തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പിന്നിട്ട് ഇന്നലെ 100 ദിവസം പൂര്‍ത്തിയായി. സാമ്പത്തിക വ്യവസായരംഗത്ത് വലിയ രീതിയിലുള്ള ആഘാതം ഉണ്ടാക്കി. ലോക്ഡൗണിനു ശേഷം ഏറെക്കുറേ ഇളവുകള്‍ ലഭിച്ചെങ്കിലും സാധാരണക്കാരായ ജനങ്ങള്‍ ഇന്നും ആഘാതത്തില്‍ നിന്നും കരകയറിയിട്ടില്ല.
അന്നന്ന് പണിയെടുത്ത് അന്നത്തിന് വക കണ്ടെത്തുന്നവര്‍ ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പെടാപാടുപെടുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിച്ചിട്ടുമില്ല. 100 ദിവസം പിന്നിട്ടപ്പോള്‍ സാമൂഹിക അവസ്ഥ എത്രമാത്രം പഴയതുപോലെയായി, ഏതാനും മേഖലകളില്‍ ജന്മഭൂമി നടത്തിയ അന്വേഷണം.
‘കേരള സൈന്യം’ ദുരിതത്തില്‍ തന്നെ
”കൊണ്ടുവന്ന മീനില്‍ പകുതിയും വിറ്റില്ല സാറെ… കടംവാങ്ങിയാണ് രണ്ട് കുട്ട മീനുമായി വന്നത്. ഇന്നലെയും ഇതായിരുന്നു അവസ്ഥ. എന്ത് ചെയ്യണമെന്ന് അറിയില്ല സാറെ…” കൈതമുക്ക് ജംഗ്ഷന് സമീപം മത്സ്യക്കച്ചവടം നടത്തുന്ന സെല്‍വിന്‍ ജോസഫിന്റെ മനസ് കൂറ്റന്‍ തിരമാല തീരത്തടിച്ചു കയറുന്നതു പോലെ വേവലാതിയിലാണ്.
വലിയവേളി സ്വദേശിയായ സെല്‍വിന്‍ ജോസഫ് 20 വര്‍ഷമായി വഞ്ചിയൂര്‍ പ്രദേശത്ത് മീന്‍കച്ചവടം നടത്തുന്നു. ഭര്‍ത്താവ് മരിച്ചിട്ട് 12 വര്‍ഷമായി. അന്നു മുതല്‍ മക്കളെ വളര്‍ത്താന്‍ മീന്‍ കുട്ടയുമായി ഇറങ്ങി പുറപ്പെട്ടതാണ്. പെരുമാതുറയില്‍ നിന്നാണ് ഇവര്‍ മൊത്തക്കച്ചവടത്തിന് മീന്‍ വാങ്ങുന്നത്. രാവിലെ കൊണ്ടുവരുന്ന മീന്‍ വിറ്റാണ് മൊത്തക്കച്ചവടക്കാരന് പണം നല്‍കിയിരുന്നത്. ലോക്ഡൗണിനു മുമ്പ് 12,000 രൂപയ്ക്ക് വരെ മീന്‍ കച്ചവടം ചെയ്യുമായിരുന്നു.
ലോക്ഡൗണ്‍ ആരംഭിച്ചതോടെ കുറേ ദിവസം കച്ചവടം ചെയ്യാന്‍ സാധിച്ചില്ല. വീണ്ടും ആരംഭിച്ചെങ്കിലും ദിവസവും 5000 രൂപയ്ക്ക് താഴെ മാത്രമാണ് ഇപ്പോഴത്തെ കച്ചവടം. പെരുമാതുറയില്‍ നിന്നും ഓട്ടോയിലാണ് മീന്‍ നഗരത്തിലെത്തിക്കുന്നത്. ഓട്ടോ കൂലിക്ക് തന്നെ 800 രൂപയോളം വേണം. കച്ചവടവും ഓട്ടോ കൂലിയും ഒക്കെ കൂട്ടിക്കിഴിച്ചിട്ട് ബാക്കി നോക്കുമ്പോള്‍ തുച്ഛമായ പണമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ബാങ്ക് വായ്പ പോലും ഒടുക്കാന്‍ സാധിക്കാതെയായി. ചെറിയൊരു വീട്ടില്‍ താമസിക്കുന്ന ഇവര്‍ക്ക് ലഭിച്ചത് 3000 രൂപയുടെ വൈദ്യുതി ബില്‍. ഈ ദുരവസ്ഥക്ക് എന്ന് പരിഹാരം ഉണ്ടാകുമെന്ന് അറിയാതെ വിതുമ്പുകയാണ് ഇവര്‍.
ഓട്ടം പോയ പോക്ക്…
ഇരുന്നൂറ് രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ അതിന് പോലും ഇപ്പോള്‍ ഓട്ടം കിട്ടുന്നില്ലെന്ന് ഓട്ടോ തൊഴിലാളികള്‍. മണക്കാട് കുര്യാത്തിയില്‍ താമസിക്കുന്ന ക്യഷ്ണന് 30 വര്‍ഷമായി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയില്‍ ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്. ഇപ്പോള്‍ 61 വയസ്സായി.
ലോക്ഡൗണിന്റെ ഇളവ് ലഭിച്ചതോടെ ജീവിതം മുന്നോട്ടോടിക്കാനുള്ള വളയം വീണ്ടും പിടിച്ചു തുടങ്ങി. ലോക്ഡൗണിന് മുമ്പ് ദിവസവും ശരാശരി 800 രൂപയ്ക്ക് വരെ ഓട്ടം ലഭിച്ചിരുന്നതായാണ് ക്യഷ്ണന് പറയുന്നത്. ഇപ്പോള്‍ അത് ശരാശരി 150 രൂപയില്‍ താഴെയായി. കൃഷ്ണന് ഓട്ടോയ്ക്കായി വായ്പ എടുത്തിട്ടില്ലെങ്കിലും വീടുവയ്ക്കാനും അല്ലാതെയുമായി എടുത്ത വായ്പ ഒരു ലക്ഷത്തിന് പുറത്തുണ്ട്. ഇതിന്റെ മാസഅടവ് കൂടാതെ താമസിക്കുന്ന വീടിന് 3000 രൂപ വാടകയും നല്‍കണം.
നിത്യചെലവ് തന്നെ വളരെ ബുദ്ധിമുട്ടിയാണ് കൊണ്ടുപോകുന്നതെന്ന് കൃഷ്ണന് പറയുന്നു. ”യാത്രക്കാര്‍ ഓട്ടോയില്‍ കയറാന്‍ മടിക്കുന്നു. പലര്‍ക്കും പേടി. സ്ഥിരമായി ലഭിച്ചിരുന്ന ഓട്ടം പോലും ഇപ്പോള്‍ ലഭിക്കുന്നില്ല.” കൃഷ്ണന് മാത്രമല്ല, കൊറോണ വരിഞ്ഞു മുറക്കിയതിലെ പ്രധാന വിഭാഗമാണ് ഓട്ടോ തൊഴിലാളികള്‍.
കാലിയായ തട്ടുകടകള്‍
ചേട്ടാ ഒരു സ്ട്രോംഗ് മധുരം കുറച്ച്, ചേട്ടാ ഒരു ലൈറ്റ് ചായ തുടങ്ങി ചായയുടെയും കാപ്പിയുടേയും രുചികള്‍ യഥേഷ്ടം നുണഞ്ഞിരുന്ന ചായത്തട്ടുകളിലും ആളുകള്‍ എത്തുന്നത് വല്ലപ്പോഴും. ശ്രീകണ്ഠേശ്വരത്ത് അരയാലിന് സമീപമായി ശാരദ അമ്മ എന്ന ഒരു വൃദ്ധ നടത്തുന്ന ചായത്തട്ടില്‍ തിരക്കോട് തിരക്കായിരുന്നു കൊറോണയ്ക്ക് മുമ്പ്. ശാരദ അമ്മയെ കൂടാതെ ഒരു ജീവനക്കാരന് മാത്രമാണ് കടയിലുള്ളത്. തിരുവല്ലം സ്വദേശിയായ രാജനാണ് ജീവനക്കാരന്.
ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന കച്ചവടത്തിന്റെ പകുതിയില്‍ താഴെയാണ് ഇപ്പോള്‍ തട്ടുകടകളിലെ കച്ചവടം. 23 വര്‍ഷമായി രാജന് ഈ കടയിലെ ജീവനക്കാരനാണ്. ഇത്തരത്തിലുള്ള അവസ്ഥ ചിന്തിക്കാന്‍ പോലും ആകുന്നില്ലെന്ന് രാജന് പറയുന്നു. ചായയും വടകളും മാത്രമാണ് ഇവിടെ വില്‍ക്കുന്നത്. പത്തിലധികം പലഹാരങ്ങള്‍ ഇവിടെ ദിവസവും ഉണ്ടാക്കുകയായിരുന്നു. ആളുകളുടെ വരവ് കുറഞ്ഞതോടെ പലഹാരങ്ങള്‍ ഉണ്ടാക്കിയാലായി, ഇല്ലെങ്കിലായി.
ശരാശരി 800 രൂപയാണ് രാജനെ പോലുള്ളവരുടെ ദിവസ ശമ്പളം. ലോക്ഡൗണില്‍ കടകള്‍ അടഞ്ഞു കിടന്നതോടെ രണ്ട് മാസത്തോളം ഇവര്‍ക്ക് ജോലി ഇല്ലായിരുന്നു. ദിവസവും രാവിലെ 6 ന് ആരംഭിച്ച് രാത്രി 9 വരെയായിരുന്നു കച്ചവട സമയം. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ രാവിലെ 7.30ന് ആരംഭിച്ച് വൈകിട്ട് 7 ഓടെ അടയ്ക്കും. ഒരു തട്ടുകടയുടെയല്ല, പല തട്ടുകടകളിലെയും അവസ്ഥ ഇതുതന്നെയാണ്. രണ്ടിലധികം തൊഴിലാളികളാണ് നിലവിലുള്ളത്. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാന്‍ തന്നെ വലിയ തുക വേണം. അതിനാല്‍ ഉടമസ്ഥര്‍ തന്നെയാണ് ഇപ്പോള്‍ പലയിടത്തും പണിയെടുക്കുന്നത്. ജീവിതം കരുപ്പിടിപ്പിക്കാന്‍ പലരും മറ്റ് ജോലികള്‍ തേടി പോയിട്ടുണ്ട്.
കൊറോണ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നു. ആശങ്ക ഓരോ ദിവസവും ഉയരുന്നു. എങ്കിലും മഹാമാരിക്കിടയില്‍ പ്രതീക്ഷ കൈവിടാതെ മുന്നേറുകയാണ് ഇവര്‍.
ചിത്രങ്ങൾ വി.വി അനൂപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: