അഞ്ചല്‍: ലോകമംഗളത്തിനായ് ഭാഗവതം എന്ന സന്ദേശമുയര്‍ത്തി പൂര്‍ണമായും വെര്‍ച്വല്‍ പ്ലാറ്റ് ഫോമിലൊരുക്കിയ ഭാഗവത സപ്താഹത്തിന് നാളെ പരിസമാപ്തി.
മഹാപ്രളയത്തില്‍ നിന്ന് അമ്പാടിനിവാസികളെ രക്ഷിക്കാന്‍ ഗോവര്ദ്ധനമുയര്ത്തിയ ആപത് ബാന്ധവനായ ഭഗവാന് ശ്രീകൃഷ്ണന് തന്നെയാണ് ലോകത്തെ ഭയപ്പെടുത്തുന്ന മഹാമാരിയിലും തുണയെന്ന വിശ്വാസത്തിന്റെ കരുത്തിലാണ് ഭാഗവത ധര്‍മവേദിയുടെ ആഭിമുഖ്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതാദ്യമായി വെര്‍ച്ച്വല്‍ യജ്ഞവേദിയൊരുങ്ങിയത്.
വിവിധ ഭാഗങ്ങളില്‍ നിന്ന് സമയക്രമം പാലിച്ച് ചിട്ടയോടെ ആചാരങ്ങള്‍ തെറ്റിക്കാതെ നടത്തിയ സപ്താഹയജ്ഞം പൂര്‍ണമായും നവമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, യൂട്യൂബ് എന്നിവയിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യുകയായിരുന്നു. ലോക്ഡൗണില്‍ ആര്‍ക്കും ഒത്തുകൂടാനാകില്ലെന്നത് ഒഴിവാക്കാനാണ് പൂര്‍ണമായും തത്സമയം സമൂഹമാധ്യമങ്ങളിലൂടെ പ്രക്ഷേപണം ചെയ്തത്.
രാവിലെ ആരംഭിക്കുന്ന മഹാഗണപതി ഹോമത്തിന് കൊല്ലം അണ്ടൂര്‍ മഹാഗണപതിക്ഷേത്രം വേദിയാകുമ്പോള്‍ മുഖ്യയജ്ഞ പൗരാണികന് ഉമ്മന്നൂര്‍ ശ്രീലാലിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വിഭിന്ന ഭാഗങ്ങളിലിരുന്ന് ഇരുപതോളം പൗരാണികര്‍ യജ്ഞത്തില്‍ ഭാഗഭാക്കായി. യജ്ഞാചാര്യനായ എം.ടി. പ്രദീപ്കുമാറടക്കം വിദേശത്ത് നിന്ന് തത്സമയം ചേരുകയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരി ശ്രീകൃഷ്ണാവതാര ദിവസവും വിദ്യാഗോപാല മന്ത്രാര്‍ച്ചനയില്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രപുരോഹിതനും സര്‍വ്വൈശ്വര്യ പൂജാദിവസം ആറ്റുകാല്‍ മേല്‍ശാന്തിയും യജ്ഞത്തില്‍ എത്തിയത് നവ്യാനുഭവമായി. യജ്ഞസന്ധ്യകളെ ഭക്തിലഹരിയിലാറാടിച്ച് കേരളത്തിലെ സാമ്പ്രദായിക ഭജനസംഘങ്ങളുമെത്തി.
യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുത്ത അഗതിമന്ദിരങ്ങളില്‍ അന്നദാനവും നടന്നു. സപ്താഹം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: