ചെറുതോണി: ജില്ലാ ആസ്ഥാന മേഖലയില്‍ വ്യാജമദ്യ വില്‍പ്പന പൊടിപൊടിക്കുബോള്‍ പോലീസും എക്സൈസും മൗനത്തില്‍. വനവാസി മേഖലയായ മണിയാറന്‍കുടി ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി വ്യാജ മദ്യവില്‍പ്പന പൊടിപൊടിക്കുകയാണ്.
കന്നാസില്‍ വ്യാജ മദ്യം എത്തിച്ച് ചില സംഘങ്ങള്‍ പരസ്യമായി വില്‍പ്പന നടത്തുന്നതായി പൊതുപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് പോലീസില്‍ വിവരം അറിയിച്ചിട്ടും നടപടിയില്ലാ എന്നും ഇവര്‍ ആരോപിച്ചു. മുന്‍പ് ഇടുക്കി പോലീസ് സ്റ്റേഷനില്‍ ഇരുന്ന എസ്ഐ ടി.സി മുരുഗന് സ്ഥലം മാറിയതിന് ശേഷമാണ് മദ്യമാഫിയകള്‍ സജീവമായത്.
ഇദ്ദേഹം എസ്ഐ ആയിരുന്ന കാലത്താണ് ഏറ്റവും കൂടുതല്‍ മദ്യവും, കഞ്ചാവും പിടികൂടിയത്. ഇതോടെ ഇത്തരം മാഫിയകള്‍ ഒതുങ്ങി നിന്നതാണ്. എന്നാല്‍ ഇദ്ദേഹം സ്ഥലം മാറി പോയതോടെ ഇവര്‍ സജീവമായി. പകരം പുതിയ എസ്ഐ ഇതുവരെ ചാര്‍ജ് എടുത്തിട്ടുമില്ല. പോലീസിലെ ചില ഉദ്യോഗസ്ഥരും മദ്യമാഫിയയ്ക്ക് സഹായം ചെയ്യുന്നുണ്ട് എന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. മുന്‍ ജില്ലാ പോലീസ് മേധാവിയുടെ അടുത്ത് ഈ കാര്യങ്ങള്‍ ചൂണ്ടി കാട്ടി പരാതി ലഭിച്ചിരുന്നു.
എന്നാല്‍ രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് നടപടികള്‍ ഒഴിവാകുകയായിരുന്നു. എസ്ഐ ടി.സി. മുരുഗനെ സ്ഥലം മാറ്റുന്നതിന് കാരണമായതും പോലീസിലെ സമാന്തര പോലീസായി പ്രവര്‍ത്തിക്കുന്ന ചില ഉദ്യോഗസ്ഥരാണ്.
സ്ഥലത്തെ ഒരു ഗ്രേഡ് എസ്ഐക്കെതിരെ ഉണ്ടായ ആക്ഷേപങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. അടിയന്തിരമായി പോലീസിനുള്ളിലെ മാഫിയ ബന്ധമുള്ള ഇത്തരം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്നും, പുതിയ എസ്ഐയെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: