‘നിന്റെ പുസ്തകശേഖരം എന്തു ചെയ്തു?”
”ആര്‍ക്കൊക്കെയോ കൊടുത്തു, ബാലാ. പുസ്തകങ്ങള്‍ ഇത്രേം വല്യഭാരാണ്ന്ന് ഇത്വരെ തോന്നീര്ന്നില്ല. അര്ത്ഥല്യാത്ത അറിവിന്റെ ഭാരം.”
”വിവരങ്ങള്ടെ ഭാരം.”
”നേരാ. ഏതായാലും കൊട്ത്ത്തീര്ന്നപ്പോ ശ്രാദ്ധം കഴിച്ച സമാധാനായി. ഒരു പുസ്തകം മാത്രം സൂക്ഷിച്ചിട്ട്ണ്ട്.”
”ഏതാ അത്?”
”ഭാഗവതം.”
”നന്നായി.( ഗുരുസാഗരം -ഒ.വി.വിജയന്)
മൗലിക പ്രതിഭയുടെ കഥാപ്രപഞ്ചം കൊണ്ട് വായനാലോകത്തെ വിസ്മയിപ്പിച്ച കഥാകൃത്ത് ഒ.വി.വിജയനെ സാഹിത്യലോകവും സര്‍ക്കാരും മരണശേഷവും മറക്കാന്‍ ശ്രമിക്കുകയാണ്. വിജയന്റെ തൊണ്ണൂറാം ജന്മദിനത്തില് അദ്ദേഹത്തെ അനുസ്മരിക്കാന്‍ കാര്യമായ ഒരു പരിപാടിപോലും സര്‍ക്കാരോ സാഹിത്യ അക്കാദമിയോ സംഘടിപ്പിച്ചില്ല. പ്രത്യയശാസ്ത്ര ശാഠ്യങ്ങളുടെ നിരര്‍ത്ഥകതയെക്കുറിച്ച് ആകുലപ്പെടുകയും ആത്മീയതയിലേക്ക് അന്വേഷണത്വരയോടെ ബുദ്ധിയെ വ്യാപരിപ്പിക്കുകയും ചെയ്തതാണ് വിജയന് പലര്‍ക്കും അനഭിമതനാകാന്‍ ഇടയാക്കിയത്.
ജീവിച്ചിരുന്നപ്പോള്‍ത്തന്നെ തമസ്കരിക്കാന്‍ ശ്രമിച്ചവര്‍ മരണാനന്തരം വിജയനെ ഓര്ത്തിരുന്നുവെങ്കിലേ അത്ഭുതമുള്ളൂ. വായനാലോകവും മാധ്യമ ലോകവും വിജയനെ അര്‍ഹിക്കുന്ന രീതിയില്‍ ഓര്മ്മിക്കുന്നുവെങ്കിലും ഭരണകൂടവ്യവസ്ഥിതി ( എസ്റ്റാബഌഷ്മെന്റ്) വിജയനെന്ന ലോകപ്രശസ്തനായ എഴുത്തുകാരനെ അറിയുന്നതായി നടിക്കുന്നില്ല.
1930 ജൂലൈ രണ്ടിനാണ് പാലക്കാട് മങ്കരയില്‍ ഒ.വി. വിജയന് ജനിച്ചത്. മലയാള സാഹിത്യത്തില്‍ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനായാണ് ഒ.വി.വിജയനെ കണക്കാക്കുന്നത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ശാഠ്യങ്ങള്‍ക്കു മുന്നില്‍ എഴുത്ത് മുരടിച്ചു നിന്ന പുകസ കാലത്തായിരുന്നു വിജയന്റെ വരവ്.
അകത്തളങ്ങളിലും അന്തപ്പുര രഹസ്യങ്ങളിലും മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രസാഹിത്യത്തിലും കുടുങ്ങിക്കിടന്നിരുന്ന മലയാള സാഹിത്യരംഗത്തേക്ക് ആധുനികതയുടെ വെളിച്ചം കടത്തിവിട്ട ദാര്‍ശനികനായ എഴുത്തുകാരനായിരുന്നു ഒ.വി.വിജയന്. അസ്തിത്വ വാദത്തിന്റെയും മാജിക്കല്‍ റിയലിസത്തിന്റെയും എഴുത്തുവഴികള്‍ മലയാളി ആദ്യമായി പരിചയിക്കുന്നത് വിജയന്റെ നോവലുകളിലൂടെയാണ്.
മാര്‍ക്സിസത്തില്‍ നിന്നും ഋഷിത്വത്തിലേക്കുള്ള വിജയന്റെ യാത്ര പലരേയും അലോസരപ്പെടുത്തിയിരുന്നു. പ്രവാചക ബുദ്ധിയോടെ കമ്യൂണിസ്റ്റ് സാമ്രാജ്യങ്ങളുടെ പതനം അടയാളപ്പെടുത്തിയ വിജയന് ഭാരതീയ ദാര്‍ശനികതയുടെ ആഴങ്ങളില്‍ ലോകത്തിന്റെ ഭാവി തിരഞ്ഞു.
ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ രംഗങ്ങളില്‍ ശ്രദ്ധേയനായതിനു പുറമേ രാഷ്ട്രീയവും ദാര്‍ശനികവുമായ ഒട്ടേറെ ലേഖനങ്ങളും അദ്ദേഹം എഴുതിയിരുന്നു. സോവിയറ്റ് പിന്തുണയോടെയുള്ള ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കെതിരെ നിശിതമായ വിമര്‍ശനം എഴുത്തുകളിലും വരകളിലും വിജയന് പ്രകടിപ്പിച്ചു. കമ്മ്യൂണിസത്തിന്റെ അപചയത്തെ ലേഖനങ്ങളിലൂടെ തുറന്നുകാട്ടി. ഈ ദാര്‍ശനിക നിലപാടുകളാണ് വിജയനെ തമസ്കരിക്കാനുള്ള ശ്രമത്തിനു പിന്നിലെന്ന് വ്യക്തം.
പത്മഭൂഷണ്‍, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന് പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് എന്നിവ നേടിയിട്ടുള്ള എഴുത്തുകാരനാണ് വിജയന്.
ആധുനിക മലയാള സാഹിത്യത്തില്‍ ഇത്രയേറെ ആഴത്തിലുള്ള സാമൂഹ്യ-രാഷ്ട്രീയ മാനങ്ങളുള്ള എഴുത്തുകാര്‍ ഇല്ല. സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ആഴമേറിയ പഠനവിഷയമാണ് ഒ.വി.വിജയന് സാഹിത്യം.
ഒ.വി.വിജയന് വിദ്യാര്‍ത്ഥിയായിരുന്ന കോട്ടക്കല്‍ ഗവ. ഹൈസ്കൂളില്‍ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രതിമ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുസ്ലീം മതമൗലികവാദികള്‍ തല്ലിത്തകര്‍ത്തിരുന്നു. സാംസ്കാരിക കേരളത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് കോട്ടക്കല്‍ നഗരസഭ പിന്നീട് പ്രതിമ പുനഃസ്ഥാപിച്ചത്. ഇടതുപക്ഷവും മുസ്ലീംലീഗും ഉള്‍പ്പടെയുള്ളവര്‍ വിജയന്റെ പ്രതിമ സ്ഥാപിച്ചതിനെതിരെ പ്രാദേശികമായി അന്ന് രംഗത്ത് വന്നിരുന്നു.
വിജയന്റെ മാസ്റ്റര്‍പീസായ ഖസാക്കിന്റെ ഇതിഹാസം എന്ന നോവല്‍ ഭൂമികയായ തസ്റാക്കിലെ ഞാറ്റുപുരയും സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിന് ഇരയായിരുന്നു. മലയാള സാഹിത്യത്തെ ലോകനിലവാരത്തിലെത്തിച്ച ധിക്ഷണാശാലിയായ എഴുത്തുകാരനെ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ തമസ്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ വിജയനെതിരെയും മരണശേഷം അദ്ദേഹത്തിന്റെ സ്മാരകങ്ങള്‍ക്കു നേരെയും നേരത്തെ ഉയര്‍ന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ തമസ്കരണം.
കാര്‍ട്ടൂണിസ്റ്റ്, പത്രപ്രവര്ത്തകന് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വിജയനെ ഓര്‍മ്മിക്കാന്‍ കാര്‍ട്ടൂണ്‍ അക്കാദമിയോ ലളിതകലാ അക്കാദമിയോ തയ്യാറായില്ല. പേട്രിയറ്റ്,ഹിന്ദു,സ്റ്റേറ്റ്സ്മാന് പത്രങ്ങളില്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റായിരുന്നു ഒ.വി.വിജയന്. അത്രയൊന്നും പ്രശസ്തരല്ലാത്തവരുടെ പേരില്‍ പോലും സ്ഥിരമായി അനുസ്മരണങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ വിജയനെ മറന്നതിന് മറ്റ് കാരണങ്ങളൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: