കാഠ്മണ്ഡു: ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ തന്നെ പുറത്താക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പരാമര്‍ശത്തിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് രൂക്ഷ വിമര്‍ശനം. സൗഹൃദ രാജ്യത്തിനെതിരായി നിരുത്തവാദപരമായിട്ടാണ് പരാമര്‍ശങ്ങള്‍ നടത്തിയത്. ഒലി ഒന്നുകില്‍ ആരോപണം തെളിയിക്കുകയോ രാജിവെക്കുകയോ വേണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
മൂന്ന് മുന്‍ നേപ്പാള്‍ നേതാക്കളായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍ ഒലിയുടെ പ്രസ്താവന നയതന്ത്രപരമായും ശരിയല്ലെന്നും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി അറിയിച്ചു. ഒലി തികഞ്ഞ പരാജയമായതിനാല്‍ രാജിവെക്കണമെന്ന് മുന്‍പ്രധാനമന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയല്ല, ഞാന്‍ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമര്‍ശങ്ങള്‍ക്ക് നിങ്ങള്‍ തെളിവ് നല്‍കണം’. ഇന്ത്യ പോലൊരു സൗഹൃദ രാഷ്ട്രത്തിനെതിരെ ഒലി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുണ്ടോ. ഉണ്ടെങ്കില്‍ പുറത്തുവിടണം. രാഷ്ട്രീയപരമായും നയതന്ത്രപരമായും പ്രധാനമന്ത്രി എന്ന നിലയില്‍ ശരിയായ പ്രസ്താവനയല്ല നടത്തിയിരിക്കുന്നതെന്ന് പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ കുറ്റപ്പെടുത്തി.
ഒലിയുടെ ഈ പ്രസ്താവനക്കെതിരെ മുന്‍ ഉപപ്രധാനമന്ത്രി ബംദേബ് ഗൗതമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ത്തിയത്. നിരുത്തരവാദിത്ത പരമാണെന്നും പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിന്നും പ്രധാനമന്ത്രി പദത്തില്‍ നിന്നും സ്വയം രാജിവെച്ചൊഴിയണമെന്നും ഗൗതം ആവശ്യപ്പെട്ടു. ഇത് കൂടാതെ പാര്‍ട്ടിക്ക് പുറത്തും ഒലി രാജിവെക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ എംബസി അട്ടിമറിക്ക് തുനിഞ്ഞെങ്കില് എന്തുകൊണ്ട് അംബാസിഡറെ പുറത്താക്കുന്നില്ലെന്ന് ജന്ത സമാജ്ബാദി പാര്‍ട്ടി നേതാവും മറ്റൊരു മുന്‍ പ്രധാനമന്ത്രിയുമായ ബാബുറാം ഭട്ടറായി ചോദിച്ചു.
ഒലി തന്റെ വസതിയില്‍ നടന്ന ഒരു യോഗത്തിനിടെയാണ് ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്തിയത്. ന്യൂദല്‍ഹിയും കാഠ്മണ്ഡുവും കേന്ദ്രീകരിച്ച് തന്നെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യ സജീവമാക്കിയിരിക്കുകയാണ്. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി കേന്ദ്രീകരിച്ച് ഇതിനായി നിരന്തരം യോഗങ്ങള്‍ നടക്കുന്നു. പുതിയൊരു മാപ്പ് പ്രിന്റ് ചെയ്തതിന്റെ പേരില്‍ ഒരു പ്രധാനമന്ത്രിയെ പുറത്താക്കേണ്ടതുണ്ടോ എന്നായിരുന്നു ഒലിയുടെ പ്രസ്താവന.
എന്നാല്‍ അഴിമതി നിറഞ്ഞ ഒലി സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നാണ് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വലിയ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. കാഠ്മണ്ഡുവിലെ ചൈനീസ് അംബാസിഡറുടെ സ്വാധീനത്തിന് വഴങ്ങി ഇന്ത്യയുമായി കെ.പി. ഒലി സര്‍ക്കാര്‍ അതിര്‍ത്തി തര്‍ക്കത്തിന് തുടക്കമിട്ടതാണ് ഒലിക്ക് വിനയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: