എവിടെനിന്നോ വന്ന് ചോദിച്ചു: ”നിങ്ങളെന്താണ് കരയുന്നത്?” അദ്ദേഹം തന്റെ ഭാണ്ഡത്തില്‍ നിന്ന് കുറച്ചു തേനും പീപ്പല് പൊടിയും എടുത്ത് രണ്ടും ചേര്‍ത്ത് സ്വാമിജിയുടെ വായിലേക്കു ചെലുത്തി. അതേ ഒരു പരിഹാരമുണ്ടായിരുന്നുള്ളു – തീര്‍ച്ചയായും ഈശ്വരന് അയച്ചതുതന്നെ. ഉടന്‍തന്നെ സ്വാമിജിക്കു ബോധം വന്നു, ദേഹം ചൂടായി. സ്വാമിജി കണ്ണു തുറന്ന് സംസാരിക്കാന്‍ ശ്രമിച്ചു. ഒരു സോദരന് ചെവി സ്വാമിജിയുടെ വായയോടു ചേര്‍ത്തു പിടിച്ചപ്പോള്‍ സ്വാമിജി പറയുന്നതു കേട്ടു: ”സന്തോഷമായിരിക്കൂ കുട്ടികളെ, ഞാന്‍ മരിക്കില്ല.” ബോധമില്ലെന്ന പോലെയായ ആ അവസ്ഥയില്‍, ഈ ലോകത്തില്‍ തനിക്കൊരു പ്രത്യേകദൗത്യമുണ്ടെന്നും അതു മുഴുമിപ്പിക്കുന്നതുവരെ വിശ്രമമില്ലെന്നും കണ്ടതായി അദ്ദേഹം പിന്നീടു പറഞ്ഞു.
”എടോ, മരണം ഉറപ്പാണെന്നിരിക്കെ പുല്ലും പുഴുവുംപോലെ നശിക്കുന്നതിനേക്കാള്‍ വീരനെപ്പോലെ മരിക്കുന്നതാണ് നല്ലത്. ഈ അനിത്യലോകത്തില്‍ രണ്ടുനാള്‍ കൂടുതല്‍ പാര്‍ത്തതുകൊണ്ടെന്തു ലാഭം? അപരന്റെ അല്പഗുണത്തിനായിട്ടെങ്കിലും പടവെട്ടി ഒരു വീരനെപ്പോലെ പെട്ടെന്ന് മരണം വരിക്കുന്നതല്ലേ ഉചിതം?” സ്വാമിജിയുടെ ഉജ്ജ്വലജീവിതം അദ്ദേഹത്തിന്റെ ഈ വാക്കുകളെ സാധൂകരിക്കുന്നു. ഏകദേശം 9 വര്‍ഷമാണ് സ്വാമിജി സജീവമായി പ്രവര്‍ത്തിച്ചത്. അതിനുള്ളില്‍ ഭാരതീയര്‍ക്കുമാത്രമല്ല ലോകത്തിനു മുഴുവന്‍ തന്റെ വീരത്വം ബോധ്യമാക്കിക്കൊടുത്ത്, ഒരു യഥാര്‍ത്ഥയോഗിവര്യനെപ്പോലെ അദ്ദേഹം ശരീരമുപേക്ഷിച്ചു. പക്ഷേ പോകുന്നതിനുമുമ്പ് സ്വാമിജി തന്റെ മരണമില്ലായ്മ വ്യക്തമാക്കി യിരുന്നു: ”കീറിപ്പറിഞ്ഞ വസ്ത്രംപോലെ ഈ ശരീരം വലിച്ചെറിയാനായി അതില്‍നിന്നു പുറത്തു കടക്കുന്നതാണ് എനിക്കു നല്ലതെന്നു വരാം. എന്നാല്‍ ഞാനെന്റെ പ്രവര്‍ത്തനം നിര്‍ത്തില്ല. ഈശ്വരനുമായി ഒന്നാണെന്നു ലോകമറിയുന്നതുവരെ ഞാന്‍ എല്ലായിടത്തും ജനങ്ങളെ പ്രചോദിപ്പിക്കും.”
മഹത്തും ദിവ്യവുമായ ഈ പ്രചോദനംകൊണ്ടുതന്നെയാണ് തലങ്ങും വിലങ്ങും അടികളേറ്റുവാങ്ങിയിരുന്ന സ്വാതന്ത്ര്യ പൂര്‍വഭാരതത്തിലെ പട്ടിണിക്കോലങ്ങളായ കോടിക്കണക്കിനു ജനങ്ങള്‍ സ്വന്തം കാലില്‍ എഴുന്നേറ്റു നിന്നത്, തങ്ങളുടെ മതത്തിന്റെയും സംസ്കാരത്തിന്റെയും പ്രതാപം മനസ്സിലാക്കിയത്, വിദേശികളുടെ ചൂഷണപരിപാടിക്കെതിരെ പടപൊരുതിയത്, ഈ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സമരം ചെയ്തത്. ഈ പ്രചോദനത്തിന്റെ ശക്തികൊണ്ടാണ് ഇന്നും അന്യമതങ്ങളുടെയും സംസ്കാരങ്ങളുടെയും ആക്രമണങ്ങളെ ഭാരതീയര്‍ക്കു ചെറുക്കാനാവുന്നത്. ‘ഭാരതത്തില്‍ എല്ലാ പരിഷ്കാരങ്ങള്‍ക്കും ആദ്യമേ വേണ്ടത് മതപരമായ ഉണര്‍വാണ്’ എന്ന സ്വന്തം ഉറച്ച അഭിപ്രായത്തിനനുസരിച്ചുതന്നെ ആ ഉണര്‍വുണ്ടാക്കിത്തീര്‍ത്ത്, സ്വഗുരു തനിക്കു നിശ്ചയിച്ച ഭാരതപുനരുദ്ധാരണകര്‍മ്മം തീര്‍ത്ത്, കൃതാര്‍ത്ഥതയോടെ സ്വാമിജി ശരീരമുപേക്ഷിച്ചു.
ഭാരതം എക്കാലത്തും കഴിഞ്ഞുകൂടിയിരുന്നത് മഹര്‍ഷിമാരുടെ മഹനീയവചനങ്ങള്‍കൊണ്ടായിരുന്നു. മഹാരാജാക്കന്മാര് ആ വചനങ്ങള്‍ അനുസരിച്ചു, മഹാദരിദ്രരും അനുസരിച്ചു. സമൂഹത്തില്‍ നാനാജാതികളിലുള്ളവര്‍ അവ അനുസരിച്ചു, നാനാതൊഴിലുകളിലേര്‍പ്പെട്ടവര്‍ അനുസരിച്ചു. കാരണം ധര്‍മ്മം എന്തു വില കൊടുത്തും പാലിക്കേണ്ടതാണെന്ന ബോധം ഈ വംശത്തിന് എന്നുമുണ്ടായിരുന്നു. അതുകൊണ്ടു ഭാരതം ‘പുണ്യഭൂമി’യായി നിലനിന്നു, ഇന്നും നിലനില്ക്കുന്നു. ഈ ദേശം എന്നും അങ്ങനെയായിരിക്കുകയും ചെയ്യും. അതു മാറ്റാന്‍ ഉള്ളില്‍നിന്നോ പുറത്തുനിന്നോ ശ്രമമുണ്ടായപ്പോഴെല്ലാം ദയനീയമായി പരാജയപ്പെട്ടിട്ടുണ്ട്, പരാജയപ്പെടുകയും ചെയ്യും; കാരണം ധര്‍മ്മത്തെ സംരക്ഷിക്കാനായി ഈശ്വരന്‍തന്നെ ഈ വംശത്തെ സംരക്ഷിക്കുന്നു. ധര്‍മ്മരംഗത്ത് ഭാരതത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമാണ് അറിഞ്ഞോ അറിയാതെയോ മറ്റു ദേശങ്ങളും കാതോര്‍ക്കുന്നത്. ലോകഗുരുവിന്റെ സ്ഥാനം ഭാരതത്തിന് ഈശ്വരദത്തമാണ്.
ഫോണ്‍: 9526142929
പ്രതികരിക്കാൻ ഇവിടെ എഴുതുക: