ചാത്തന്നൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സംഘടനകള്‍ സ്ഥാപിച്ച സുരക്ഷാ സംവിധാനങ്ങള്‍ പലയിടത്തും നോക്കുകുത്തിയായി. ചിലയിടങ്ങളില്‍ അപ്രത്യക്ഷമായി. കോവിഡിന്റെ തുടക്കകാലത്ത് ആളുകള്‍ കൂടാനിടയുള്ള സ്ഥലങ്ങളിലെല്ലാം കൈകഴുകല്‍ കേന്ദ്രങ്ങളും സാനിറ്റൈസറുകളും സ്ഥാപിച്ചിരുന്നു.
അന്ന് ഇവ ഒരുക്കുന്നതില്‍ സാമൂഹ്യ സംസ്കാരിക രാഷ്ട്രീയസംഘടനകള്‍ തമ്മില്‍ മത്സരമായിരുന്നു. കൊടികള്‍ വച്ചും പേരെഴുതിയും ഉദ്ഘാടനം നടത്തിയുമാണ് അവര്‍ മത്സരിച്ചത്. ഇങ്ങനെ ഒരുക്കിയവയില്‍ മിക്കതും വാര്‍ത്താപ്രാധാന്യം കഴിഞ്ഞതോടെ എടുത്തുമാറ്റിയ സ്ഥിതിയിലോ അവഗണിക്കപ്പെട്ട നിലയിലോ ആണ്. ലോക് ഡൗണിന് ഒരാഴ്ച മുമ്പുതൊട്ട് ലോക് ഡൗണ്‍ ആരംഭിക്കുന്നതുവരെ മാത്രമായിരുന്നു ഇവയില്‍ പലതിന്റെയും ആയുസ്സ്. ആളുകള്‍ വീടിനുള്ളില്‍ ആയതോടെ എല്ലാം നോക്കുകുത്തിയായി മാറി.
വീണ്ടും ആളുകള്‍ പുറത്തിറങ്ങിയ സമയത്ത് ഇവ പുനഃസ്ഥാപിക്കാന്‍ മിക്ക സംഘടനകളും മെനക്കെട്ടില്ല. ഭൂരിഭാഗം കടകളുടെയും സ്ഥാപനങ്ങളുടെയും മുന്നില്‍ ഇന്ന് കൈകഴുകാനുള്ള സംവിധാനങ്ങളോ മറ്റ് സുരക്ഷാക്രമീകരണങ്ങളോ നിലവില്‍ ഇല്ല. ബാങ്കുകള്‍ക്ക് മുന്നിലും എടിഎമ്മുകള്‍ക്ക് മുന്നിലും യാതൊരു സംവിധാനവും ഇല്ല. രോഗവ്യാപനം പലരും ഗൗരവമായി എടുത്തിട്ടില്ലെന്ന് തെളിയിക്കുന്നതാണ് കൊല്ലം നഗരത്തിലും മറ്റും ആളുകള്‍ കൂട്ടമായി എത്തുന്നത്. മാസ്കുകള്‍ ധരിച്ചാണ് ഭൂരിഭാഗം പേരും പുറത്തിറങ്ങുന്നതെങ്കിലും പലപ്പോഴും കൂട്ടംകൂടിയാണ് നില്‍പ്പ്.
അധികൃതര്‍ വീണ്ടും ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിനില്‍ വീണ്ടും ബോധവത്കരണം നടത്തണമെന്ന ആവശ്യം ശക്തമാണ്. പൊതുസ്ഥലങ്ങളിലും ജനങ്ങള്‍ കൂട്ടം കൂടുന്നിടത്തും സാനിറ്റൈസറും കൈകഴുകാനുള്ള സംവിധാനവും ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: