തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാസന്നനിലയില്‍ കഴിയുന്ന ഒരു കൊറോണ രോഗിക്ക് കൂടി പ്ലാസ്മാതെറാപ്പി നല്‍കി. കൊറോണ രോഗവിമുക്തി നേടിയ ഒല്ലൂര്‍ സ്വദേശി എം.കെ. രതീഷാണ് മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ എത്തി പ്ലാസ്മ ദാനം ചെയ്തത്. ജൂണ്‍ 30ന് വൈകിട്ട് തുടങ്ങിയ രക്തപരിശോധനയും പ്ലാസ്മാശേഖരണവും രാത്രി വരെ നീണ്ടുനിന്നു. രാത്രി തന്നെ ഒരു ഡോസ് (200എംഎല്‍) പ്ലാസ്മ കോവിഡ് രോഗിയ്‌ക്ക് നല്‍കി.
മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ അത്യാധുനിക അഫറസിസ് യന്ത്രം സ്ഥാപിച്ച് ഒരുമാസം പിന്നിടുമ്പോഴേക്കും മൂന്നു രോഗികള്‍ക്ക് കണ്‍വാലസന്റ് പ്ലാസ്മ നല്‍കാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ബ്ലഡ് ബാങ്ക് ജീവനക്കാര്‍ പറഞ്ഞു.
എന്നാല്‍ പ്ലാസ്മ നല്‍കിയ രതീഷിനിത് സമൂഹത്തോടുള്ള മധുരപ്രതികാരമാണ്. ചെന്നൈയില്‍ സ്വര്‍ണപ്പണി ചെയ്യുന്ന രതീഷ് മറ്റൊരാളുടെ കൂടെ ബൈക്കില്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് രോഗം പിടിപെട്ടത്. മെഡിക്കല്‍ കോളേജ് കൊവിഡ് വാര്‍ഡില്‍ ചികിത്സ ലഭിച്ചശേഷം ജൂണ്‍ ഏഴിന് ഡിസ്ചാര്‍ജ് ചെയ്യുകയും 14 ദിവസം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയും ചെയ്ത ശേഷമാണ് രതീഷ് ബ്ലഡ് ബാങ്കില്‍ എത്തി പ്ലാസ്മ നല്‍കിയത്. കൊറോണ രോഗി എന്ന നിലയില്‍ സമൂഹത്തില്‍ നിന്ന് വലിയ അവഗണനയും ഒറ്റപ്പെടുത്തലും നേരിട്ടതിലുള്ള മധുരപ്രതികാരമാണ് തന്റെ പ്ലാസ്മാദാനമെന്ന് രതീഷ് പറഞ്ഞു.
രോഗവിമുക്തി നേടിയവര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറായി വരുന്നത് ഏറെ സന്തോഷകരമാണെന്ന് ബ്ലഡ് ബാങ്ക് മേധാവി ഡോ.ഡി. സുഷമ പറഞ്ഞു. പ്ലാസ്മ ശേഖരണ പ്രക്രിയയ്‌ക്ക് ഡോ.പി. കെ. ഇന്ദു, സയന്റിഫിക് അസിസ്റ്റന്റ്് സാജു എന്‍ ഇട്ടീര എന്നിവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: