ലഡാക്ക് : രാജ്യത്തെ സൈനികരുടെ ധൈര്യം സമാനകള്‍ ഇല്ലാത്തതാണ്. മലനിരകളേക്കാള്‍ ഉയരത്തിലാണ് ഇവരുടെ ധൈര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്ക് സന്ദര്‍ശനത്തിനിടെ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാ്ണ് മോദി ഇക്കാര്യം അറിയിച്ചത്.
ഗല്‍വാനില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച മോദി നമ്മുടെ ജവാന്മാരുടെ കൈകളില്‍ രാജ്യം സുരക്ഷിതമാണ്. ഓരോ പൗരനും ഇക്കാര്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അറിയിച്ചു.
ലഡാക്കില്‍ സൈനികര്‍ പ്രകടിപ്പിച്ചത് അസാമാന്യ ധൈര്യമാണ്. ലോകം രാജ്യത്തെ സൈനികരുടെ ധൈര്യവും സാഹസികതയും കണ്ടു. ഗല്‍വാന്‍ താഴ്വരയില്‍ വീരമൃത്യുവരിച്ച സൈനികരുടെ ധീരതയെ ലോകം മുഴുവന്‍ വാഴ്‌ത്തുന്നു. രാജ്യത്തിന്റെ ഭാവി സൈനികരുടെ കയ്യില്‍ ഭദ്രമാണ്.
നമ്മുടെ സൈനികര്‍ ഉള്ളപ്പോള്‍ ശത്രുരാജ്യത്തിന്റെ കുടില തന്ത്രങ്ങളൊന്നും വിലപ്പോവില്ല. ഇന്ത്യയുടെ 130 കോടി ജനങ്ങളുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണ് ലഡാക്ക്. സൈന്യത്തിന്റെ പ്രഹരത്തില്‍ ഇവരെല്ലാം ചാമ്പലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശക്തി എത്രത്തോളമുണ്ടെന്ന സന്ദേശമാണ് സൈനികരുടെ ധൈര്യത്തിലൂടെ ലോകത്തെ കാണിച്ചു കൊടുക്കുന്നത്. ഓരോ സൈനികന്റേയും ധൈര്യവും പ്രവര്‍ത്തനങ്ങളുമാണ് രാജ്യത്തെ ഓരോ വീടുകളിലും പ്രതിധ്വനിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യഭക്തരുടെ നാടാണ് ലഡാക്ക്. സമാധാനം കൊണ്ടുവരാന്‍ ധീരരതയാണ് ആവശ്യം. ഇന്ത്യ സൈനിക ശക്തികൂട്ടുന്നത് ലോകനന്മയ്‌ക്കും സമാധാനത്തിനു വേണ്ടിയാണ്.
സാമ്രാജ്യത്വ വാദികളുടെ കാലം കഴിഞ്ഞു. വികസനവാദികളുടെ കാലമാണിത്. ഭാരത് മാതാവിന്റെ സുരക്ഷയ്‌ക്ക് എന്നും സൈനികര്‍ക്കൊപ്പം നില്‍ക്കും. രാജ്യത്തെ രക്ഷിക്കാന്‍ എന്ത് ത്യാഗത്തിനും നമ്മള്‍ തയ്യാറാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും, കരസേന മേധാവി എം.എം. നരവനെയും സന്ദര്‍ശനവേളയില്‍ അദ്ദേഹത്തെ അനുഗമിച്ചു. ലഡാക്ക് സന്ദര്‍ശനത്തിന് ശേഷം വൈകിട്ട് മന്ത്രിതല സമിതിയുടെ ഉന്നതയോഗവും പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: