ന്യൂദല്‍ഹി: രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് അഞ്ചുമാസം കൂടി സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 90,000 കോടി രൂപയുടെ അധിക ചെലവു വരുന്നതാണ് പ്രഖ്യാപനം. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയിലേക്ക് രാജ്യം വളരെ വേഗത്തില്‍ എത്തുകയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി അറിയിച്ചു.
കൊറോണ വ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണ്‍ പ്രതിസന്ധിയും അതിജീവിക്കാന്‍ നടപ്പാക്കിയ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയാണ് നവംബര്‍ അവസാനം വരെ നീട്ടിയത്. പ്രതിമാസം അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ്, ഒരു കിലോ കടല എന്നിവയാണ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് ലഭിക്കുന്നത്.
ലോക്ഡൗണ്‍ പ്രതിസന്ധി മറികടക്കാന്‍ ഇരുപത് കോടി പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 31,000 കോടി രൂപ നേരിട്ട് കൈമാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒന്‍പതു കോടി കര്‍ഷകര്‍ക്ക് സഹായമായി ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കിയത് 18,000 കോടി രൂപയാണ്. നാട്ടിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കടക്കം പ്രയോജനകരമായിത്തീര്‍ന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ വഴി 50,000 കോടി രൂപ ചെലവിട്ടു. ഗരീബ് കല്യാണ്‍ അന്ന യോജനയ്‌ക്കായി ഇതുവരെ 60,000 കോടിരൂപ ചെലവായിക്കഴിഞ്ഞു. പദ്ധതി നവംബറിലേക്ക് നീട്ടുമ്പോള്‍ ചെലവ് 1.5ലക്ഷം കോടി രൂപയായി ഉയരും, പ്രധാനമന്ത്രി പറഞ്ഞു.
മികച്ച മണ്‍സൂണും കാര്‍ഷിക മേഖലയുടെ ഉണര്‍വും പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗുരുപൂര്‍ണ്ണിമ, രക്ഷാബന്ധന്‍, ശ്രീകൃഷ്ണ ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, ഓണം, ദസറ, ദീപാവലി, ഛത്ത്പൂജ തുടങ്ങിയ നിരവധി ഉത്സവങ്ങളും വരാനിരിക്കുകയാണ്. ലോക്ഡൗണ്‍ ഇളവുകള്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം വരുത്തുന്നുണ്ട്. അതു പാടില്ല, ഒരോ പൗരനും ആരോഗ്യ കാര്യത്തിലും മറ്റും ജാഗ്രത പുലര്‍ത്തണം, മോദി പറഞ്ഞു. കൊറോണ മാര്‍ഗ്ഗരേഖകള്‍ ലംഘിക്കുന്നവരെ തടയണം. മാസ്‌ക് ധരിക്കാതെ നടന്ന പ്രധാനമന്ത്രിക്ക് പിഴ ഈടാക്കിയ രാജ്യത്തെ ഉദാഹരണവും അദ്ദേഹം നല്‍കി. പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ ആരും നിയമത്തിന് അതീതരല്ല. കണ്ടൈന്‍മെന്റ് സോണുകളില്‍ അതീവ ജാഗ്രത വച്ചുപുലര്‍ത്തണം. മറ്റു ലോകരാജ്യങ്ങളെ വച്ചുനോക്കുമ്പോള്‍ ഇന്ത്യയില്‍ മരണനിരക്ക് വളരെയേറെ കുറവാണ്. ലോക്ഡൗണ്‍ പ്രഖ്യാപനങ്ങളിലൂടെയാണ് ഇത്രയേറെ ജീവന്‍ രക്ഷിക്കാനായത്, പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: