കോട്ടയം: യുഡിഎഫില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം ജോസ് വിഭാഗം ആഗ്രഹിച്ച നടപടി. സ്വയമേ പുറത്തുപോകുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നും മുന്നണിയില്‍ നിന്ന് പുറത്താക്കിയാല്‍ അത് പ്രവര്‍ത്തകര്‍ക്കിടയില്‍ ജോസ് പക്ഷത്തിന് അനുകൂലമായ വികാരമുണ്ടാക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് യുഡിഎഫ് രാഷ്ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍ക്ക് വഴിതുറന്നത്. കേരളാ കോണ്‍ഗ്രസ്-എമ്മില്‍ ഭിന്നത തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസിന് ജോസഫ് വിഭാഗത്തിനോടായിരുന്നു താത്പര്യം. ഇത് മനസ്സിലാക്കിയ ജോസ് വിഭാഗം യുഡിഎഫില്‍ നിന്ന് പുറത്തുപോകാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഒരുഘട്ടത്തില്‍ എല്‍ഡിഎഫുമായി ചര്‍ച്ച നടന്നതായി പോലും ജോസഫ് വിഭാഗം ആരോപിച്ചിരുന്നു. എന്നാല്‍, കാരണമില്ലാതെ മറ്റൊരു മുന്നണിയിലേക്ക് പോയാല്‍ രാഷ്ട്രീയ നേട്ടമുണ്ടാകില്ലെന്ന കണക്കുകൂട്ടലാണ് ജോസ് വിഭാഗത്തെ യുഡിഎഫില്‍ പിടിച്ചു നിര്‍ത്തിയത്.
യോജിപ്പില്ലാതെ യുഡിഎഫില്‍ നില്ക്കുന്നതില് ജോസ് പക്ഷത്തെ പല നേതാക്കള്‍ക്കും എതിര്‍പ്പ് ഉണ്ടായിരുന്നു. പുറത്തുപോകുന്നതിനുള്ള തന്ത്രമായാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിലുള്ള തര്‍ക്കത്തെ കണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് ഒരുമിച്ചിരുന്ന് എടുത്ത തീരുമാനം അട്ടിമറിക്കാന്‍ ജോസ് വിഭാഗം ശ്രമിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചു.
കോട്ടയം ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങള്‍ ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താന്‍ ജോസ് വിഭാഗം ശ്രമിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് കോട്ടയം ജില്ലാ നേതൃത്വം ജോസഫ് വിഭാഗത്തിന് പിന്തുണ നല്‍കിയത് ജോസ് വിഭാഗത്തിന് തിരിച്ചടിയായി.
കെ.എം. മാണിയെയാണ് യുഡിഎഫില്‍ നിന്നു പുറത്താക്കിയതെന്നാണ് ജോസ് കെ. മാണി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഈ പ്രസ്താവനയിലൂടെ കെ.എം. മാണി വികാരം സൃഷ്ടിച്ച് കൂടുതല്‍ അണികളെ കൂടെ നിര്‍ത്താനാണ് പുതിയ നീക്കം. എന്നാല്‍ കെ.എം. മാണി ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിനെ അഴിമതിക്കാരനാക്കി നിയമസഭയിലുള്‍പ്പെടെ ശക്തമായ പ്രക്ഷോഭം നടത്തിയ എല്‍ഡിഎഫിനൊപ്പം ചേരുന്നത് അണികള്‍ എത്രത്തോളം ഉള്‍ക്കൊള്ളുമെന്ന ആശങ്കയും ജോസ് വിഭാഗത്തിലെ ചില നേതാക്കള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: