ന്യൂദല്‍ഹി: സൈബര്‍ സുരക്ഷയുടെ ഭാഗമായി ചൈനീസ് ആപ്പുകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ റോഡ് നിര്‍മ്മാണ മേഖലയില്‍ നിന്നും ചൈനീസ് കമ്പനികളെ പുറത്താക്കാന്‍ തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഹൈവേ നിര്‍മാണ പദ്ധതികളില്‍ നിന്നും ചൈനീസ് കമ്പനികളെ ഒഴിവാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. സംയുക്ത റോഡ് നിര്‍മാണ പദ്ധതികളില്‍ നിന്നും ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഒഴിവാക്കുമെന്ന് അദേഹം അറിയിച്ചു.
ചെറുകിട ഇടത്തരം മേഖലകളില്‍ ചൈനീസ് കമ്പനികള്‍ നിക്ഷേപം നടത്തുന്നതിനെ പ്രോത്സാഹിപ്പിക്കില്ല. ഹൈവേ നിര്‍മ്മാണ പദ്ധതികളില്‍ നിന്നും ചൈനീസ് കമ്പനികളെ വിലക്കും. പകരം ഇന്ത്യന്‍ കമ്പനികളെ പങ്കാളികളാക്കും. അതിനായി യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുമെന്നും ഗഡ്കരി പറഞ്ഞു. ഇതു സമ്പന്ധിച്ച് ചട്ടങ്ങളില്‍ ഇളവുവരുത്താന്‍ എന്‍എച്ച്എഐയ്ക്കും ഗതാഗത മന്ത്രാലയത്തിനും നിര്‍ദേശം നല്‍കിയതായും അദേഹം വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ ദിവസം 59 ചൈനീസ് ആപ്പുകളെ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളുള്ള സെര്‍വറുകളിലേക്ക് ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി മോഷ്ടിക്കുകയും രഹസ്യമായി കൈമാറുകയും ചെയ്യുന്നുവെന്ന് വിവര സാങ്കേതിക മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: