മലപ്പുറം: ലോക്ഡൗണ്‍ കാലം ആരോഗ്യരംഗത്തെതിന് സമാനമായി വെല്ലുവിളി സൃഷ്ടിച്ച ഒരു മേഖലയാണ് വിദ്യാഭ്യാസ മേഖല. വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്താതെ നടത്തുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇപ്പോഴും പരീക്ഷണശാലയിലാണ്. മറ്റ് ഭാഷകള്‍ക്കും വിഷയങ്ങള്‍ക്കുമൊപ്പം എന്നതിലുപരി സംസ്കൃത അദ്ധ്യാപന രംഗത്ത് ഇത് വലിയ വെല്ലുവിളിയായിരുന്നു. 90 ശതമാനം രക്ഷിതാക്കള്‍ക്കും കുട്ടികളെ സഹായിക്കാനാവില്ല എന്നതാണ് പ്രതിസന്ധിക്ക് കാരണം.
ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പടിഞ്ഞാറ്റുമുറി സ്വദേശികളായ അഭിഷേക് നാരായണനും അക്ഷയ് രാജുവും. നാല് വര്‍ഷം മുമ്പ് സംസ്കൃതഭാഷാ പ്രചാരണം ലക്ഷ്യമാക്കി ഇവര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ചാനല്‍ രുദ്ര ക്രിയേഷന്‍സ് പഠിതാക്കള്‍ക്ക് ആശ്രയമായി മാറുകയാണ്. ‘വൃക്ഷശ്രീ’ എന്ന മൊബൈല്‍ ഹൃസ്വചിത്രം മുതല്‍ അവസാനം ചെയ്ത ‘സുഖിനോ ഭവന്തു’ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ വിഷയങ്ങളുടെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ സംസ്കൃതം വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടി ക്ലാസുകള്‍ തുടങ്ങാന്‍ രുദ്ര ക്രിയേഷന്‍സ് തീരുമാനിച്ചു. അതിനായി രുദ്ര@സ്കൂള്‍ എന്ന പുതിയ ചാനല്‍ ആരംഭിച്ചു. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി എല്ലാ ദിവസവും സംസ്കൃതം ക്ലാസുകളും വാട്സപ്പ് ഗ്രൂപ്പുകളിലൂടെ വര്‍ക്ക്ഷീറ്റുകളും ഇപ്പോള്‍ നല്കി വരുന്നു. സംസ്കൃതഭാരതി, കേരള സംസ്കൃതാധ്യാപക ഫെഡറേഷന് മുതലായ സംഘടനകളുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും പിന്തുണ ഇപ്പോള്‍ ചാനലിനുണ്ട്.
ഡോ.സി.പി.ശൈലജ, ഷീന റിജേഷ്, അമൃത വാസുദേവ്, ഡോ.ശ്രീജ.കെ.എന്‍, എം.വിദ്യാലക്ഷ്മി, ഡോ.സുദേവ് കൃഷ്ണ ശര്‍മ്മ എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത്. അദ്ധ്യാപകര്‍ എവിടെയാണോ അവിടെയെത്തി ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് രാത്രിയില്‍ എഡിറ്റിംഗ് പൂര്‍ത്തിയാക്കി ഇവര്‍ ഉടന്‍ ചാനലില്‍ അപ്ലോഡ് ചെയ്യും. സംസ്കൃതത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട് ഇരുവരും. അക്ഷയ് രാജ് മേലാറ്റൂര്‍ ആര്‍എംഎച്ച്എസ് വിദ്യാലയത്തിലെ സംസ്കൃത അദ്ധ്യാപകനാണ്. അഭിഷേകും അദ്ധ്യാപന രംഗത്ത് തന്നെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: