കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി ഒരുമാസമായിട്ടും പാഠപുസ്തകങ്ങളിപ്പോഴും പരിധിക്ക് പുറത്താണ്. സ്കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ കിട്ടാത്തതിനാല്‍ പഠനം ഉഴപ്പുന്നതായി ആക്ഷേപം. ഓണ്‍ലൈന്‍ ക്ലാസിനുശേഷം അധ്യാപകര്‍ നല്കുന്ന ഗൃഹപാഠങ്ങള്‍ ചെയ്യാനോ പാഠഭാഗങ്ങള്‍ കൂടുതല്‍ പഠിക്കാനോ പുസ്തകങ്ങളില്ലാതെ കുഴങ്ങുകയാണ് കുട്ടികള്‍.
ഒരാഴ്ചമുമ്പ് വിതരണം തുടങ്ങിയതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം പേര്‍ക്കും പുസ്തകം കിട്ടിയിട്ടില്ല. ഉപജില്ലാതലത്തില്‍ സൊസൈറ്റികളിലേക്ക് പുസ്തകമെത്തിച്ച് അവിടെ നിന്നാണ് സ്കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്. അവിടെവച്ച് കോവിഡ്19 മാനദണ്ഡങ്ങള്‍ പ്രകാരം വിദ്യാര്‍ഥികളോ രക്ഷിതാക്കളോയെത്തി പുസ്തകം കൈപ്പറ്റാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.
ഇത്തവണ കുടുംബശ്രീക്കാണ് പുസ്തകം വേര്‍തിരിക്കാനും വിതരണത്തിനുമുള്ള ചുമതല. 17 പേരെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്. പുസ്തക വിതരണത്തിന് പ്രത്യേകം വാഹനം ഇവര്‍ക്ക് നല്‍കിയിട്ടില്ല. സ്കൂള്‍ വാഹനങ്ങളിലാണ് സൊസൈറ്റികളിലെത്തിക്കുന്നത്. ഒരു ട്രിപ്പില്‍ 20000 മുതല്‍ 60000 വരെ പുസ്തകങ്ങളാണ് കൊണ്ടുപോകുന്നത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ബേക്കല്‍ ഉപജില്ലകളില്‍ ഓരോ ട്രിപ്പും കൂടി പോയാലേ സൊസൈറ്റികളില്‍ പുസ്തകമെത്തിക്കാന്‍ പറ്റൂ. അവിടെ നിന്ന് സ്കൂളിലും കുട്ടികളിലേക്കുമെത്തിക്കാന്‍ പിന്നെയും സമയമെടുക്കും.
ഉദുമ ഉപജില്ലയിലേക്കുള്ള വിതരണം തുടങ്ങിയതായി വിദ്യാഭ്യാസ അധികൃതര്‍ പറയുന്നു. ചെറുവത്തൂര്‍, ചിറ്റാരിക്കാല്‍, ഹൊസ്ദുര്‍ഗ് ഉപജില്ലകളില്‍ ഒന്നുമായിട്ടില്ല. ജില്ലയില്‍ 587 സ്കൂളുകളിലായി ആകെ 1,84,337 വിദ്യാര്‍ഥികളുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ തുടങ്ങിയപ്പോള്‍ 11,000ഓളം പേര്‍ക്ക് പഠനസൗകര്യങ്ങളില്ലായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ ഇവരില്‍ മഹാഭൂരിപക്ഷത്തിനും സൗകര്യമൊരുക്കി. പക്ഷേ, പുസ്തകങ്ങളെത്തിക്കുന്നതില് അധികൃതര്‍ പരാജയപ്പെട്ടു.
ലോക്ഡൗണ്‍ നിയന്ത്രണങ്ങളും വാഹനങ്ങള്‍ കിട്ടാത്തതുമാണ് തടസ്സമെന്ന് അധികൃതര്‍ പറയുന്നു. രാത്രിയും ജോലി ചെയ്തുമെത്തിക്കാന് പരമാവധി ശ്രമം നടക്കുന്നുണ്ടെന്നും അവര്‍ വിശദീകരിക്കുന്നു. ടെലിവിഷനിലും കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലുമായി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്ണിന് ഏറെ ആയാസമുണ്ടെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാഠഭാഗങ്ങള്‍കൂടി കംപ്യൂട്ടറില്‍ നോക്കുക പ്രയാസം കൂട്ടും. പുസ്തകം കിട്ടിയാല്‍ അത്രയും ആശ്വാസമാകുമെന്നാണ് കുട്ടികളും രക്ഷിതാക്കളും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: