പത്തനാപുരം: ഉപജീവന മാര്‍ഗത്തിനായി ജീവന് തന്നെ നല്‍കേണ്ടി വന്നിട്ടും സുഗതന്റെ കുടുംബത്തോടുള്ള അധികൃതരുടെ ക്രൂരത അവസാനിക്കുന്നില്ല. 2018 ഫെബ്രുവരി 23നാണ് കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷനില്‍ നിര്‍മാണത്തിലിരുന്ന വര്‍ക്ക്ഷോപ്പില്‍ പ്രവാസിയായ പുനലൂര്‍ വാളക്കോട് സ്വദേശി സുഗതന് (64) തൂങ്ങിമരിച്ചത്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിനായി നിര്‍മിച്ച വര്‍ക്ക്ഷോപ്പില്‍ പണം ആവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ കൊടികുത്തിയതിനെ തുടര്‍ന്നാണ് സുഗതന് ജീവനൊടുക്കേണ്ടി വന്നത്. അച്ഛന്റെ മരണത്തോടെ വര്‍ക്ക്ഷോപ്പ് എന്ന സ്വപ്നം ഉപേക്ഷിച്ചതാണ് സുഗതന്റെ മക്കളായ സുജിത്തും സുനിലും.
സുഗതന്റെ മരണത്തിനു ശേഷം പ്രശ്നം പരിഹരിക്കുമെന്നും ഇനി പ്രശ്നമൊന്നും ഉണ്ടാവില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് മക്കള്‍ വീണ്ടും വര്‍ക്ക് ഷോപ്പുമായി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ പേരില്‍ കുറേ സാമ്പത്തിക ബാധ്യതയും അപമാനവും അല്ലാതെ മറ്റൊന്നും ഈ കുടുംബത്തിന് ലഭിച്ചില്ല.
പ്രവര്‍ത്തിച്ചു വരുന്ന വര്‍ക്ക്ഷോപ്പിന് ലൈസന്‍സ് നല്‍കാനാവില്ലെന്നും ഉടന്‍ പൊളിച്ച് മാറ്റണമെന്നുമാണ് വിളക്കുടി പഞ്ചായത്ത് ഭരണകൂടത്തിന്റെ അന്ത്യശാസനം. ലൈസന്‍സ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും നടക്കാതായതോടെ എട്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് നിര്‍മിച്ച ഏക ഉപജീവനമാര്‍ഗ്ഗം പൊളിച്ചു മാറ്റാനൊരുങ്ങുകയാണ് സുഗതന്റെ മക്കള്‍.
വര്‍ക്ക്ഷോപ്പിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനിടെയാണ് മനുഷ്യത്വ രഹിതമായ നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയത്. കൊറോണക്കാലമാണെന്ന പരിഗണന പോലും നല്‍കിയില്ല.
ആറ് മാസത്തേക്കുളള വസ്തുവിന്റെ കരം തുകയായ 9700 രൂപ പഞ്ചായത്ത് ഓഫീസില്‍ അടച്ച ശേഷമാണ് വൈദ്യുതിക്കാവശ്യമായ കെട്ടിട നമ്പര്‍ നല്‍കിയത്. നികുതിയിനത്തില്‍ നല്‍കാനുള്ള ഇരുപതിനായിരത്തിലധികം രൂപ അടച്ച് വര്‍ക്ക്ഷോപ്പിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ നിര്‍ത്തണമെന്നാണ് പഞ്ചായത്തിന്റെ നിര്‍ദേശം.
ഒപ്പമുണ്ടാകുമെന്ന് കരുതിയ സര്‍ക്കാരും കൈമലര്‍ത്തിയതോടെ സുഗതന്റെ കുടുംബം തീര്‍ത്തും ദുരിതത്തിലാണ്. അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ മുറിവുണങ്ങും മുന്‍പേ സ്വപ്നങ്ങള്‍ ബാക്കിയാക്കി ഏക വരുമാനമാര്‍ഗ്ഗമായ വര്‍ക്ക്ഷോപ്പ് പൊളിച്ചു മാറ്റാനൊരുങ്ങുകയാണ് സുജിത്തും സുനിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: