കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വെള്ളയില്‍, കല്ലായി, ഒളവണ്ണ കമ്പിളിപ്പറമ്പ് പ്രദേശങ്ങള്‍ നിയന്ത്രിത മേഖലയായി. ആത്മഹത്യ ചെയ്ത വെള്ളയില്‍ ബിജി റോഡില്‍ കുന്നുമ്മല്‍ എന്‍.പി. കൃഷ്ണന് (70), കല്ലായിയിലെ ഗര്‍ഭിണിയായ യുവതി, ഒളവണ്ണയിലെ ട്രക്ക് ഡ്രൈവര്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഈ പ്രദേശങ്ങള്‍ നിയന്ത്രിതമേഖലയായത്.
രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ മാത്രമേ അവശ്യവസ്തുക്കള്‍ വില്പന നടത്തുന്ന കടകള്‍ തുറക്കാന്‍ പാടുള്ളൂ. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ പോലീസ് പരിശോധന ശക്തമാക്കും. രാത്രി പത്തു മുതല്‍ രാവിലെ അഞ്ചു വരെ കര്‍ഫ്യു കര്‍ശനമാക്കും. എന്നാല്‍ ബീച്ച് ആശുപത്രിയിലേക്ക് വാഹനങ്ങള്‍ പോകുന്നതിന് തടസ്സമുണ്ടാവില്ല.
വെള്ളയില്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മൂന്നാലിങ്കല്‍ 62, വെള്ളയില്‍ 66 ഡിവിഷനുകളും, പന്നിയങ്കര സ്റ്റേഷന് പരിധിയിലെ പയ്യാനക്കല്‍ 55 ഡിവിഷനും ഒളവണ്ണ പഞ്ചായത്തിലെ 19 -ാം വാര്‍ഡായ കമ്പിളിപ്പറമ്പുമാണ് കണ്ടെയ്മെന്റ് സോണുകളാക്കിയത്. കോവിഡ് നിയന്ത്രണ നിയമങ്ങള്‍ ഇവിടങ്ങളില്‍ കര്‍ശനമായിരിക്കും.
നാലാം ഗെയ്റ്റിനടുത്ത് കഴിഞ്ഞ ശനിയാഴ്ച ആത്മഹത്യചെയ്തയാളുടെ രോഗ ഉറവിടം അജ്ഞാതമായതാണ് ആരോഗ്യവകുപ്പിനെ കുഴക്കുന്നത്. മരിച്ചയാളുമായി ആരൊക്കെ സമ്പര്‍ക്കത്തിലായെന്നു പോലും കണ്ടെത്താനായിട്ടില്ല. ഇതോടെ വെള്ളയില്‍ പ്രദേശം നിയന്ത്രിത മേഖലയായി. പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരുമടക്കം എഴുപതോളം പേരാണ് ക്വാറന്റൈനിലായത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യ പരിശോധനയില്‍ കൃഷ്ണന്റെ പരിശോധനാ ഫലം പോസിറ്റീവായതോടെ വിശദപരിശോധനയ്ക്ക് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവ പരിശോധനയക്ക് അയക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ഫലം ലഭിച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചത്.പരിശോധനാഫലം ലഭിക്കാത്തതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. കൃഷ്ണന് വൈറസ് ബാധിച്ചത് എവിടെ നിന്ന് എന്ന് വ്യക്തമല്ല. നാലാം ഗെയ്റ്റിനടുത്ത് ഫ്ളാറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കൃഷ്ണന്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കൃഷ്ണനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കോഴിക്കോട് കോര്പ്പറേഷന് താല്‍ക്കാലിക ജീവനക്കാരിയായ ഭാര്യ മല്ലിക ജോലി കഴിഞ്ഞ ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കൃഷ്ണനെ തൂങ്ങിയ നിലയില്‍ കണ്ടത്. പതിനൊന്ന് മണിക്ക് പോലീസ് എത്തിയെങ്കിലും രണ്ടര മണിയോടെയാണ് മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തത്. മരിച്ച കൃഷ്ണന്റെ വീട്ടില്‍ ഇതിനിടെ നാട്ടുകാരും ബന്ധുക്കളുമായ നിരവധി പേര് വന്നിരുന്നു. മൃതദേഹ പരിശോധന നടത്തിയ രണ്ട് പോലീസുകാരൊഴിച്ച് സിഐ അടക്കമുള്ളവര്‍ക്ക് പിപിഇ കിറ്റിന്റെ സംരക്ഷണവും ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: