കോഴിക്കോട്: പകപോക്കല്‍ നടപടി ക്കിരയായ പോലീസുകാരന് സ്വയം വിരമിച്ച സംഭവത്തില്‍ വിവാദം. കാരപ്പറമ്പ് സ്വദേശിയായ എഎസ്ഐ ടി. മധു അഞ്ച് വര്‍ഷവും ആറ് മാസവും സര്‍വ്വീസ് കാലാവധി ബാക്കിയിരിക്കെ വിരമിക്കേണ്ടി വന്നത് മന്ത്രിയുടെ വാഹനത്തിന്റെ അമിത വേഗതയ്ക്കെതിരെ കേസ് എടുത്തതിന്. സംഭവം വിവാദമായതോടെ പോലീസ് അസോസിയേഷന് വിശദീകരണവുമായി രംഗത്ത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 30 നാണ് സംഭവം. മധുവിന്റെ പരാതിയില്‍ സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 698/19 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ മന്ത്രിയുടെ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് 2019 ഡിസംബറില്‍ കോടതി വിധിയുണ്ടായി. പ്രതിക്ക് പിഴ ശിക്ഷ ലഭിക്കുകയും ചെയ്തു.
കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ഭരണകക്ഷിയിലെ പോലീസ് അസോസിയേഷന് പ്രവര്‍ത്തകരില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും നിരന്തരം സമ്മര്‍ദ്ദങ്ങളുണ്ടായി. ഒടുവില്‍ സ്ഥലംമാറ്റവുമുണ്ടായി. പ്രമോഷന് പ്രകാരമുള്ള സ്ഥലംമാറ്റം മാത്രമാണെന്നാണ് പോലീസ് അസോസിയേഷന് ഭാരവാഹികളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം. എന്നാല്‍ അന്‍പത് വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രമോഷന് ലഭിച്ചാല്‍ നിലവിലെ സ്റ്റേഷനില്‍ നിലനിര്‍ത്തുകയാണ് ചെയ്യാറെന്നും ഈ പരിഗണന തനിക്ക് ലഭിച്ചില്ലെന്നും മധു പറയുന്നു.
മുന്‍പും പോലീസ് അസോസിയേഷനില്‍ പരാതിപ്പെട്ടിട്ടും ഒരു സഹായവും മധുവിന് ലഭിച്ചില്ല. തുടര്‍ന്നായിരുന്നു ജോലിയില്‍ നിന്നുള്ള വിരമിക്കല്‍. ചൊവ്വാഴ്ചയാണ് വിരമിച്ചത്. പ്രശ്നം പോലീസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ സംസ്ഥാനമാകെ ചര്‍ച്ചയായെന്നും ഇത് തങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നുമാണ് അസോസിയേഷന്റെ വാദം.പോലിസുകാരന് താങ്ങാകേണ്ട അസോസിയേഷന് ഭരണകക്ഷിക്ക് വേണ്ടി അംഗത്തെ കൈവിട്ടതോടെ സംഘടന പ്രതിക്കൂട്ടിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: