കോഴിക്കോട്: തെരുവ് വിളക്കുകള്‍ സ്ഥാപിച്ചതില്‍ അപാകത. അപകട സാധ്യത കൂടുതലുള്ള സ്ഥലം ഒഴിവാക്കിയാണ് കൗണ്‍സിലര്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചതെന്നാണ് പരാതി. ഫറോക്ക് മുനിസിപ്പാലിറ്റിയിലെ 16-ാം ഡിവിഷനില്‍ മാന്ത്രമ്മല്‍ റോഡില്‍ കാരട്ടിപ്പാടം ബദര്‍ മസ്ജിദ് വരെയുള്ള ഇലക്ട്രിക് പോസ്റ്റുകളിലാണ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. ഇതിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം ഒഴിവാക്കി പകരം മസ്ജിദിന് സമീപം പൂര്‍ണമായും തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. അപകട സാധ്യത കൂടുതലുള്ള വളവിന് സമീപത്താണ് തെരുവ് വിളക്ക് സ്ഥാപിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
മുന്‍പ് തൊഴിലുറപ്പ് തൊഴിലാളിയെ പ്രായമായി എന്ന കാരണത്താല്‍ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പ്രദേശത്തുകാരും കൗണ്‍സിലറും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ തിരിച്ചെടുത്തു. ഈ വിഷയത്തിലുള്ള പ്രതികാര നടപടിയാണ് കൗണ്‍സിലറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. കൗണ്‍സിലറുടെ നടപടിക്കെതിരെ നാട്ടുകാര്‍ നഗരസഭ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് ഭീമഹര്‍ജി നല്‍കിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: